മെല്‍ബണ്‍ - ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന നോട്ടീസ് വിതരണം ചെയ്യാന്‍ ഒരു സ്ത്രീ ശ്രമിച്ചത് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ മിനിറ്റുകളോളം തടസ്സപ്പെടുത്തി. അലക്‌സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. സുരക്ഷാ ജീവനക്കാര്‍ ഇടപെടാന്‍ വൈകിയതോടെ കാണികളില്‍ ചിലരാണ് പ്രതിഷേധം നടത്തിയ സ്ത്രീയെ തടഞ്ഞത്. സുരക്ഷാ ഭീഷണി തോന്നിയില്ലെന്നും എന്നാല്‍ ഇടപെടല്‍ വൈകിയതില്‍ ആശങ്കയുണ്ടെന്നും ഒളിംപിക് ചാമ്പ്യന്‍ സ്വരേവ് പറഞ്ഞു. സാധാരണ അക്രഡിറ്റേഷന്‍ ഇല്ലാതെ തനിക്ക് ജിംനേഷ്യത്തില്‍ പോലും പോകാന്‍ സാധിക്കാറില്ലെന്ന് ജര്‍മന്‍കാരന്‍ ചൂണ്ടിക്കാട്ടി.
രണ്ട് കോര്‍ടുകള്‍ക്കു പുറത്തും പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ നോട്ടീസുകള്‍ വിതരണം ചെയ്തു. ഗാസയില്‍ ബോംബുകള്‍ വര്‍ഷിക്കുന്ന ശബ്ദവും അവര്‍ പുനഃസൃഷ്ടിച്ചു. സ്വരേവിന്റെ മത്സരത്തില്‍ ഫെയ്‌സ് മാസ്‌ക്കണിഞ്ഞ യുവതിയാണ് മൂന്നാം സെറ്റിലെ ആറാം ഗെയിമിനിടെ നോട്ടീസ് വലിച്ചെറിഞ്ഞത്. ഫലസ്തീനെ സ്വതന്ത്രമാക്കൂ, ഇവിടെ ടെന്നിസ് അരങ്ങേറുമ്പോള്‍ ഗാസയില്‍ ബോംബാണ് വര്‍ഷിക്കുന്നത് തുടങ്ങിയ വാചകങ്ങളായിരുന്നു നോട്ടീസില്‍. കോര്‍ട്ടിലേക്ക് വീണ നോട്ടീസുകള്‍ ബോള്‍ കിഡ്‌സ് പെറുക്കിയെടുത്ത ശേഷമാണ് കളി പുനരാരംഭിച്ചത്. സ്വരേവ് 7-5, 3-6, 6-3, 4-6, 7-6 (7-3) വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
35, 36 വയസ്സുള്ള രണ്ട് വനിതകളെ കസ്റ്റഡിയിലെടുത്ത ശേഷം കേസെടുക്കാതെ വിട്ടയച്ചുവെന്ന് പോലീസ് അറിയിച്ചു.