ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അദ്ഭുത ടീമായ ജിരോണയുടെ കുതിപ്പ് തുടരുന്നു. ഏഴ് മിനിറ്റ് ഇടവേളയില്‍ ആര്‍തെം ദോവ്ബിക് ഹാട്രിക് നേടിയതോടെ മുന്‍ യൂറോപ്പ ചാമ്പ്യന്മാരായ സെവിയയെ 5-1 ന് തകര്‍ത്ത അവര്‍ റയല്‍ മഡ്രീഡിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏറെ വിവാദമായ മത്സരത്തില്‍ റയല്‍ രണ്ട് ഗോളിന് പിന്നിലായ ശേഷം അവസാന സ്ഥാനക്കാരായ അല്‍മീരിയയെ ഇഞ്ചുറി ടൈമില്‍ 3-2 ന് തോല്‍പിച്ചിരുന്നു. ബാഴ്‌സലോണ 4-2 ന് റയല്‍ ബെറ്റിസിനെ കീഴടക്കി.
ബാഴ്‌സലോണയുള്‍പ്പെടുന്ന കാറ്റലോണിയ പ്രദേശത്തെ കൊച്ചു ടീമായ ജിരോണ് ഇത് നാലാമത്തെ തവണ മാത്രമാണ് ഫസ്റ്റ് ഡിവിഷനില്‍ പൊരുതുന്നത്. റയലിനെക്കാള്‍ ഒരു പോയന്റ് മുന്നിലാണ് അവര്‍. ഒരു കളി കൂടുതല്‍ കളിച്ചിട്ടുണ്ട്.
അല്‍മീരിയക്കെതിരെ മൂന്ന് നിര്‍ണായക വീഡിയൊ തീരുമാനങ്ങള്‍ അനുകൂലമായതിനാലാണ് റയല്‍ രക്ഷപ്പെട്ടത്. അവരുടെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടു. വിനിസിയൂസിന്റെ ഗോള്‍ ഹാന്റ്‌ബോളാണെന്ന് അവര്‍ വാദിച്ചെങ്കിലും കൈയുടെ മുകളിലാണ് തട്ടിയതെന്ന് വീഡിയൊ കണ്ട ശേഷം റഫറി തീരുമാനിച്ചു. ജൂഡ് ബെലിംഗാം സ്‌കോര്‍ ചെയ്ത പെനാല്‍ട്ടിയും സംശയാസ്പദമായിരുന്നു.
ഈ സീസണില്‍ ഒരു കളിയും ജയിക്കാത്ത അല്‍മീരിയ ഉരുക്കു കോട്ടയായ സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ റയലിനെതിരെ 2-0 ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ റയല്‍ മഡ്രീഡ് ഇഞ്ചുറി ടൈമില്‍ നാടകീയ വിജയം നേടി (3-2). ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ ഡാനി കര്‍വഹാലാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. അല്‍മീരിയ നേടിയ ഒരു ഗോള്‍ വീഡിയൊ റിവ്യൂവില്‍ കഷ്ടിച്ച് റദ്ദാക്കപ്പെട്ടു. വിനിസിയൂസ് ജൂനിയര്‍ റയലിന്റെ രണ്ടാം സമനില ഗോളടിച്ചപ്പോള്‍ 'വാര്‍' അത് ശരിവെക്കുകയും ചെയ്തു.അല്‍മീരിയ പത്തു പേരുമായാണ് കളിയവസാനിപ്പിച്ചത്.
കിക്കോഫില്‍ നിന്ന് തന്നെ അല്‍മീരിയ കരുത്തരായ എതിരാളികളെ ഞെട്ടിച്ചു. നാചോയില്‍ നിന്ന് പന്ത് തട്ടിയ റമസാനി റയല്‍ വല കുലുക്കി. 42ാം മിനിറ്റില്‍ എഡ്ഗര്‍ അല്‍മീരിയയുടെ ലീഡുയര്‍ത്തിയതോടെ ബെര്‍ണബാവു അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ആദ്യ പകുതിയില്‍ ഒരു വ്യക്തമായ അവസരം പോലും റയലിന് സൃഷ്ടിക്കാനായില്ല.
അമ്പത്തേഴാം മിനിറ്റില്‍ അല്‍മീരിയക്കെതിരെ അല്‍പം ക്രൂരമായി റഫറി വിധിച്ച പെനാല്‍ട്ടിയില്‍ നിന്ന് ജൂഡ് ബെലിംഗാമാണ് റയലിന്റെ ആദ്യ ഗോളടിച്ചത്. തൊട്ടുപിന്നാലെ അല്‍മീരിയ ഗോളടിച്ചെങ്കിലും ആ നീക്കത്തിനിടയില്‍ ബെലിംഗാം ഫൗള്‍ ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് വീഡിയൊ റഫറി ഇടപെട്ടു. അറുപത്തെട്ടാം മിനിറ്റില്‍ വിനിസിയൂസ് ഗോളടിച്ചെങ്കിലും ഹാന്റ് ബോളാണെന്ന് അല്‍മീരിയ വാദിച്ചു. എന്നാല്‍ റഫറി വീഡിയൊ പരിശോധിച്ച ശേഷം ഗോള്‍ സ്ഥിരീകരിച്ചു.