ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ രണ്ട് കളി ജയിച്ച് പ്രി ക്വാര്‍ട്ടറിലെത്തിയെങ്കിലും താളം കണ്ടെത്താനാവാതെ സൗദി അറേബ്യ. കൂടുതല്‍ ശക്തരായ എതിരാളികളെ നേരിടാനിരിക്കെ പ്രതീക്ഷകളില്‍ വെള്ളമൊഴിക്കുകയാണ് കോച്ച് റോബര്‍ടൊ മാഞ്ചീനി.
ആദ്യ കളിയില്‍ ഒമാനെ തോല്‍പിക്കാന്‍ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്ന സൗദി രണ്ടാമത്തെ കളിയില്‍ കിര്‍ഗിസ്ഥാനെ 2-0 നാണ് തോല്‍പിച്ചത്. 56ാം റാങ്കുകാരായ സൗദിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ 98ാം റാങ്കുകാരായ കിര്‍ഗിസ്ഥാന് എളുപ്പമായിരുന്നില്ല. അതോടൊപ്പം ഒമ്പതാം മിനിറ്റ് മുതല്‍ അവര്‍ പത്തു പേരുമായാണ് പൊരുതിയത്. സൗദി കളിക്കാരനു നേരെ ബൂട്ടുയര്‍ത്തിയതിന് അയ്‌സാര്‍ അഖ്‌ദോവ് ചുവപ്പ് കാര്‍ഡ് കണ്ടു. ആദ്യം മഞ്ഞക്കാര്‍ഡാണ് നല്‍കിയതെങ്കിലും വീഡിയൊ റഫറി ഇടപെട്ടു.
ആള്‍ബലം മുതലാക്കാന്‍ സൗദിക്ക് സാധിച്ചില്ല. ഫിറാസ് അല്‍ബരീകാന്‍ രണ്ട് തുറന്ന അവസരങ്ങള്‍ പാഴാക്കി. മുപ്പത്തഞ്ചാം മിനിറ്റില്‍ അബ്ദുല്‍ഇലാഹ് അല്‍മാലിക്കിന്റെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. ഭാഗ്യത്തിന് അത് കിട്ടിയത് സൗദ് അബ്ദുല്‍ഹമീദിനാണ്. ഹമീദ് ബോക്‌സിലേക്കുയര്‍ത്തിയ പന്ത് മുഹമ്മദ് കാനു വലയില്‍ കൊടുങ്കാറ്റാക്കി മാറ്റി.
52ാം മിനിറ്റില്‍ കിര്‍ഗിസ്ഥാന് ഒരാളെ കൂടി നഷ്ടപ്പെട്ടു. പരുക്കന്‍ ഫൗളിന് കിമി മെര്‍ക്കിന് മഞ്ഞക്കാര്‍ഡ് നല്‍കിയപ്പോള്‍ വീഡിയൊ റഫറി ഇടപെടുകയും പരിശോധിച്ച ശേഷം അത് ചുവപ്പാക്കി മാറ്റുകയും ചെയ്തു. എന്നിട്ടും സൗദിക്ക് രണ്ടാം ഗോളിനായി 84ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരന്‍ ഫൈസല്‍ അല്‍ഗാംദിയുടെ ഷോട്ട് ഗോളി ഇര്‍സഹാന്‍ തോകോതയേവിന് കൈയിലൊതുക്കാനായില്ല.
രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട ശേഷം എത്ര ഗോളിന് തോല്‍ക്കും എന്നതു മാത്രമായിരുന്നു ചോദ്യമെന്ന് കിര്‍ഗിസ്ഥാന്‍ കോച്ച് സ്‌റ്റെഫാന്‍ തര്‍കോവിച് പറഞ്ഞു.
ഖത്തര്‍, ഇറാന്‍, ഇറാഖ്, ഓസ്‌ട്രേലിയ ടീമുകളാണ് സൗദിക്കു പുറമെ പ്രി ക്വാര്‍ട്ടറിലെത്തിയത്. സൗദി കിരീടം നേടാനുള്ള സാധ്യത വിരളമാണെന്ന് കോച്ച് മാഞ്ചീനി ആവര്‍ത്തിച്ചു. ജപ്പാനും കൊറിയയും ഇറാനും ഓസ്‌ട്രേലിയയും റാങ്കിംഗില്‍ തങ്ങളെക്കാള്‍ ഒരുപാട് മുന്നിലാണെന്ന് കോച്ച് പറഞ്ഞു.