ആദ്യ മിനിറ്റില്‍ ഗോള്‍ വഴങ്ങി, 0-2 ന് പിന്നില്‍; റയലിന് നാടകീയ ജയം

മഡ്രീഡ് - ഉരുക്കു കോട്ടയായി സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ട റയല്‍ മഡ്രീഡ് ഇഞ്ചുറി ടൈമില്‍ നാടകീയ വിജയം നേടി. രണ്ട് ഗോളിന് പിന്നിലായ ശേഷം സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അവസാന സ്ഥാനക്കാരായ അല്‍മീരിയക്കെതിരെ അവര്‍ 3-2 ന് ജയിച്ചു. ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റില്‍ ഡാനി കര്‍വഹാലാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. അല്‍മീരിയ നേടിയ ഒരു ഗോള്‍ വീഡിയൊ റിവ്യൂവില്‍ കഷ്ടിച്ച് റദ്ദാക്കപ്പെട്ടു. വിനിസിയൂസ് ജൂനിയര്‍ റയലിന്റെ രണ്ടാം സമനില ഗോളടിച്ചപ്പോള്‍ 'വാര്‍' അത് ശരിവെക്കുകയും ചെയ്തു.  ജിരോണ പത്തു പേരുമായാണ് കളിയവസാനിപ്പിച്ചത്. 
കിക്കോഫില്‍ നിന്ന് തന്നെ അല്‍മീരിയ കരുത്തരായ എതിരാളികളെ ഞെട്ടിച്ചു. നാചോയില്‍ നിന്ന് പന്ത് തട്ടിയ റമസാനി റയല്‍ വല കുലുക്കി. 42ാം മിനിറ്റില്‍ എഡ്ഗര്‍ അല്‍മീരിയയുടെ ലീഡുയര്‍ത്തിയതോടെ ബെര്‍ണബാവു അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ആദ്യ പകുതിയില്‍ ഒരു വ്യക്തമായ അവസരം പോലും റയലിന് സൃഷ്ടിക്കാനായില്ല. 
അമ്പത്തേഴാം മിനിറ്റില്‍ അല്‍മീരിയക്കെതിരെ അല്‍പം ക്രൂരമായി റഫറി വിധിച്ച പെനാല്‍ട്ടിയില്‍ നിന്ന് ജൂഡ് ബെലിംഗാമാണ് റയലിന്റെ ആദ്യ ഗോളടിച്ചത്. തൊട്ടുപിന്നാലെ അല്‍മീരിയ ഗോളടിച്ചെങ്കിലും ആ നീക്കത്തിനിടയില്‍ ബെലിംഗാം ഫൗള്‍ ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് വീഡിയൊ റഫറി ഇടപെട്ടു. അറുപത്തെട്ടാം മിനിറ്റില്‍ വിനിസിയൂസ് ഗോളടിച്ചെങ്കിലും ഹാന്റ് ബോളാണെന്ന് അല്‍മീരിയ വാദിച്ചു. എന്നാല്‍ റഫറി വീഡിയൊ പരിശോധിച്ച ശേഷം ഗോള്‍ സ്ഥിരീകരിച്ചു. ഇതോടെ ജിരോണയെക്കാള്‍ രണ്ട് പോയന്റ് മുന്നിലെത്തി റയല്‍.

Latest News