മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്മാരായ നോവക് ജോകോവിച്ചും അരീന സബലെങ്കയും മിന്നുന്ന ഫോമില്‍. എന്നാല്‍ വനിതാ വിഭാഗത്തില്‍ ആദ്യ 10 സീഡില്‍ ലോക ഒന്നാം നമ്പര്‍ ഈഗ ഷ്വിയോന്‍ടെക് ഉള്‍പ്പെടെ ഏഴു പേരും ക്വാര്‍ട്ടറിന് മുമ്പെ പുറത്തായി.
ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ സെറ്റ് വീതം കൈവിട്ട നോവക് ജോകോവിച് പ്രി ക്വാര്‍ട്ടറില്‍ അഡ്രിയന്‍ മനാരിനോക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു (6-0, 6-0, 6-3). സബലെങ്ക അമാന്‍ഡ അനിസിമോവയെ 6-3, 6-2 ന് തകര്‍ത്തു. കൗമാര താരങ്ങളായ മിറ ആന്‍ഡ്രീവ, മരിയ തിമോഫീവ എന്നിവരുടെ കുതുപ്പ് പ്രി ക്വാര്‍ട്ടറില്‍ അവസാനിച്ചു.
പന്ത്രണ്ടാം സീഡ് ടയ്‌ലര്‍ ഫ്രിറ്റ്‌സുമായാണ് നോവക് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. നിലവിലെ റണ്ണര്‍അപ് സ്റ്റെഫനോസ് സിറ്റ്‌സിപാസിനെയാണ് ഫ്രിറ്റ്‌സ് നാലു സെറ്റില്‍ മറികടന്നത്. സ്‌കോര്‍: 7-6 (7/3), 5-7, 6-3, 6-3.
ആതിഥേയ പ്രതീക്ഷയായ അലക്‌സ് ഡി മിനോര്‍ അഞ്ചാം സീഡ് ആന്ദ്രെ റൂബലേവിനോട് മാരത്തണ്‍ പോരാട്ടത്തില്‍ 6-4, 6-7 (5/7), 6-7 (4/7), 6-3, 6-0 ന് തോറ്റു. യു.എസ് ഓപണ്‍ വനിതാ ചാമ്പ്യന്‍ കോക്കൊ ഗഫ് 6-1, 6-2 ന് മഗ്ദലീന ഫ്രഷിനെ കശക്കിവിട്ടു. തിമോഫീവയെ ഉക്രൈന്റെ മാര്‍ത്ത കോസ്റ്റിയൂക്കാണ് തോല്‍പിച്ചത്. പതിനാറുകാരി മിറ ആന്ദ്രീവയെ ഒമ്പതാം സീഡ് ബാര്‍ബോറ ക്രയ്‌സികോവ മൂന്നു സെറ്റില്‍ തോല്‍പിച്ചു






