Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇല കൊഴിഞ്ഞ ഒറ്റമരം

മുമ്പത്തെ താമസക്കാർ ഒഴിഞ്ഞുപോയ വീട്. ഓട്ടിൻപുറത്തും മുറ്റത്തും പരിസരമാകെയും കൊഴിഞ്ഞ ഇലകളും മാറാലയും ജീർണതയും. എഴുത്തുമേശയിലെ നോട്ട്ബുക്കിൽ മിഴി നട്ടിരിക്കുന്ന യുവാവ്. അവ്യക്തമായ വരികൾ. അവസാന വരികളിലെത്തുമ്പോഴേക്കും ശാരദയുടെ ശബ്ദം അശരീരിയായി കേൾക്കാം.
- പ്രിയപ്പെട്ടവനേ നിന്നെ ഞാൻ സ്നേഹിക്കുന്നു. ജീവിതം പോലെ അഭികാമ്യമെനിക്ക് നീ, മരണം പോലെ ആകർഷകം. വിദൂര പർവതരേഖ പോലെ അപ്രാപ്യമെനിക്ക് നീ, സാന്ധ്യാമേഘം പോലെ നിറം പകർന്നവൻ. അറിയാൻ കഴിയാത്തവനേ, സ്വന്തമാക്കാൻ കഴിയാത്തവനേ നിന്നെ ഞാൻ സ്നേഹിക്കുന്നു.
മലയാള കഥാസാഹിത്യത്തെ വസന്തദീപ്തമാക്കിയ രാജലക്ഷ്മിയുടെ പ്രസിദ്ധമായ കഥയാണ് 'മകൾ'. ഈ കഥയെ അടിസ്ഥാനമാക്കി സേതുമാധവൻ മച്ചാട് നിർമിച്ച ടെലിഫിലിമിൽ രാജലക്ഷ്മിയുടെ നായികയായ ശാരദയുടെ ഈ സംഭാഷണമാണ് മുകളിൽ ചേർത്തത്.
പൊടുന്നനെ അസ്തമിച്ചുപോയ രാജല്ക്ഷ്മിയുടെ സംഘർഷം നിറഞ്ഞ മനോഗതങ്ങൾ തന്നെയാകണം, ശാരദയിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്. മുപ്പത്തഞ്ചാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ച പ്രതിഭാധനയായ, അതേ സമയം സ്വയം ഉൾവലിഞ്ഞ ഈ എഴുത്തുകാരിയുടെ അന്തർഹിതങ്ങളിലേക്ക് പ്രകാശം വീശുന്ന ടെലിഫിലിമാണിത്.
രാജലക്ഷ്മി കൂടുതൽ എഴുതിയിട്ടില്ല. എന്നാൽ എഴുതിയ ചുരുക്കം കഥകളാകട്ടെ, ഏറെ ശ്രദ്ധേയവുമായി. ഇലച്ചാർത്തുകളിലെ തുഷാരഭംഗി പോലെയുള്ള നല്ല രചനകൾ. കാറ്റ് തലോടിയ ഇല്ലിക്കാടുകളുമായി നീണ്ടു നിവർന്നൊഴുകിയ നിളയുടെ പുളിനങ്ങളിൽ ഒറ്റപ്പാലം പാലപ്പുറത്തെ എൻ.എസ്.എസ് കോളേജും പരിസരവും. അശരീരിയായി വന്നുവീണ എഴുത്തിന്റെ നിഴൽ പരന്ന വിഷാദം ഇപ്പോഴും അവിടെ ഘനസാന്ദ്രമായി നിൽപുണ്ടാവണം. അറുപതുകളിൽ ഈ കലാലയത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മിറർ മാസികയുടെ ചില ലക്കങ്ങളിൽ രാജലക്ഷ്മിയുടെ ഹൃദയം തൊട്ട കുറിപ്പുകളും കവിതകളും വെളിച്ചം കണ്ടിരുന്നതായി പഴയ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഇവയിൽ ഡാർക് നൈറ്റ്, കുമിളകൾ എന്നിവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പാലപ്പുറം കോളേജ് പരിസരത്തെ കൊടിത്തുവ്വയും ഒടിച്ചുകുത്തികളും പടർന്നു നിന്ന പറമ്പിലെ കൊച്ചു വാടക വീടിന്റെ ഏകാന്തതയിലിരുന്ന് സർഗ സൃഷ്ടിയിലേർപ്പെട്ട കോളേജധ്യാപികയുടെ ആത്മാലാപം ഇന്നും അവിടങ്ങളിൽ  ഒരു പക്ഷേ നിശ്ശബ്ദമായി മുഴങ്ങുന്നുണ്ടാവാം.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും 1953 ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജുകളിൽ ഫിസിക്‌സ് അധ്യാപികയായി ജോലി ചെയ്തു.
1956 ൽ 'മകൾ' മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിച്ച് വന്നതോടെയാണ് രാജലക്ഷ്മി എന്ന പേര് മലയാള സാഹിത്യ ലോകത്തിന് സുപരിചിതമായത്. 'മകൾ' ഒരു നീണ്ട കഥയാണ്. സ്വാതന്ത്ര്യ സമരാനന്തരമുള്ള കേരളീയ ജീവിതത്തിന്റെ സാമൂഹിക സ്പന്ദനമാണ് അതിൽ നിറയുന്നത്. അച്ഛന്റെ മരണാനന്തരം കഥയിലെ നായിക ശാരദ മനോനില തെറ്റി പിന്നീടെപ്പോഴോ വിമോചന സമരക്കാരുടെ കൂടെ വീടും നാടുമുപേക്ഷിച്ച് ഓടിപ്പോകുന്നതാണ് ഈ കഥയുടെ പര്യവസാനം. കഥാന്ത്യത്തിലെ മകളുടെ പലായനം തികച്ചും ആത്മഹത്യാപരമായൊരു തീരുമാനമായിട്ടാണ് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടത്. 1965 ജനുവരി പതിനെട്ടിന് സാരിത്തുമ്പിൽ ജീവനൊടുക്കിയ രാജലക്ഷ്മിയെന്ന കഥാകാരിയെ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ വ്യഗ്രത അന്ന് തൊട്ടേ വേട്ടയാടിയിരുന്നുവോ എന്നറിയില്ല.
ലളിതാംബിക അന്തർജനം, പാൽക്കുളങ്ങര സരസ്വതിയമ്മ എന്നീ രണ്ട് സ്ത്രീ കഥാകാരികൾ മാത്രമായിരുന്നു രാജലക്ഷ്മി എഴുതിത്തെളിഞ്ഞു വരുന്ന അമ്പതുകളിൽ മലയാളത്തിൽ ഉണ്ടായിരുന്നത്. അവർക്കിടയിലേക്കാണ് രാജലക്ഷ്മി എന്ന കഥാകാരി വന്നത്.
ആദ്യ നോവലായ 'ഒരു വഴിയും കുറേ നിഴലുകളും' 1960 ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 'ഞാനെന്ന ഭാവം' എന്ന രണ്ടാമത്തെ നോവലും ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചു. വള്ളുവനാട്ടിലെ തകരുന്ന നായർ തറവാടുകളെ പശ്ചാത്തലമാക്കിയുള്ള സാമ്പ്രദായിക രചനകളിൽ നിന്ന് വിമോചിതയായി പൊതുവെ പെൺപക്ഷ രചനകളായി  രാജലക്ഷ്മിയുടെ നോവലുകളെ വിലയിരുത്താം. തകരുന്ന തറവാടുകളിൽ നിന്ന് പുറത്തു ചാടി പുറംലോകം തേടാൻ ശ്രമിച്ചവരായിരുന്നു എം.ടിയുടെ നായക കഥാപാത്രങ്ങളെങ്കിൽ ആ തറവാടുകളിലെ ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന സ്ത്രീകളായിരുന്നു രാജലക്ഷ്മിയുടെ പ്രധാന കഥാപാത്രങ്ങൾ. ആത്മകഥാംശം അടങ്ങുന്നവയാണ് നോവലുകളെല്ലാം എന്ന വിമർശനമുയർന്നതോടെ രാജലക്ഷ്മി പലരുടേയും കണ്ണിലെ കരടായി. ഒറ്റപ്പാലം എൻ.എസ്.എസ് കോ ളേജിൽ ഫിസിക്സ് അധ്യാപികയായിരുന്നു അക്കാലത്ത് രാജലക്ഷ്മി.
'ഉച്ചവെയിലും ഇളംനിലാവും' എന്ന നോവൽ അക്കാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണത്തിൽ തുടർച്ചയായി അച്ചടിച്ചു വരികയായിരുന്നു. രാജലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള പലരുടേയും പ്രതിഛായകൾ കഥാപാത്രങ്ങളിലൂടെ കടന്നു വന്നു. വാരികയുടെ ഓഫീസിൽ നിന്ന് നോവലിന്റെ െൈകയ്യഴുത്തു പ്രതി തിരിച്ചു വാങ്ങിച്ച് എഴുത്തുകാരി അത് കത്തിച്ചു കളഞ്ഞു. അതിനകം ഏറെ ആസ്വാദക ശ്രദ്ധ നേടിയിരുന്ന നോവൽ പാതിവഴിയിൽ അവസാനിച്ചത് അക്കാലത്തെ വലിയ ചർച്ചയായിരുന്നു. കുടുംബക്കാരെ ഇകഴ്ത്തി ഇല്ലാക്കഥകളുണ്ടാക്കി വിറ്റു കാശാക്കുകയാണ് രാജലക്ഷ്മി ചെയ്യുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ് നോവൽ പിൻവലിക്കുന്നതിലേക്ക് അവരെ നയിച്ചത്. മാറ്റിയെഴുതാനാണെന്നു പറഞ്ഞ് തിരികെ വാങ്ങിയ ആ നോവലിന്റെ കൈയെഴുത്തു പ്രതി പിന്നീട് രാജലക്ഷ്മി കത്തിച്ചു കളയുകയാണുണ്ടായത്. നോവലിന്റെ ഒരു പകർപ്പ് എഴുതി സൂക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പിന്നീട് എൻ.വി. കൃഷ്ണവാര്യർ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
പിന്നീട് രണ്ടു വർഷക്കാലം എഴുത്തിൽ നിന്നെല്ലാം വിട്ടു നിന്ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്ന രാജലക്ഷ്മിയെയാണ് കണ്ടത്. അവർക്കതിന് കഴിയില്ലായിരുന്നു. എഴുത്ത് ഉപേക്ഷിക്കാനെടുത്ത തീരുമാനമാണ് പിന്നീടുള്ള ദിവസങ്ങളിൽ അവരെ വേട്ടയാടിയത്. ഒടുവിൽ സാരിത്തുമ്പിൽ ആ മാനസിക സംഘർഷം അവസാനിച്ചു. സ്വയം ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞിട്ടും വിവാദങ്ങൾ കഥാകാരിയെ വിടാതെ പിന്തുടർന്നു. രാജലക്ഷ്മി എഴുതിയ കഥകളെപ്പോലെ മരണത്തെച്ചൊല്ലിയും കൽപിത കഥകളുണ്ടായി. അവരുടെ ഭാഗ്യമാകാം, ഉണ്ണിക്കൃഷ്ണൻ പുതൂരിനെ പോലെയുള്ളവരുടെ ചില വിവാദപരമായ, സത്യത്തോട് നീതി പുലർത്താത്ത പ്രസ്താവങ്ങൾ കേൾക്കാൻ അവർ ഈ ലോകത്തില്ലാതെ പോയി.
ഇളംനിലാവ് പോലെ അവിചാരിതമായി ഇരുളിലേക്ക് ചാഞ്ഞുപോയ ഈ എഴുത്തുകാരിയെ ഓർക്കാൻ വള്ളുവനാടൻ ഭൂമികയിലെവിടെയെങ്കിലുമൊരു ഉന്നത നിലവാരം പുലർത്തുന്ന സാംസ്‌കാരിക സ്ഥാപനം ഉണ്ടായില്ല എന്നത് തീർത്തും ഖേദകരമാണ്.
 

Latest News