വടക്കുനോക്കി യന്ത്രമെന്ന മലയാള സിനിമ കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ ഹിറ്റായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതിന്റെ റീമേക്കുമുണ്ടായി. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശനെന്ന കഥാപാത്രം ഭാര്യ ശോഭയെ (പാർവതി) ഇംപ്രസ് ചെയ്യാൻ പല പൊടിക്കൈകളും പ്രയോഗിക്കുന്നുണ്ട്. സൂത്രം പറഞ്ഞു കൊടുക്കുന്നത് ശങ്കരാടി. അതിലേറ്റവും രസകരമായിട്ടുള്ളത് മംഗളം വാരികയുടെ പഴയ ലക്കങ്ങളിൽ വന്ന തമാശകൾ പറഞ്ഞു ചിരിപ്പിക്കുന്നതാണ്. അങ്ങനെയാണ് ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിലെന്ന വിറ്റൊക്കെ ഇത്രയും പ്രചാരത്തിലായത്. ഇക്കാര്യം ഓർത്തു പോകാൻ കാര്യം ഒരു ഡേറ്റിംഗ് ആപ് സ്ത്രീകളെ ആകർഷിക്കാൻ പുരുഷന്മാർക്ക് വേണ്ട യോഗ്യതയെ കുറിച്ചുള്ള റിപ്പോർട്ട് വായിച്ചപ്പോഴാണ്.
സത്രീകളെയും പുരുഷൻമാരെയും പരസ്പരം ആകർഷിക്കുന്ന പ്രധാന ഘടകം എന്താണ്? ജോലിയും വരുമാനവും ഒരു ഘടകമാണെങ്കിലും പ്രധാനം മറ്റൊന്നാണ്. പ്രമുഖ ഡേറ്റിംഗ് ആപ് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സർവേ പ്രകാരം ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയും വികാരങ്ങൾ പ്രകടിപ്പിക്കാനും പക്വതയാർന്ന സമീപനവുമാണ് ആധുനിക കാലത്തെ സ്ത്രീകളെ പുരുഷനിലേക്ക് ആകർഷിക്കുന്നത്. നല്ല നർമബോധം, ആത്മവിശ്വാസം, ബുദ്ധിശക്തി തുടങ്ങിയ ഗുണങ്ങൾ പുരുഷന്മാരിൽ പ്രധാന ഘടകമാണ്. സ്ത്രീകൾ റൊമാന്റിക്കായ പുരുഷൻമാരെ ഇഷ്ടപ്പെടുന്നുവെന്നും കണ്ടെത്തി. പ്രണയാർദ്രമായി സംസാരിക്കുക, പെരുമാറുക. പ്രണയ സമ്മാനങ്ങൾ നൽകുക എന്നിവ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു. പ്രണയം പുറത്ത് കാണിക്കാത്തവരേക്കാൾ റൊമാന്റിക്കായവരെയാകും സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുക. മിക്ക സ്ത്രീകളും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അവരെ അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യുന്ന പുരുഷനിലേക്ക് ആകർഷിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നയിക്കാനുള്ള കഴിവ് പക്വതയുടെ സൂചനയാണ്.
എല്ലാവർക്കും അറിയാവുന്നതുപോലെ, എല്ലാ ബന്ധങ്ങളുടെയും താക്കോലാണ് ആശയവിനിമയം.
ബന്ധങ്ങൾ എപ്പോഴും ഗൗരവമായി എടുക്കരുത്. ഒരു സ്ത്രീയെ ആകർഷിക്കാൻ, ഒരു പുരുഷൻ ഒരു ജിം ഭ്രാന്തനോ സിക്‌സ്-പാക്കോ ആയിരിക്കണമെന്നില്ല. എങ്കിലും തങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുന്ന പുരുഷനെ സ്ത്രീകൾ ഇഷ്ടപ്പെടുന്നു. ഇവർ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നു. മോശം ശീലങ്ങളിൽ നിന്ന് എങ്ങനെ അകന്നു നിൽക്കാമെന്നും ബോധവാന്മാരാണ്. ഇണയെ കണ്ടെത്തുന്നതിന് ഫിറ്റിനസിന് കാര്യമായൊന്നും ചെയ്യാനില്ല. എന്നാൽ ഒരു പോസിറ്റിവ് വീക്ഷണം സംതൃപ്തമായ ജീവിതം നയിക്കാനും കൂടുതൽ ആത്മവിശ്വാസം നേടാനും സഹായിക്കും. മിക്ക സ്ത്രീകളും അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വഭാവങ്ങളിലൊന്ന് എളിമയാണ്. തുറന്ന സംസാരം, സഹാനുഭൂതി, സത്യസന്ധത എന്നിവ എളിമക്കൊപ്പം എപ്പോഴും നിരീക്ഷിക്കപ്പെടുന്ന സ്വഭാവങ്ങളാണ്. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു മനുഷ്യൻ ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവനുമാണ്.
*** *** ***
നിധിയുണ്ടെന്ന വിശ്വാസത്തിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ കുഴിച്ച 130 അടി ആഴത്തിലുള്ള ഭീമൻ കുഴിയിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിലെ മിനാസ് ജെറൈസ് സ്‌റ്റേറ്റിലായിരുന്നു സംഭവം.
ജോവോ പിമെന്റ എന്ന വൃദ്ധനാണ് ദാരുണാന്ത്യം. ഈ മാസം 5 നായിരുന്നു ജോവോ മരിച്ചതെന്നാണ് റിപ്പോർട്ട്. 12 നില കെട്ടിടത്തോളം ഉയരമുള്ള കുഴിയിലേക്ക് പതിച്ച അദ്ദേഹത്തെ ഗുരുതര പരിക്കേറ്റ് ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ജോലികൾക്കിടെ കുഴിയുടെ മുകൾഭാഗത്തുള്ള ഒരു തടി പ്ലാറ്റ്ഫോമിൽ നിന്ന് തെന്നി താഴേക്ക് വീണ ജോവോയെ കൂടെയുണ്ടായിരുന്ന ജോലിക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സ്വപ്നത്തിൽ ഒരു ആത്മാവാണത്രേ അടുക്കളയ്ക്ക് താഴെ സ്വർണമുണ്ടെന്ന കാര്യം ജോവോയോട് പറഞ്ഞത്. ഇതു വിശ്വസിച്ച് ഇയാൾ ഖനന പ്രവൃത്തികൾ നടത്തിവരികയായിരുന്നു. കുഴിയിലേക്ക് ഇറങ്ങുന്നതിനിടെ ജോവോ ബാലൻസ് തെറ്റി വീഴുകയായിരുന്നു. ഒരു വർഷം മുമ്പാണ് കുഴിയെടുക്കാൻ തുടങ്ങിയത്. ജോവോയെ ശ്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായി അയൽക്കാരൻ അർണാൾഡോ ഡ സിൽവ പറഞ്ഞു. അയൽക്കാർ ഉപദേശിച്ചെങ്കിലും സ്വർണം ലഭിക്കുമെന്ന് ജോവോ അടിയുറച്ചു വിശ്വസിച്ചിരുന്നെന്നും ആരെയും വക വെച്ചിരുന്നില്ലെന്നും അർണാൾഡോ പറയുന്നു. ആഴത്തിൽ കുഴിയെടുക്കാൻ ജോവോ പണം നൽകി പണിക്കാരെയും നിയമിച്ചിരുന്നു. കുഴിയുടെ ആഴം കൂടുന്നതിനനുസരിച്ച് അദ്ദേഹം കൂലിയുടെ നിരക്കും വർധിപ്പിച്ചു. കുഴിയിലെ ഖനനം 130 അടിയിലെത്തിയപ്പോൾ തടസ്സമായി കണ്ടെത്തിയ ഒരു വലിയ പാറ പൊട്ടിക്കാൻ ഡൈനാമൈറ്റ് അടക്കം പ്രയോഗിക്കുന്നതിനെ പറ്റിയുള്ള ആലോചനയിലായിരുന്നു ജോവോ.
ഒരു തൊഴിലാളിക്ക് ഒരു ദിവസം 70 ബ്രസീലിയൻ റിയാലാണ് ജോവോ ആദ്യം കൂലി നൽകിയിരുന്നത്. എന്നാൽ കുഴിയുടെ ആഴം കൂടുന്തോറും കൂലിയും ഉയർത്തി. കുഴിയിൽ പ്രവേശിച്ച് മണ്ണ് നീക്കം ചെയ്യാൻ സഹായിച്ചവർക്ക് അദ്ദേഹം 495 ബ്രസീലിയൻ റിയാൽ നൽകി.
*** *** ***
കേരളത്തിൽ പുതിയ ഗതാഗത മന്ത്രി ഗണേഷ് കുമാർ പല പരിഷ്‌കാരങ്ങളും നടപ്പാക്കാനുള്ള തിരക്കിലാണ്. ഇതിൽ തിരുവനന്തപുരം നഗരത്തിലെ ചെറിയ ഇലക്ട്രിക് ബസുകളുടെ കാര്യത്തിലാണ് ഇപ്പോൾ ലോക്ക് വീണത്. പത്ത് രൂപ നിരക്കിൽ അങ്ങനെ ബസ് ഓടേണ്ട കാര്യമില്ലെന്ന് മന്ത്രി. വാസ്തവത്തിൽ ഇത് തലസ്ഥാനത്തെത്തുന്നവർക്കും നഗരവാസികൾക്കും ഏറെ പ്രയോജനപ്പെട്ട ഒന്നാണ്. കിഴക്കേകോട്ടയിൽ നിന്നോ, തമ്പാനൂരിൽ നിന്നോ കയറി പല ഊടുവഴികളിലൂടെയും കിലോ മീറ്ററുകൾ താണ്ടി മെഡിക്കൽ കോേളജിലോ, ശാസ്തമംഗലത്തോ പോകാൻ പത്ത് രൂപ. ബസുകൾ കടന്നു വരാത്ത വഞ്ചിയൂർ പോലുള്ള സ്ഥലങ്ങൾ ഏറെ കാലത്തിനിടയ്ക്ക് നേരിൽ കണ്ടത് ഇതിൽ യാത്ര ചെയ്തപ്പോഴാണ്. ഈ ബസുകളെ അടുത്ത ദിവസം തലശ്ശേരിയിലേക്ക് നാടുകടത്താനുള്ള ശ്രമത്തിലായിരുന്നു മന്ത്രി. സ്പീക്കറുടെയും മുഖ്യന്റെയും നാട്ടിൽ ഇത് ഉപയോഗിച്ച് ടൂറിസം വളർത്തും. പഷ്ട്. ഈ പരിപാടിയുടെ വാർത്ത കേട്ടപ്പോൾ ആദ്യമോർത്തത് എറണാകുളത്ത് തേവര യാർഡിൽ അന്ത്യവിശ്രമം കൊള്ളുന്ന വോൾവോ ജെൻറോം ബസുകളെയാണ്. കേരളത്തിന്റെ ഗതാഗത മന്ത്രി ഇലക്ട്രിക് മിനി ബസുകളുടെ സേവനം കോഴിക്കോട്, കൊച്ചി പോലുള്ള നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കുകയാണ് വേണ്ടത്. കോഴിക്കോട്ട് സാധാരണക്കാർക്ക് ബസിൽ എത്തിപ്പെടാൻ പറ്റാത്ത എത്രയോ സ്ഥലങ്ങളുണ്ട്. മലബാറിലുള്ളവരും നികുതിപ്പണം നൽകുന്നുണ്ടല്ലോ. ഇതേ മന്ത്രി ഒരു മഹാ കണ്ടെത്തൽ പോലെ പറഞ്ഞത് തിരുവിതാംകൂറിൽ നിന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ അത്ര തന്നെ സുപരിചിതമല്ലാത്ത ഗ്രാമങ്ങളെ ഡെസ്റ്റിനേഷനാക്കി സർവീസ് നടത്തുന്ന ബസുകൾ നിർത്തുമെന്നാണ്. കിളിക്കൊല്ലൂർ, ചന്ദനക്കാംപാറ സർവീസുകൾ മൂപ്പർക്ക് ദഹിക്കുന്നില്ല. ഇതൊക്കെ അർധരാത്രി നേരത്ത് എത്രയോ കാലമായി സർവീസ് നടത്തുന്നു. പൊതുമേഖല സ്ഥാപനത്തിന്റെ സേവന മുഖം വ്യക്തമായ ബസുകളാണ് ഇതെല്ലാം. രസമതൊന്നുമല്ല, തെന്നിന്ത്യയിലെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും കോയമ്പത്തൂരും. ബംഗളൂരു മെജസ്റ്റിക് സ്റ്റാന്റിലും കോയമ്പത്തൂർ ഗാന്ധിപുരം സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസുകൾ കൊട്ടാരക്കര ബോർഡും വെച്ച് ഏതോ കാലം മുതൽ കാണുന്നതാണ്. മന്ത്രിയുടെ നാടെന്നതിൽ കവിഞ്ഞ് എന്ത് പ്രാധാന്യമാണ് ഈ സ്ഥലത്തിനുള്ളത്? ഇതൊരു ജില്ലാ തലസ്ഥാനമല്ല, കോർപറേഷൻ പോയിട്ട് മുനിസിപ്പാലിറ്റി പോലുമല്ല. വെറുമൊരു പഞ്ചായത്തിലേക്കാണ് ഇന്ത്യയുടെ ഐടി തലസ്ഥാനമായ മെട്രോ നഗരമായ ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്നത്.
മന്ത്രി വേറെയും പരിഷ്‌കാരങ്ങൾ നടപ്പാക്കി വരികയാണ്. ഒരു ആർ,ടി ഓഫീസിൽ നിന്ന് ഒരു ദിവസം 20 ലധികം ലൈസൻസ് അനുവദിക്കരുതെന്ന് ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ലൈസൻസ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങൾ വരുത്തും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ലേക്ക് ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു. 30 ചോദ്യ ങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസാകുകയുള്ളൂ.
വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രായോഗിക പരീക്ഷയിൽ കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. സ്ത്രീകളോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടർന്ന് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വെയ്ക്കാനും തീരുമാനമായിട്ടുണ്ട്. ലൈസൻസിനായുള്ള പ്രായോഗിക പരീക്ഷയിൽ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്‌സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്‌സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണം. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
*** *** ***
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ നടി മെറിന മൈക്കിൾ ഇറങ്ങിപ്പോയത് വാർത്തയായിരുന്നു. നടൻ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിനിടെയായിരുന്നു സംഭവം. നമസ്‌കാരം, വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ റിലേറ്റ് ചെയ്തിട്ടു കൊടുത്ത ഒരു അഭിമുഖം ഓൺ എയർ വന്നതിന് ശേഷം ഒരുപാട് കോളുകളൊക്കെ വന്നിരുന്നു. ഇതിനോടനുബന്ധിച്ച് എന്താണ് സംഭവമെന്നറിയാൻ അഭിമുഖത്തിനും മറ്റുമായി ആളുകൾ വിളിക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്. മിക്ക ആളുകൾക്കും തോന്നിയിരിക്കുന്നത് ഇതൊരു സ്‌ക്രിപ്റ്റഡ് ആയിട്ടുള്ള വേർഷനാണെന്നാണ്.
ഇതൊരിക്കലും സ്‌ക്രിപ്റ്റഡായിട്ടുള്ള അഭിമുഖമല്ല. എനിക്കുണ്ടായ അനുഭവം അല്ലെങ്കിൽ പ്രശ്‌നം സംസാരിച്ചതാണ് വീഡിയോയിൽ. എനിക്ക് ഒരുപാട് വിഷമമായിട്ട്, അല്ലെങ്കിൽ പ്രതികരിക്കാൻ പറ്റാതെ ഇറങ്ങിപ്പോയ അവസ്ഥയിൽ ചെയ്ത അഭിമുഖമാണത്. നിങ്ങൾക്കത് കണ്ടാൽ മനസ്സിലാകും. ആണുങ്ങൾക്കെതിരെ പറഞ്ഞെന്നും ഇവൾ ഫെമിനിസ്റ്റാണെന്നുമൊക്കെയാണ് സംസാരിക്കുന്നത്.
ഞാൻ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈനിനെ പോലും അല്ല ഞാൻ പറഞ്ഞത്. ചില ആളുകൾ, ആ ചില ആളുകൾ എന്ന് പറയുന്ന വിഭാഗത്തിൽ വരുന്നത് ആണുങ്ങളായതുകൊണ്ട് ആണുങ്ങൾ എന്ന് പറഞ്ഞെന്നേയുള്ളൂ. അത് പേഴ്‌സണലി ഏതെങ്കിലും ആർട്ടിസ്റ്റുകൾക്കോ, അല്ലെങ്കിൽ നിങ്ങൾക്കാർക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു. എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളിൽ ഒന്നോ രണ്ടോ അനുഭവങ്ങൾ ഇതാണെന്ന് പറഞ്ഞതാണ്. പറയാൻ വന്ന വിഷയം എനിക്ക് അന്ന് പൂർത്തിയാക്കാൻ സാധിച്ചില്ല. ഞാൻ പറഞ്ഞുവന്ന കാര്യം ഇതാണ്, ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമ ചെയ്യുകയായിരുന്നു. ആ സിനിമയിൽ രണ്ട് മെയിൽ ആർട്ടിസ്റ്റുകളുണ്ടായിരുന്നു.
എനിക്കന്ന് പിരിയഡ്‌സായിരുന്നു. ആ സമയത്ത് സ്വാഭാവികമായിട്ടും ഒരു റൂമുണ്ടായാൽ പോലും നല്ലൊരു ബാത്ത്‌റൂം വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ. വേണമല്ലോ. കാരണം ഫിസിക്കലി നമുക്ക് അത്രയ്ക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. ആദ്യത്തെ ദിവസം പ്രോപ്പർ ബാത്ത്‌റൂം പോലുമില്ലാത്ത റൂമാണ് അവർ എനിക്ക് തന്നത്.
പക്ഷേ മെയിൽ ആയിട്ടുള്ള ലീഡ് ആർട്ടിസ്റ്റുകളായിട്ടുള്ള രണ്ട് പേർക്ക് അവർ കാരവൻ കൊടുത്തിട്ടുണ്ട്. ഈ സുഹൃത്തുക്കളായിട്ടുള്ള ആളുകളോട് ബാത്ത്‌റൂമിനെക്കുറിച്ച് പറഞ്ഞപ്പോൾ വളരെ നല്ല രീതിയിൽ, അവർക്ക് മനസ്സലിവുള്ളവരായതിനാൽ വേണമെങ്കിൽ കാരവൻ ഉപയോഗിച്ചോ എന്ന് പറഞ്ഞു. പക്ഷേ അവർക്ക് നൽകിയത് ആയതിനാൽ ഞാൻ കംഫർട്ടബിൾ ആയില്ല. അതൊരു ഇൻസിഡന്റാണ്. ഈ വ്യക്തികൾ എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. അവരുടെ പേരുകൾ പറയുകയാണെങ്കിൽ പോലും ആ സിറ്റുവേഷനിൽ നെഗറ്റിവായിരിക്കുമെന്നെനിക്ക് തോന്നി.
വിവേകാനന്ദൻ വൈറലാണെന്ന സെറ്റിൽ, ഷാൻ തന്നെ അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ അഖിലിനെ വിളിച്ച് ചോദിച്ചു, ഇവർക്ക് നല്ല കാരവാൻ കൊടുത്തിട്ടില്ലേന്ന്. ബാക്കിയുള്ള താരങ്ങൾക്ക് നല്ലൊരു കാരവാൻ നൽകിയില്ലേയെന്ന് ചോദിക്കേണ്ട സിറ്റുവേഷൻ എന്നു പറഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാകും. എപ്പോഴും സേഫും സുരക്ഷിതയുമായിരിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. ഈ സിനിമയിൽ അവർ അക്കൊമഡേഷൻ തന്നത് ബാർ ഹോട്ടലിലാണ്. ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ നിറച്ചും കള്ള് കുടിച്ച ആളുകളാണ് ഹോട്ടലിന് താഴെ. അസിസ്റ്റന്റ് വേറെ ഹോട്ടലിലാണ് സ്റ്റേ ചെയ്യുന്നത്. ഞാൻ ഓടി അകത്ത് കയറും. ഞാൻ പിന്നെ പുറത്തിറങ്ങില്ല. ഭക്ഷണം പുറത്തുനിന്ന് ഓർഡർ ചെയ്ത് കഴിക്കണമെങ്കിൽ താഴെ പോയി വാങ്ങാൻ പേടിയാണ്. ഞാൻ കംഫർട്ടബിൾ അല്ല. ഹോട്ടൽ മാറ്റിത്തരുമോയെന്ന് അവരോട് ചോദിച്ചു. രണ്ട് ദിവസം സംസാരിച്ചു. ബ്രേക്കിന് കൊച്ചിയിൽ വന്ന് തിരിച്ച് പോയപ്പോഴും ഹോട്ടലില്ല. അവസാനം ഞാൻ തന്നെ ഹോട്ടലിൽ വിളിച്ച് സംസാരിച്ചു.
എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ചോദിച്ച് വാങ്ങണമായിരുന്നുവെന്ന് അവർ പറയില്ലേ. ഞാൻ തന്നെ ചോദിച്ച് വാങ്ങണമെന്ന ഗതികേടിനെപ്പറ്റിയാണ് ഞാൻ പറയുന്നത്. അല്ലാതെ അണുങ്ങൾ ഇങ്ങനെ പെരുമാറിയെന്നൊന്നുമല്ല. എന്നെ നല്ല രീതിയിൽ ട്രീറ്റ് ചെയ്ത ഒത്തിരി പേർ സിനിമയിലുണ്ട്.
നമ്മൾ എന്തെങ്കിലും പറയുമ്പോൾ ഫെമിനിസ്റ്റായതുകൊണ്ട് സംസാരിക്കുന്നെന്നല്ല.
ഗതികേടു കൊണ്ടാണ്. കാര്യങ്ങൾ പറയുന്നത് കേൾക്കാൻ പോലും ആൾക്കാരില്ലെന്ന് തോന്നുമ്പോൾ എഴുന്നേറ്റ് പോകാതെ നിവൃത്തിയില്ല. എട്ട് വർഷത്തോളമായി ഈ ഇൻടസ്ട്രിയിൽ. തോൽക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് എനിക്ക് മുന്നോട്ടു കൊണ്ടുപോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന ഒത്തിരി പേരുണ്ട് എന്റെ വീട്ടിൽ. എന്റെ അപ്പൻ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല -സങ്കടത്തോടെ മെറിന കാര്യങ്ങൾ വിശദീകരിച്ചു.
*** *** ***
ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം തമാശയായി തോന്നിയെന്ന് നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. കേട്ടിട്ടുളളതിൽ വെച്ച് ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക കൂട്ടിച്ചേർത്തു. താൻ വിവാഹിതയാകാൻ പോകുകയാണെന്ന നിരവധി കിംവദന്തികൾ സ്ഥിരമായി പ്രചരിക്കാറുണ്ട്. എല്ലാ വർഷവും ജനുവരിയിൽ ഇത്തരം വാർത്തകൾ പൊങ്ങിവരാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം എന്റെ പേര് വന്നത്. അതെനിക്ക് തമാശയായിട്ടുള്ള ഒരു ഗോസിപ്പായിട്ടാണ് തോന്നിയത്. ഉണ്ണി മുകുന്ദനും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്സ് പോലുമല്ല. പിന്നെ എങ്ങനെയാണ് ഇങ്ങനൊരു റൂമർ വന്നതെന്ന് അറിയില്ല. ഞങ്ങൾ തമ്മിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല.
ദിവസവും കാണുകയോ വിളിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നിട്ടും അങ്ങനെയൊരു വാർത്ത എങ്ങനെയാണ് വന്നതെന്നതാണ് അറിയാത്ത കാര്യം. ഞാൻ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, ഗായകൻ ശ്രീനാഥ്, സീരിയലിൽ കൂടെ അഭിനയിച്ച ഷാനവാസ് തുടങ്ങി ഒരുപാട് പേരെ ഞാൻ വിവാഹം കഴിച്ചതായിട്ട് വാർത്തകൾ വന്നിട്ടുണ്ട്. ഞാൻ പോലും അറിയാതെയാണ് എന്റെ ഈ കല്യാണങ്ങളൊക്കെ നടക്കുന്നത് -സ്വാസിക പറഞ്ഞു.
ഇതെല്ലാം പറഞ്ഞ നടി ഉടൻ വിവാഹിതയാവുകയാണ്. അതാണ് സർപ്രൈസ്. സീരിയൽ നടൻ കൂടിയായ പ്രേം ജേക്കബ് ആണ് വരൻ. ഇപ്പോഴിതാ പ്രേമുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക തന്നെ മനസ്സ് തുറക്കുകയാണ്. ഇതും ജനുവരി തന്നെയല്ലേ?
*** *** ***
പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരിലും കൊച്ചിയിലും വീണ്ടുമെത്തി. അടുത്തടുത്ത് വീണ്ടും വരുമെന്ന് കേൾക്കുന്നു. ഇങ്ങനെയൊക്കെയാവും അദ്ദേഹത്തിന് സോമാലിയ അഭിപ്രായമൊക്കെ മാറുക. കേരളത്തിന് നല്ലതാണത്. മുഖ്യമന്ത്രി സ്വീകരിക്കാനും യാത്രയയക്കാനും സജീവമായി രംഗത്തുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയട്ടെ. നമ്മുടെ അതിഥിയെ സ്വീകരിക്കാൻ നമ്മൾ തന്നെയല്ലേ പോകേണ്ടത്. ജനാധിപത്യത്തിൽ സഹകരണം പരമപ്രധാനവുമാണ്. കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയെ സൈബർ പോരാളികൾ നന്നായി പെരുമാറി വരികയായിരുന്നു. അപ്പോഴതാ വെള്ളിയാഴ്ച ചെന്നൈയിൽ എ.കെ.ജിയുമായി ബന്ധപ്പെട്ട ചടങ്ങിൽ അവർ പങ്കെടുത്തു. ഗോവിന്ദൻ മാഷുടെ താത്വിക അവലോകനവും ഉടനെത്തി. ചിത്രയും ശോഭനയുമെല്ലാം ഈ നാട്ടിന്റെ പൊതു സ്വത്താണ്. നൗ എവരിബഡി ഗോ റ്റു യുവർ ക്ലാസസ്.