ബാറ്റിംഗില്‍ പരുങ്ങി, ബൗളിംഗ് മാജിക്കില്‍ ഇന്ത്യ തുടങ്ങി

ബ്ലൂംഫൊണ്ടയ്ന്‍ - ബാറ്റിംഗില്‍ പരുങ്ങിയെങ്കിലും ബൗളിംഗില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് വിജയത്തോടെ തുടക്കമിട്ടു. ബംഗ്ലാദേശിനെ ആദ്യ മത്സരത്തില്‍ ഇന്ത്യ 84 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ഇന്ത്യ ഏഴിന് 251, ബംഗ്ലാദേശ് 45.5 ഓവറില് 167.
ബാറ്റിംഗില്‍ പലപ്പോഴും ആടിയുലഞ്ഞ ടീമിനെ ചുലിലേറ്റിയത് ഓപണര്‍ ആദര്‍ശ് സിംഗും (96 പന്തില്‍ 76) ക്യാപ്റ്റന്‍ ഉദയ് സഹാരണുമാണ് (94 പന്തില്‍ 64). വലിയ പ്രതീക്ഷയുണ്ടായിരുന്ന അര്‍ഷിന്‍ കുല്‍ക്കര്‍ണിയും (7) മുഷീര്‍ ഖാനും (3) പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ പ്രിയാന്‍ഷു മോലിയയും (23) ആരവല്ലി അവനീഷും (23) സചിന്‍ ദാസും (26 നോട്ടൗട്ട്) ചെറുതെങ്കിലും പ്രധാനമായ സംഭാവന നല്‍കി.  
ആദ്യ പത്തോവറിനു ശേഷം ബംഗ്ലാദേശ് മത്സരത്തിലേ ഉണ്ടായിരുന്നില്ല. നാലു വിക്കറ്റോടെ ഇടങ്കൈയന്‍ സ്പിന്നര്‍ സൗമി പാണ്ഡെ (4-24) അവരുടെ ഇന്നിംഗ്‌സ് കീറിമുറിച്ചു. ആരിഫുല്‍ ഇസലാമും (41) മുഹമ്മദ് ശിഹാബ് ജെയിംസും (54) മാത്രമാണ് പിടിച്ചുനിന്നത്. മുശീര്‍ രണ്ടു വിക്കറ്റെടുത്തു.
 

Latest News