ലണ്ടന്‍ - പകരക്കാരന്‍ ഗബ്രിയേല്‍ മാര്‍ടിനെല്ലി ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളടിച്ചതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍ ഉജ്വല വിജയം നേടി. ക്രിസ്റ്റല്‍ പാലസിനെ അവര്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ സെന്റര്‍ ബാക്ക് ഗബ്രിയേലാണ് ക്രിസ്റ്റല്‍പാലസിന് കാര്യമായ ക്ഷതമേല്‍പിച്ചത്. ഹെഡറിലൂടെ ആദ്യ ഗോളടിച്ച ഗബ്രിയേലിന്റെ സമ്മര്‍ദ്ദമാണ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സന്‍ സെല്‍ഫ് ഗോളടിക്കാന്‍ കാരണമായത്. ലിയാന്ദ്രൊ ട്രോസാഡും ഗോളടിച്ചതോടെ ആദ്യ പകുതിയില്‍ 3-0 ന് ആഴ്‌സനല്‍ മുന്നിലെത്തി.
വിജയത്തോടെ ആഴ്‌സനല്‍ പോയന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആസ്റ്റണ്‍വില്ലക്കുമൊപ്പെത്തി. ലിവര്‍പൂളിന് രണ്ട് പോയന്റ് മുന്നില്‍. കഴിഞ്ഞ ഏഴ് കളികളില്‍ ഒരെണ്ണം മാത്രമേ ജയിച്ചിരുന്നുള്ളൂ. ദുബായിലെ ട്രയ്‌നിംഗ് ക്യാമ്പിന് ശേഷമാണ് അവര്‍ തിരിച്ചെത്തിയത്.