ദോഹ - ജപ്പാനെ ഇറാഖ് ഞെട്ടിച്ചതിന് പിന്നാലെ മറ്റൊരു അട്ടിമറിയുടെ തൊട്ടരികിലെത്തി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍. ടോട്ടനം സൂപ്പര്‍ സ്റ്റാര്‍ സോന്‍ ഹ്യുംഗ് മിന്നിന്റെ തെക്കന്‍ കൊറിയയെ തോല്‍പിക്കാനുള്ള സുവര്‍ണാവസരം ജോര്‍ദാന്‍ പാഴാക്കി. ഇഞ്ചുറി ടൈമില്‍ യാസാന്‍ അല്‍അറബ് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതോടെ ജോര്‍ദാന്‍ 2-2 സമനില വഴങ്ങി. രണ്ട് സെല്‍ഫ് ഗോളും പെനാല്‍ട്ടിയുമൊക്കെ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയുടനീളം ജോര്‍ദാന്‍ ലീഡ് ചെയ്യുകയായിരുന്നു. ഗ്രൂപ്പ് ഇ-യില്‍ രണ്ട് ടീമുകള്‍ക്കും രണ്ട് കളിയില്‍ നാല് പോയന്റുണ്ട്. ഗ്രൂപ്പ് സി-യില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറാന്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ഒമ്പതാം മിനിറ്റില്‍ സോനിന്റെ പെനാല്‍ട്ടിയിലൂടെ കൊറിയ ലീഡ് നേടിയെങ്കിലും 37ാം മിനിറ്റില്‍ പാര്‍ക്ക് യോംഗ് വൂയുടെ സെല്‍ഫ് ഗോള്‍ സ്‌കോര്‍ തുല്യമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യസാന്‍ അല്‍നിഅ്മത് ജോര്‍ദാനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈം വരെ ഒരവസരം മാത്രമാണ് കൊറിയക്ക് സൃഷ്ടിക്കാനായത്.
150ാം റാങ്കുകാരായ ഹോങ്കോംഗിനെ 1-0 ന് തോല്‍പിക്കാന്‍ 21ാം സ്ഥാനക്കാരായ ഇറാന്‍ പ്രയാസപ്പെട്ടു. നിരവധി അവസരങ്ങളാണ് ഇറാന്‍ പാഴാക്കിയത്. ഇരുപത്തിനാലാം മിനിറ്റില്‍ മെഹദി ഗായദിയാണ് മത്സരത്തിലെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.
തുടക്കത്തില്‍ ഹോങ്കോംഗാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. ബ്രസീലില്‍ ജനിച്ച ഫോര്‍വേഡ് എവര്‍ടണ്‍ കമാര്‍ഗൊ തുറന്ന വലക്കു മുന്നില്‍ ഉയര്‍ത്തിയടിച്ചു. ഫിലിപ് ചാനും അവസരം പാഴാക്കി. പിന്നീട് ഖലീഫ സ്റ്റേഡിയത്തില്‍ ഇറാന്‍ നിയന്ത്രണം പിടിച്ചു. കൊട്ടക്കണക്കിന് അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും വല കുലുക്കാന്‍ അവര്‍ പ്രയാസപ്പെട്ടു.