മുംബൈ - ഐ.പി.എല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി അഞ്ചു വര്‍ഷം കൂടി ടാറ്റാ ഗ്രൂപ്പ് തുടരും. 2024 മുതല്‍ 2028 വരെ ടൈറ്റില്‍ സ്പോണ്സര്മാരാവാനായി 2500 കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പ് നല്‍കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോണ്സര് തുകയാണ് ഇത്. 2022 മുതല്‍ ടാറ്റയാണ് ഐ.പി.എല്‍ ടൈറ്റില്‍ സ്പോണ്സര്. വനിതാ പ്രീമിയര്‍ ലീഗിന്റെയും ടൈറ്റില്‍ സ്പോണ്‍സര്‍മാരാണ് അവര്‍.
ഇന്ത്യ, ചൈന സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് മൊബൈല്‍ കമ്പനി വിവോയെ ഒഴിവാക്കിയപ്പോഴാണ് ടാറ്റ രംഗത്തു വന്നത്. 2018 മുതല്‍ 2022 വരെയുള്ള കരാര്‍ വിവൊ സ്വന്തമാക്കിയിരുന്നത് 2199 കോടി രൂപക്കായിരുന്നു. 2020 ല്‍ ഡ്രീം ഇലവന് ടൈറ്റില്‍ സ്പോണ്‍സര്‍മാരായി. 2021 ല്‍ വീണ്ടും വിവൊ തിരിച്ചെത്തി.
വിവോയുടെ കരാര്‍ തുകയുടെ 13.7 ശതമാനം അധികമാണ് ടാറ്റ നല്‍കുന്നത്. മാര്‍ച്ച് 22നാണ് അടുത്ത ഐ.പി.എല്‍ ആരംഭിക്കുക. മെയ് അവസാനമാണ് ഫൈനല്‍. ജൂണ്‍ ഒന്നിന് ട്വന്റി20 ലോകകപ്പ് ആരംഭിക്കും.