Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാകാർ കീഴടക്കി 'എൽ മറ്റഡോർ'

സ്‌പെയിനിന്റെ വെറ്ററൻ ഡ്രൈവർ കാർലോസ് സയ്ൻസ് 2024 ലെ ദാകാർ റാലിയിൽ കാർ വിഭാഗത്തിൽ ചാമ്പ്യനായി. നാലാം തവണയാണ് 'എൽ മറ്റഡോർ' എന്നറിയപ്പെടുന്ന സയ്ൻസ് ദാകാറിൽ കിരീടം നേടുന്നത്. 2010, 2018, 2020 വർഷങ്ങളിലും സയ്ൻസ് കിരീടം നേടിയിരുന്നു. ദാകാർ ചാമ്പ്യനാവുന്ന പ്രായമേറിയ ഡ്രൈവറാണ് അറുപത്തൊന്നുകാരൻ. രണ്ടു തവണ ലോക റാലി ചാമ്പ്യനുമായിരുന്നു. പ്രധാന എതിരാളികൾക്കെല്ലാം യന്ത്രത്തകരാറ് സംഭവിച്ചതാണ് ഇത്തവണ സയ്ൻസിനെ കിരീടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ ഖത്തറുകാരൻ നാസർ അൽഅതിയ്യ, ഓവറോൾ ലീഡുണ്ടായിരുന്ന സൗദി അറേബ്യയുടെ യസീദ് അൽറാജി, ഫ്രഞ്ച് ഡ്രൈവർ സെബാസ്റ്റ്യൻ ലോബ് എന്നിവരൊക്കെ യന്ത്രത്തകരാറ് കാരണം മണിക്കൂറുകളോളം മരുഭൂമിയിൽ കുടുങ്ങുകയോ വഴി തെറ്റുകയോ ചെയ്തു. വ്യാഴാഴ്ച ലോബ് ഒരു മണിക്കൂറിലേറെ കുടുങ്ങിയതോടെയാണ് സയ്ൻസിന്റെ അവസാന പ്രതിബന്ധവും നീങ്ങിയത്. 
ആറാം സ്‌റ്റെയ്ജ് മുതൽ സയ്ൻസ് ഓവറോൾ ലീഡ് ചെയ്യുന്നുണ്ട്. സഹ ഓഡി ഡ്രൈവർമാരായ സ്വീഡന്റെ മതിയാസ് എക്‌സ്‌ട്രോമും 14 തവണ ചാമ്പ്യനായ മിസ്റ്റർ ദാകാർ എന്നറിയപ്പെടുന്ന സ്റ്റെഫാൻ പീറ്റർഹാൻസലും സയ്ൻസിന്റെ സഹായികളായുണ്ട്. 
ബെൽജിയത്തിന്റെ അരങ്ങേറ്റക്കാരൻ ഗ്വിയോം ഡി മേവിയസിനെ (ടൊയോട്ട) ഒരു മണിക്കൂറിലേറെ വ്യത്യാസത്തിനാണ് സയ്ൻസ് പരാജയപ്പെടുത്തിയത്. ഒമ്പത് തവണ ലോക കാർ റാലി ചാമ്പ്യനായ ലോബ് (പ്രോഡ്രൈവ്) മൂന്നാം സ്ഥാനത്തെത്തി. ലോബ കഴിഞ്ഞ രണ്ടു തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 
വിജയപീഠത്തിലെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന ഇരുപത്തൊമ്പതുകാരൻ ഡി മേവിയസ് പറഞ്ഞു. അതൊരു സ്വപ്‌നമായി ഉണ്ടായിരുന്നു. എന്നാൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല -ബെൽജിയംകാരൻ പറഞ്ഞു. 
ബൈക്ക് വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണ അമേരിക്കക്കാരൻ റിക്കി ബ്രാബെച് ചാമ്പ്യനായി. ബോട്‌സ്വാനയുടെ റോസ് ബ്രാഞ്ചിനെക്കാൾ (ഹീറോ) മുപ്പത്തിരണ്ടുകാരനായ ഹോണ്ട റൈഡർക്ക് 10 മിനിറ്റ് 53 സെക്കന്റിന്റെ ലീഡുണ്ടായിരുന്നു. ഫ്രഞ്ചുകാരൻ അഡ്രിയൻ വാൻബെവറേൻ മൂന്നാം സ്ഥാനത്തെത്തി. 
ഒരിക്കൽ പോലും വീഴാതെ ദാകാർ റാലി പൂർത്തിയാക്കാനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ബ്രാബെച് പറഞ്ഞു.
ലോക കാർ റാലിയിൽ റെക്കോർഡ് തവണ ചാമ്പ്യനായിട്ടുള്ള സെബാസ്റ്റ്യൻ ലോബിന്റെ ദാകാർ കിരീടമോഹങ്ങൾ പതിനൊന്നാം റൗണ്ടിലാണ് മണലെടുത്തത്. അവസാനത്തേതിന് മുന്നിലെ സ്‌റ്റെയ്ജിൽ യന്ത്രത്തകരാറ് കാരണം ഒരു മണിക്കൂറിലേറെ ഫ്രഞ്ചുകാരൻ മരുഭൂമിയിൽ കുടുങ്ങി. അതോടെ തുടർച്ചയായ രണ്ടാം സ്റ്റെയ്ജിലും മറ്റൊരു ഫ്രഞ്ച് ഡ്രൈവർ ഗുവർലയ്ൻ ചിചേരിറ്റാണ് വിജയിച്ചത്. 
ഒമ്പത് തവണ ലോക കാർ റാലി ചാമ്പ്യനായിട്ടുള്ള ലോബ് പതിനൊന്നാം സ്റ്റെയ്ജ് ആരംഭിക്കുമ്പോൾ കാർലോസ് സയ്ൻസിന് 13 മിനിറ്റ് പിന്നിലായിരുന്നു. എന്നാൽ അൽഉലയിൽ നിന്ന് യാമ്പുവിലേക്കുള്ള 480 കിലോമീറ്റർ മത്സരം 132 കിലോമീറ്റർ പിന്നിട്ടപ്പോൾ നാൽപത്തൊമ്പതുകാരന്റെ കാർ പണി മുടക്കി. ഏറ്റവും പ്രയാസകരമായ സ്റ്റെയ്ജാണ് പതിനൊന്നാമത്തേതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. 
ഒരു മണൽക്കൂന കഴിഞ്ഞയുടൻ കല്ലിലേക്ക് ലോബിന്റെ കാർ വീഴുകയായിരുന്നു. പതിനൊന്നാം സ്റ്റെയ്ജ് അവസാനിക്കുമ്പോൾ സയ്ൻസിന് ഒന്നര മണിക്കൂറിലേറെ ലോബ് പിന്നിലായി. കഴിഞ്ഞ രണ്ട് ദാകാർ റാലിയിലും നാസർ അൽഅതിയ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ലോബ്. 
അതോടെ പന്ത്രണ്ടാം സ്റ്റെയ്ജിൽ വലിയ യന്ത്രത്തകരാറൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ സയ്ൻസ് കിരീടം ഉറപ്പായി. അടുത്തൊന്നും എതിരാളികളില്ലെന്ന് വ്യക്തമായതോടെ സാഹസം കാണിക്കാതെ സയ്ൻസ് അവസാന സ്‌റ്റെയ്ജ് പൂർത്തിയാക്കി.  
 

Latest News