മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസ് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കിന്റെ ദുഃഖം ഒരു വര്‍ഷം കൂടി നീളും. പോളണ്ടുകാരിയെ മൂന്നാം റൗണ്ടില്‍ അമ്പതാം സീഡ് ലിന്‍ഡ നോസ്‌കോവ മൂന്നു സെറ്റില്‍ അട്ടിമറിച്ചു (3-6, 6-3, 6-4). നാലു തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനായിട്ടുള്ള ഈഗ ഓസ്‌ട്രേലിയന്‍ ഓപണില്‍ ഇതുവരെ സെമിഫൈനല്‍ കടന്നിട്ടില്ല. നോസ്‌കോവ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപണില്‍ മുഖ്യ റൗണ്ട് കളിക്കുന്നത്.
കഴിഞ്ഞ 18 കളികളില്‍ അജയ്യായി മുന്നേറിയ ഈഗ ആദ്യ സെറ്റ് അനായാസമാണ് നേടിയത്. എന്നാല്‍ ചെക് ടീനേജര്‍ പിന്നീട് അതിശക്തമായി തിരിച്ചടിച്ചു.
ഗ്രാന്റ്സ്ലാം ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഉജ്വല ഫോമിലുള്ള യെലേന ഓസ്റ്റാപെങ്കോയെ മുപ്പത്തിനാലുകാരി വിക്ടോറിയ അസരെങ്ക 6-1, 7-5 ന് തകര്‍ത്തു. രണ്ടാം സെറ്റില്‍ പിന്നിലായിരുന്നു വിക്ടോറിയ തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ നേടിയാണ് ജയിച്ചത്. ബെലാറൂസുകാരി കഴിഞ്ഞ വര്‍ഷം സെമിഫൈനലിലെത്തിയിരുന്നു.
ചൈനക്കാരികള്‍ തമ്മിലുള്ള മൂന്നാം റൗണ്ടില്‍ ഇരുപത്തൊന്നുകാരി ഷെംഗ് ക്വിന്‍വെന്‍ 6-4, 2-6, 7-6 (10-8) ന് വാംഗ് യാഫാനെ തോല്‍പിച്ചു. 2014 ല്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടിയ ലി നയാണ് ക്വീന്‍ വെന്‍ എന്നറിയപ്പെടുന്ന ക്വിന്‍വെന്നിന്റെ ഇഷ്ട താരം. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് അവര്‍