ദോഹ - തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എങ്രിസും 150ാം റാങ്കുകാരായ ഹോങ്കോംഗിനെ 1-0 ന് തോല്‍പിക്കാന്‍ ടീം പ്രയാസപ്പെട്ടതോടെ കോച്ച് ആമിര്‍ ഗലനോയിക്ക് കലിയടങ്ങുന്നില്ല. നിരവധി അവസരങ്ങളാണ് ഇറാന്‍ പാഴാക്കിയത്. ഇറാന്‍ ലോക റാങ്കിംഗില്‍ 21ാം സ്ഥാനത്താണ്. ഇരുപത്തിനാലാം മിനിറ്റില്‍ മെഹദി ഗായദിയാണ് മത്സരത്തിലെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.
തുടക്കത്തില്‍ ഹോങ്കോംഗാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. ബ്രസീലില്‍ ജനിച്ച ഫോര്‍വേഡ് എവര്‍ടണ്‍ കമാര്‍ഗൊ തുറന്ന വലക്കു മുന്നില്‍ ഉയര്‍ത്തിയടിച്ചു. ഫിലിപ് ചാനും അവസരം പാഴാക്കി. പിന്നീട് ഖലീഫ സ്റ്റേഡിയത്തില്‍ ഇറാന്‍ നിയന്ത്രണം പിടിച്ചു. കൊട്ടക്കണക്കിന് അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും വല കുലുക്കാന്‍ അവര്‍ പ്രയാസപ്പെട്ടു.