ജിദ്ദ - ലിയണല്‍ മെസ്സി മലപ്പുറത്ത് കളിക്കുമെന്ന വാര്‍ത്തയാണ് ഇന്ന് മലയാളം പത്രങ്ങള്‍ ആഘോഷിക്കുന്നത്. 2025 ഒക്ടോബറില്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന മൂന്ന് സൗഹൃദ മത്സരങ്ങള്‍ കേരളത്തില്‍ കളിക്കുമെന്നാണ് സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതിനെ ആധാരമാക്കിയാണ് വാര്‍ത്തകള്‍.
2025 ഒക്ടോബറില്‍ മെസ്സി അര്‍ജന്റീനാ ടീമിലുണ്ടാവുമോയെന്നതാണ് ഇതില്‍ പ്രധാന ചോദ്യം. അടുത്ത ലോകകപ്പ് കളിക്കുമെന്ന് മെസ്സി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം ജൂണിലും ജൂലൈയിലുമായി നടക്കുന്ന കോപ അമേരിക്കയിലെ പ്രകടനത്തിനനുസരിച്ചായിരിക്കും മെസ്സി ഭാവിയെക്കുറിച്ച് തീരുമാനിക്കുകയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2026 ലെ ലോകകപ്പാവുമ്പോഴേക്കും മെസ്സിക്ക് 38 വയസ്സാവും. ഒരു ഔട്ഫീല്‍ഡ് കളിക്കാരനെ സംബന്ധിച്ചിടത്തോളം ലോകകപ്പ് കളിക്കേണ്ട പ്രായമല്ല അത്. എങ്കിലും മെസ്സി കളി തുടരാന്‍ തീരുമാനിച്ചാല്‍ അര്‍ജന്റീന ടീമില്‍ സ്ഥാനമുറപ്പായിരിക്കും. കോപ അമേരിക്കയിലെ പ്രകടനത്തിനനുസരിച്ചായിരിക്കും മെസ്സിയുടെ തീരുമാനം. അതായത് 2025 ഒക്ടോബറില്‍ അര്‍ജന്റീന ടീമിലുണ്ടാവുമോയെന്ന് മെസ്സി പോലും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.
ലോകകപ്പ് ജയിച്ച അതേ അര്‍ജന്റീന ടീമാണ് വരികയെന്നത് രണ്ടാമത്തെ തമാശയാണ്. രണ്ടു വര്‍ഷമെന്നത് ലോക ഫുട്‌ബോളില്‍ വലിയ കാലയളവാണ്. ഇപ്പോള്‍ തന്നെ ലോകകപ്പ് ജയിച്ച ടീമിലെ പലരും അര്‍ജന്റീന ടീമിന് പുറത്താണ്. നിക്കൊളാസ് ഓടാമെന്റിക്ക് 35 വയസ്സായി, എയിംഗല്‍ ഡി മരിയക്കും 35 വയസ്സുണ്ട്. അവരൊക്കെ 2024-25 സീസണിനു ശേഷം പ്രൊഫഷനല്‍ ഫുട്‌ബോളില്‍ പോലുമുണ്ടാവുമോയെന്ന് സംശയമാണ്.
ഇവരൊക്കെ കളിക്കുമെന്ന് തന്നെ കരുതിയാലും 2025 ഒക്ടോബറില്‍ ഇവരെ ഒരുമിച്ച് കിട്ടുമോയെന്നത് വലിയ ചോദ്യചിഹ്നമാണ്. 2025 സെപ്റ്റംബറില്‍ അര്‍ജന്റീനക്ക് ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ രണ്ട് മത്സരങ്ങളുണ്ട്. വെനിസ്വേലക്കും ഇക്വഡോറിനുമെതിരെ. അര്‍ജന്റീന ടീമില്‍ ബഹുഭൂരിഭാഗം പേരും യൂറോപ്പില്‍ കളിക്കുന്നവരാണ്. തൊട്ടടുത്ത മാസം ഈ കളിക്കാരെയൊക്കെ വീണ്ടും ഒരുമിച്ചു കിട്ടുകയെന്നത് വലിയ പ്രയാസമായിരിക്കും. സൗഹൃദ മത്സരങ്ങള്‍ക്കെല്ലാം കളിക്കാരെ വിട്ടുകൊടുക്കാന്‍ ക്ലബ്ബുകള്‍ക്ക് ബാധ്യതയില്ല.
യൂറോപ്യന്‍ ലീഗുകള്‍ 2025 ഒക്ടോബറിലെ ഫിക്‌സ്ചറുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2024 ല്‍ ഓഗസ്റ്റിലാണ് അടുത്ത ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കുന്നത്. 2025 മെയ് 25 ന് അവസാനിക്കും. അതിനു ശേഷമുള്ള ഫിക്‌സ്ചറുകളൊക്കെ പിന്നീടേ പ്രഖ്യാപിക്കൂ. അതിനനുസരിച്ചായിരിക്കും കളിക്കാരെ ദേശീയ ടീമിന് ലഭിക്കുമോയെന്ന് അറിയുക. എന്നിരിക്കെ 2025 ഒക്ടോബറില്‍ പ്രമുഖ കളിക്കാരൊക്കെ മലപ്പുറത്ത് കളിക്കും എന്ന് എന്തടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത് എന്ന് വ്യക്തമല്ല.
2025 ഒക്ടോബറാവുമ്പോഴേക്കും അടുത്ത ലോകകപ്പിനുള്ള ഒരുക്കത്തിന്റെ സമയമായി. പറ്റിയ എതിരാളികളെ ലഭിച്ചാലേ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കൂ. ഇന്ത്യന്‍ ടീമിനെതിരെ കളിക്കില്ല. മികച്ച യൂറോപ്യന്‍ ടീമുകള്‍ ആ സമയത്ത് കേരളത്തില്‍ കളിക്കാന്‍ തയാറാവുമോ? സാധ്യതയില്ല. സ്വാഭാവികമായും ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ ടീമുകളെ ആശ്രയിക്കേണ്ടി വരും. പഞ്ചനക്ഷത്ര ഹോട്ടല്‍ ഉള്‍പ്പെടെ താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും വേണം. പണം കണ്ടെത്തിയാലും ഇതുപോലുള്ള സങ്കീര്‍ണമായ പല വിഷയങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. അതിനൊന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ മറുപടിയില്ല.