ദുബായ്- സൗദി പ്രൊ ലീഗ് ഫ്രഞ്ച് ഫുട്ബോള്‍ ലീഗിനെക്കാള്‍ മികച്ചതാണെന്ന് ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. ദുബായില്‍ ഗ്ലോബ് സ്റ്റാര്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയാരുന്നു റൊണാള്‍ഡോ. യഥാര്‍ഥത്തില്‍ ഫ്രഞ്ച് ലീഗിനെക്കാള്‍ കടുപ്പമാണ് സൗദി ലീഗ്. എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച ഉത്തമ ബോധ്യത്തോടെയാണ് സംസാരിക്കുന്നതെന്നും റൊണാള്‍ഡോ വിശദീകരിച്ചു.
സൗദി അറേബ്യയിലേക്കുള്ള പ്രമുഖ താരങ്ങളുടെ ഒഴുക്കിന് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത് റൊണാള്‍ഡോ ആയിരുന്നു. അന്നസ്റില്‍ റൊണാള്‍ഡോയുടെ സഹ താരമായ സാദിയൊ മാനെയും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. സൗദി ലീഗ് ഫുട്ബോള്‍ ഉന്നത നിലവാരമുള്ളതാണെന്നും ലോകമെങ്ങും വീക്ഷിക്കപ്പെടുന്നുവെന്നും സെനഗാല്‍ നായകന് സാദിയൊ മാനെ. ഒരു കളി ശേഷിക്കെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്ബോളിന്റെ നോക്കൗട്ടിലേക്ക് സെനഗാല്‍ മുന്നേറിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ക്യാപ്റ്റന്‍. സൗദി പ്രൊ ലീഗ് ക്ലബ്ബില്‍ അന്നസ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കൊപ്പമാണ് മാനെ കളിക്കുന്നത്.
സൗദിയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിക്കാത്തതു കൊണ്ട് ശ്രദ്ധ കിട്ടുന്നില്ലെന്ന തോന്നല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ്. ദുഃഖകരമാണ് ഇത്. യൂറോപ്പില്‍ കളിക്കുന്നില്ലെങ്കില്‍ കളിക്കാരനേയല്ല എന്നാണ് ചിലരുടെ വിചാരം. ഭാഗ്യത്തിന് സൗദി ലീഗ് എല്ലാവരും കാണുന്നുണ്ട്. ഞാന്‍ നന്നായി കളിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം -മാനെ പറഞ്ഞു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും കളിച്ച ശേഷമാണ് മാനെ അന്നസ്റിലെത്തിയത്. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും ബയേണിനൊപ്പം ജര്‍മന്‍ ലീഗും നേടിയിട്ടുണ്ട്.