റിയാദ് - സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ സൗദി അറേബ്യയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാലിനെയും അന്നസ്‌റിനെയും നേരിടാന്‍ ഈ മാസാവസാനം ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി എത്തുന്നു. ഈ മാസം 28 ന് കിംഗ്ഡം അരീനയില്‍ നെയ്മാറിന്റെ അല്‍ഹിലാലിനെയും 31 ന് അതേ വേദിയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അന്നസ്‌റിനെയുമാണ് മെസ്സിയും കൂട്ടരും നേരിടേണ്ടത്.
മെസ്സി-ക്രിസ്റ്റിയാനൊ പോരാട്ടത്തിനായി ലോക ഫുട്‌ബോള്‍ ഉറ്റുനോക്കുകയാണ്. എന്നാല്‍ ക്രിസ്റ്റിയാനൊ ഈ മത്സരത്തിനുണ്ടാവുമോയെന്നതാണ് ആശങ്ക. റൊണാള്‍ഡോക്ക് നേരിയ പരിക്കുണ്ടെന്നാണ് അറിയാദിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂര്‍ണമായി സുഖപ്പെടാന്‍ രണ്ടാഴ്ച വേണ്ടി വരും. റിയാദിലെ മത്സരത്തിന് മുമ്പ് ചൈനീസ് പര്യടനമുണ്ട് അന്നസ്‌റിന്. ഷാംഗ്ഹായ് ഷെന്‍ഹുവ, ഷെയ്ജാംഗ് എഫ്.സി ടീമുകള്‍ക്കെതിരായ അന്നസ്‌റിന്റെ മത്സരങ്ങളുടെ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു. എന്നാല്‍ രണ്ട് മത്സരങ്ങളിലും റൊണാള്‍ഡൊ കളിക്കില്ലെന്നാണ് സൂചന.
ബാലന്‍ഡോറിന് പുറമെ ഫിഫ ബെസ്റ്റ് ബഹുമതിയും നേടിയ ശേഷം മെസ്സി ആദ്യമായി കളിക്കൊരുങ്ങുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട് റിയാദിലെ മത്സരങ്ങള്‍ക്ക്. കൂടുതല്‍ കിരീടങ്ങള്‍ക്കായി ദാഹാര്‍ത്തനാണ് എന്ന സന്ദേശം അതിനു ശേഷം റൊണാള്‍ഡോയും പങ്കുവെച്ചിരുന്നു. 2023 ല്‍ അന്നസ്‌റിനും പോര്‍ചുഗലിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡൊ അടിച്ചുകൂട്ടിയത്. അറബ് ക്ലബ്ബ് കിരീടം നേടുകയും പോര്‍ചുഗലിന് യൂറോ കപ്പ് യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറില്‍ സൗദിയിലെ അല്‍ഫൈഹയെയും അവര്‍ നേരിടും. ഇന്റര്‍ മയാമിയുടെ സീസണ്‍ മാര്‍ച്ചിലേ ആരംഭിക്കൂ.