റിയാദ് - റിയാദിലെ അല്‍അവ്വല്‍ പാര്‍ക്കില്‍ നടക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ലാസിയോയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ച് ഇന്റര്‍ മിലാന്‍ ഫൈനലിലെത്തി. സീസണിന്റെ മധ്യത്തില്‍ സൗദിയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ കിരീടം ഇറ്റാലിയന്‍ ലീഗില്‍ ടീമിന്റെ കുതിപ്പിന് സഹായകമാകുമെന്നാണ് ടീം കരുതുന്നത്. തിങ്കളാഴ്ച ഫൈനലില്‍ നാപ്പോളിയുമായാണ് ഇന്റര്‍ ഏറ്റുമുട്ടുക. നാപ്പോളി 3-0 ന് ഫിയറന്റീനയെ തോല്‍പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ ഒന്നാമതും നിലവിലെ ചാമ്പ്യന്മാരായ നാപ്പോളി എട്ടാമതുമാണ്.
പതിനേഴാം മിനിറ്റില്‍ മാര്‍ക്കസ് തുറാമിലൂടെയാണ് ഇന്റര്‍ ലീഡ് നേടിയത്. ഫെഡറിക്കൊ ഡിമാര്‍ക്കോ പിന്‍കാലു കൊണ്ട് തള്ളിക്കൊടുത്ത പന്താണ് മുന്‍ ഫ്രഞ്ച് ഡിഫന്റര്‍ ലീലിയന്‍ തുറാമിന്റെ മകന് അവസരമൊരുക്കിയത്. ഇടവേളക്ക് ശേഷം പെനാല്‍ട്ടിയിലൂടെ ഹകന്‍ കലനോഗ്‌ലു ലീഡുയര്‍ത്തി. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ പ്രത്യാക്രമണത്തില്‍ നിന്ന് ഡേവിഡ് ഫ്രാറ്റേസി മൂന്നാം ഗോള്‍ നേടി. രണ്ടു തവണ ക്രോസ് ബാര്‍ തടസ്സം നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ററിന്റെ വിജയം കൂടുതല്‍ ആധികാരികമായേനേ. തുടക്കത്തില്‍ നിക്കൊളാസ് ബരേയയുടെയും കലനോഗലുവിന്റെ പെനാല്‍ട്ടിക്ക് തൊട്ടുപിന്നാലെ ലൗതാരൊ മാര്‍ടിനേസിന്റെയും ഷോട്ടുകള്‍ക്കാണ് ക്രോസ്ബാര്‍ തടസ്സം നിന്നത്.
കഴിഞ്ഞ വര്‍ഷം ലീഗില്‍ നാപ്പോളിയുടെ ആധിപത്യമായിരുന്നു. ഇന്ററായിരുന്നു ഇറ്റാലിയന്‍ കപ്പ് ജേതാക്കള്‍. ഇത്തവണ ലീഗില്‍ ലാസിയോയെയും നാപ്പോളിയെയും തോല്‍പിക്കാന്‍ ഇന്ററിന് സാധിച്ചു.