ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന ദിവസം ആതിഥേയരെ അട്ടിമറിക്കാനുള്ള സുവര്‍ണാവസരം വെസ്റ്റിന്‍ഡീസ് പാഴാക്കി. ദക്ഷിണാഫ്രിക്കയുടെ ഒമ്പതിന് 285 പിന്തുടര്‍ന്ന വിന്‍ഡീസ് 39 ഓവറില്‍ ഏഴിന് 250 ലെത്തിയിരുന്നു. വിജയത്തിന് 36 റണ്‍സ് അരികെ. എന്നാല്‍ അടുത്ത എട്ട് പന്തില്‍ അവര്‍ക്ക് അവശേഷിച്ച മൂന്നു വിക്കറ്റും നഷ്ടപ്പെട്ടു. 254 ന് ഓളൗട്ടായി.
17 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റിന്‍ഡീസിനെ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറിയിലൂടെ ജ്യുവല്‍ ആന്‍ഡ്രൂവാണ് (96 പന്തില്‍ 14 സിക്‌സറുള്‍പ്പെടെ 130) കരകയറ്റിയത്. അഞ്ചിന് 73 ല്‍ ഒത്തുചേര്‍ന്ന നാഥന്‍ സീലിയും ജുവലും 117 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. താരിഖ് എഡ്വേഡ് 913), നാഥന്‍ എഡ്വേഡ് (12) എന്നിവര്‍ ജൂലവിന് പിന്തുണ നല്‍കി. ക്വേന മഫാക അഞ്ചും റിലെ നോര്‍ടന്‍ മൂന്നും വിക്കറ്റെടുത്തു.
ഉദ്ഘാടന മത്സരത്തില്‍ അയര്‍ലന്റാണ് ജയിച്ചത്. അമേരിക്കയെ അവര്‍ 163 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 40.2 ഓവറില്‍ 105 ന് ഓളൗട്ടായി. അയര്‍ലന്റ് 22.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു. ഒമ്പതാമനായി ഇറങ്ങിയ ഖുഷ് ഭലാലയാണ് (22) അമേരിക്കയുടെ ടോപ്‌സ്‌കോറര്‍.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ പടയോട്ടം തുടങ്ങുന്നു. ഏഷ്യന്‍ കപ്പ് സെമിയിലെ സെമിഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കുക എന്ന ദൗത്യം കൂടി ഉദയ് സഹാരണ്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനുണ്ട്. ഐ.പി.എല്‍ കളിക്കാരായ അവിനാഷ് കുല്‍ക്കര്‍ണി, ആരവല്ലി അവിനാഷ് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അര്‍ഷിന്‍ സിക്‌സര്‍ വീരനാണ്. അവിനാഷ് ഈയിടെ 93 പന്തില്‍ 13 കിസ്‌കറുകളുമായി 163 റണ്‍സ് നേടിയിരുന്നു. ഇന്ത്യ എ കളിക്കാരന്‍ സര്‍ഫറാസ് ഖാന്റെ അനുജന്‍ മുശീര്‍ ഖാനും ഇന്ത്യക്കു കളിക്കുന്നു.