ബാഴ്‌സലോണ - റയല്‍ മഡ്രീഡിനെ എക്‌സ്ട്രാ ടൈമില്‍ തോല്‍പിച്ച് അത്‌ലറ്റിക്കൊ മഡ്രീഡ് കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതോടെ സ്‌പെയിനില്‍ ഈ സീസണിലെ ബെസ്റ്റ് കളിക്കാരനെന്ന ചോദ്യം വീണ്ടുമുയര്‍ന്നു. റയലിന്റെ ജൂഡ് ബെലിംഗാമാണ് സീസണിന്റെ തുടക്കത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചതെങ്കില്‍ അത്‌ലറ്റിക്കോയുടെ ആന്റോയ്ന്‍ ഗ്രീസ്മാനാണ് ഇപ്പോള്‍ ആവേശത്തിരയിളക്കുന്നത്. സൗദി അറേബ്യയില്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ റയലില്‍ നിന്നേറ്റ തോല്‍വിക്ക് പകരം കൂടി ചോദിച്ചാണ് അത്‌ലറ്റിക്കൊ മുന്നേറിയത്. ഈ സീസണില്‍ റയല്‍ രണ്ടു കളിയേ തോറ്റിട്ടുള്ളൂ, രണ്ടും അത്‌ലറ്റിക്കോയോടാണ്.
അതിമനോഹരമായിരുന്നു റയലിനെതിരായ ഗ്രീസ്മാന്റെ ഗോള്‍. വിനിസിയൂസ് ജൂനിയറിനെ കീഴടക്കി പന്ത് തട്ടിയെടുത്ത ഫ്രഞ്ചുകാരന്‍ നൃത്തച്ചുവടുകളുമായി മുന്നേറി വലയിലേക്ക് പന്ത് വളച്ചുവിടുകയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ അത്‌ലറ്റിക്കോ 4-2 ന് ജയിച്ചു. സെപ്റ്റംബറില്‍ സ്പാനിഷ് ലീഗില്‍ റയലിനെ തോല്‍പിച്ചപ്പോഴും ഗ്രീസ്മാന്‍ അത്‌ലറ്റിക്കോക്കു വേണ്ടി സ്‌കോര്‍ ചെയ്തു. സൗദിയില്‍ നടന്ന സൂപ്പര്‍ കപ്പില്‍ എക്‌സ്ട്രാ ടൈമിലെ 3-5 തോല്‍വിയിലും ഗ്രീസ്മാന്‍ ഗോളടിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഗ്രീസ്മാന്‍ ടീമിനെ സഹായിച്ചു.
ബാഴ്‌സലോണയില്‍ നിരാശാജനകമായ രണ്ടു വര്‍ഷം ചെലവിട്ട് തിരിച്ചെത്തിയ ശേഷം തകര്‍പ്പന്‍ ഫോമിലാണ് ഗ്രീസ്മാന്‍. റിയാദിലെ ഗോളോടെ അത്‌ലറ്റിക്കോയുടെ ടോപ്‌സ്‌കോററായി.
ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ബെലിംഗാം ലീഗിലെ 13 എണ്ണമുള്‍പ്പെടെ 17 ഗോളടിച്ചിട്ടുണ്ട്. എന്നാല്‍ 18 ഗോളുമായി ഗ്രീസ്മാന്‍ മുന്നിലെത്തി.
ബാഴ്‌സലോണക്ക് മൂന്നാം ഡിവിഷന്‍ ടീമായ യൂനിയനിസ്റ്റാസ് സാലമാങ്കയെ 3-1 ന് മറികടക്കാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വന്നു.