മെല്‍ബണ്‍ - 2017 നു ശേഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന സീഡിംഗ് കുറഞ്ഞ താരമായി മരിയ തിമോഫീവ. കന്നി ഗ്രാന്റ്സ്ലാം കളിക്കുന്ന ഇരുപതുകാരി പത്താം സീഡ് ബിയാട്രിസ് ഹദ്ദാദ് മിയയെ 7-6 (9/7), 6-3 ന് അട്ടിമറിച്ചു. മുന്‍ ചാമ്പ്യന്‍ കരൊലൈന്‍ വോസ്‌നിയാക്കിയെയും 170ാം റാങ്കുകാരി തിമോഫീവ തോല്‍പിച്ചിരുന്നു. സീഡില്ലാത്ത ഉക്രൈന്‍ താരം മാര്‍ത്ത കോസ്റ്റിയൂക്കുമായാണ് യോഗ്യതാ റൗണ്ടിലൂടെ വന്ന മരിയ പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.
അരങ്ങേറ്റത്തില്‍ പതിനാറുകാരി മിറ ആന്ദ്രീവയും കുതിപ്പ് തുടരുകയാണ്. അവസാന സെറ്റില്‍ 1-5 ന് പിന്നിലായ ശേഷം റഷ്യക്കാരി 1-6, 6-1, 7-6 (7-5) ന് ഫ്രഞ്ചുകാരി ദിയാന്‍ പാരിയെ തോല്‍പിച്ചു. 2-5 ല്‍ മാച്ച് പോയന്റ് അതിജീവിച്ചിരുന്നു മിറ.
രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ അരീന സബലെങ്കയുടേതാണ് മൂന്നാം റൗണ്ടിലെ ശ്രദ്ധേയമായ വിജയം. 6-0, 6-0 ന് ലെസിയ സുരെങ്കോയെ സബലെങ്ക പറത്തി. നാലാം സീഡ് കോക്കൊ ഗഫ് 6-0, 6-2 ന് അലീസിയ പാര്‍ക്‌സിനെ തോല്‍പിച്ചു. കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഏഴു മാസം വിട്ടുനിന്ന അമാന്‍ഡ അനിസിമോവയുമായാണ് സബലെങ്ക പ്രി ക്വാര്‍ട്ടര്‍ കളിക്കുക.