തിരുവനന്തപുരം - തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ കരുത്തരായ മുംബൈയെ കേരളം 251 ന് പുറത്താക്കി. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തിലും കേരളം വിക്കറ്റെടുത്തു. മുംബൈ ഓപണര്‍ ജയ് ബിസ്തയെ ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബെയ്‌സില്‍ തമ്പി പകരം വന്ന അജിന്‍ക്യ രഹാനെയെ അടുത്ത പന്തില്‍ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു.
മൂന്നിന് 41 ലേക്ക് തകര്‍ന്ന മുംബൈയെ ഓപണര്‍ ഭുപേന്‍ ലാല്‍വാനിയും (50) ഇന്ത്യന്‍ താരം ശിവം ദൂബെയുമാണ് (51) കരകയറ്റിയത്. തനുഷ് കൊടിയനും (56) അര്‍ധ ശതകം തികച്ചു. അതിഥി താരം ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റെടുത്തു (18.4-5-28-4). ബെയ്‌സിലിനും (9-1-41-2) ജലജ് സക്‌സേനക്കും (28-2-80-2) രണ്ടു വീതം വിക്കറ്റ് ലഭിച്ചു.