റിയാദ് -ലിവര്‍പൂള്‍ രോമാഞ്ചം സ്റ്റീവന്‍ ജെറാഡ് സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖ് ക്ലബ്ബിന്റെ കോച്ചായി തുടരും. രണ്ടു വര്‍ഷത്തേക്ക് ജെറാഡ് കരാര്‍ പുതുക്കി. മുന്‍ ലിവര്‍പൂള്‍ നായകനും ലിവര്‍പൂളില്‍ ജെറാഡിന്റെ സഹ കളിക്കാരനുമായിരുന്ന ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം അല്‍ഇത്തിഫാഖ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെ ജെറാഡും ഇത്തിഫാഖ് വിട്ടേക്കുമെന്ന് ശ്രുതി പരന്നിരുന്നു. സൗദി പ്രൊ ലീഗില്‍ തുടക്കത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇത്തിഫാഖിന് അവസാന എട്ടു കളികള്‍ ജയിക്കാന്‍ സാധിച്ചിരുന്നില്ല. ലീഗില്‍ എട്ടാം സ്ഥാനത്താണ്.
ജനുവരി അവസാനിക്കുന്നതോടെ കൂടുതല്‍ കളിക്കാര്‍ ക്ലബ്ബിലെത്തുമെന്ന് കരാറൊപ്പിട്ട ശേഷം ജെറാഡ് വെളിപ്പെടുത്തി. 18 വര്‍ഷത്തെ കരിയറിനൊടുവില്‍ 2018 ലാണ് ജെറാഡ് കളിയില്‍ നിന്ന് വിരമിച്ചത്. സ്‌കോട്ടിഷ് ക്ലബ്ബ് റെയ്‌ഞ്ചേഴ്‌സില്‍ ഉജ്വലമായി കോച്ചിംഗ് കരിയര്‍ തുടങ്ങി. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയില്‍ പരാജയപ്പെട്ടു.
ഹെന്‍ഡേഴ്‌സന്‍ ഡച്ച് ടീം അയാക്‌സില്‍ ചേരുകയാണ് മുപ്പത്തിമൂന്നുകാരന്‍. അല്‍ഇത്തിഫാഖിന്റെ അബുദാബിയിലെ ക്യാമ്പില്‍ വൈകിയാണ് ഹെന്‍ഡേഴ്‌സന്‍ എത്തിയത്. രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷം അപ്രത്യക്ഷനായി. പിന്നീട് ദുബായിലാണ് അയാക്‌സില്‍ ചേരും മുമ്പുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയനായത്. റിയാദിലെ കൊടും ചൂടും ഹ്യൂമിഡിറ്റിയുമുള്ള കാലാവസ്ഥയുമായി ഇണങ്ങാന്‍ ഹെന്‍ഡേഴ്‌സന് പ്രയാസമുണ്ടായിരുന്നു. സൗദി ക്ലബ്ബിന് കളിക്കുന്നതില്‍ ബ്രിട്ടിഷ് ആരാധകര്‍ ഹെന്‍ഡേഴ്‌സനെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. പ്രകടനം മോശമാവുമ്പോള്‍ സൗദി ആരാധകരില്‍ നിന്നുള്ള വിമര്‍ശനവും മിഡ്ഫീല്‍ഡറെ ബാധിച്ചിരുന്നു.
അയാക്‌സ് ഡച്ച് ലീഗില്‍ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. പോയന്റ് പട്ടികയില്‍ വാലറ്റത്താണ് അവര്‍. ഡിസംബറില്‍ ഡച്ച് കപ്പില്‍ അമച്വര്‍ ടീം ഹെര്‍ക്കുലിസിനോട് പോലും തോറ്റു.