റാലി 2 കാറ്റഗറിയില്‍ ഒന്നാമതായി എത്തി, ഓവറോള്‍ ഇനത്തില്‍ പതിനൊന്നാമന്‍
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ദാകാര്‍ റാലിയില്‍ വിജയം കാണുന്നത്
ജിദ്ദ- ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്- ഇതാണ് ഇന്ന് യാമ്പുവില്‍ സമാപിച്ച ദാകാര്‍ 2024 മോട്ടോര്‍ റാലിയില്‍ പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഹാരിത് നോഹയുടെ ചരിത്രനേട്ടം. ദാകാര്‍ മോട്ടോര്‍ ബൈക്ക് റാലിയില്‍ ഷെര്‍കോ ബാനറില്‍ മല്‍സരിച്ച ഹാരിത് നോഹ റാലി രണ്ടാം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും ഓവറോള്‍ വിഭാഗത്തില്‍ പതിനൊന്നാം സ്ഥാനത്തുമെത്തിയാണ് പതിനഞ്ചുനാള്‍ നീണ്ടു നിന്ന ദാകാര്‍ മോട്ടോര്‍ റാലിയില്‍ ഇന്ത്യയുടെ വിജയക്കൊടി നാട്ടിയത്.
- ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ദാകാര്‍ റാലിയില്‍ രണ്ടാം ദിവസം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ചെറിയ അപകടവും കാരണം മല്‍സരത്തില്‍ നിന്ന് പുറത്തായ ശേഷം ഞാന്‍ ഉറപ്പിച്ചിരുന്നു. ദാകാര്‍-24 ലുള്ള തിരിച്ചുവരവ് സഫലമാക്കുമെന്ന്. നാവിഗേഷന്‍ എറര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തവണ തുടക്കത്തില്‍ തന്നെ - അല്‍ഉലായിലായിരുന്നു ഫ്‌ളാഗ് ഓഫ്- ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും തളരാത്ത ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ബൈക്കോടിച്ചത്...പന്ത്രണ്ടു സ്റ്റേജുകളിലായി നടന്ന മല്‍സരത്തില്‍ 420 കിലോമാറ്ററിനു ശേഷം തന്നെ ഏറെക്കുറെ സഹമല്‍സരാര്‍ഥികളെ പിറകിലക്കി ഓവറോള്‍ ഇനത്തില്‍ പന്ത്രണ്ടാം സ്ഥാനത്തിന്റെ നേട്ടം കൊയ്തത് വലിയ കാര്യമായി ഞാന്‍ കാണുന്നു... ഹാരിത് നോഹ മലയാളം ന്യൂസിനോട് പറഞ്ഞു.
ദ വൈല്‍ഡ് ഹാര്‍ട്ട് ഓഫ് ദ ഡെസര്‍ട്ട് - മരുഭൂമിയുടെ വന്യഹൃദയം- എന്ന ടാഗ് ലൈനുമായി മുന്നേറിയ ഡാക്കര്‍ റാലി പതിനാലു ദിവസത്തെ അതിസാഹസികയാത്രക്ക് ശേഷമാണ് യാമ്പുവില്‍ സമാപിച്ചത്.
റാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വം റൈഡര്‍മാരിലൊരാണാണ് ഹാരിത്. റാലി ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഹാരിത് അഭിപ്രായപ്പെട്ടു. പരമാവധി സുരക്ഷിതമായും വഴി തെറ്റാതെയും ഫിനിഷ് ചെയ്യാനുള്ള ശ്രമമാണ് വിജയം കണ്ടത്. ജി.പി.എസ് - റൂട്ട് ബുക്ക് നോക്കിയുള്ള യായ്രയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇരുപതാമതായി ഫിനിഷ് ചെയ്തത് ഇന്ത്യന്‍ റെക്കോര്‍ഡായിരുന്നു. അത് മെച്ചപ്പെടുത്തുകയെന്നതാണ് ഇത്തവത്തെ ലക്ഷ്യമെന്ന ഹാരിതിന്റെ ലക്ഷ്യമാണ് വിജയം കണ്ടത്.
ഇത്തവണ പുതിയ വേഗം കീഴടക്കുമെന്നും സൗദി മരുഭൂമി തനിക്ക് പരിചിതമായെന്നും ഹാരിത് പറഞ്ഞു. സ്പോര്‍ട്സ് സയന്‍സ് ബിരുദധാരിയായ ഹാരിത് ലോകമെങ്ങും ബൈക്ക് റാലിയില്‍ പങ്കെടുത്ത സാഹസികനാണ്. ഏതാനും മാസം മുമ്പ് മൊറോക്കോയിലെ റാലിയിലും പങ്കെടുത്തിരുന്നു.
പ്രസിദ്ധമായ റുബുഉല്‍ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) ഇത്തവണ ഡാക്കര്‍ റാലി കടന്നുപോയി. ഇത് അഞ്ചാം തവണയാണ് സൗദി അറേബ്യ ഡാക്കര്‍ റാലിയ്ക്ക് ആതിഥേയത്വം വഹിച്ചത്.
സ്പെയിന്‍, ഫ്രാന്‍സ്, മൊറോക്കോ എന്നിവിടങ്ങളിലെ തീവ്രപരിശീലനത്തിനു ശേഷമാണ് ഹാരിത് നോഹ സൗദിയിലെത്തിയത്. ഷൊര്‍ണൂരിനടുത്ത കണയം ഗ്രാമത്തിലെ കെ.വി. മുഹമ്മദ് റാഫിയുടേയും ജര്‍മന്‍കാരിയായ സൂസന്നയുടേയും മകനാണ് മുപ്പതുകാരനായ ഹാരിത് നോഹ.