പാരിസ് - രണ്ടു തവണ ലോക കാര്‍ റാലി ചാമ്പ്യന്‍, നാലാം തവണ ദാകാര്‍ റാലി ചാമ്പ്യന്‍. അറുപത്തൊന്നുകാരന്‍ കാര്‍ലോസ് സയ്ന്‍സിന് പ്രായം വെറും നമ്പറാണ്. ഏറ്റവും സാഹസികമായ കായിക ഇനത്തിലാണ് സ്‌പെയിന്‍കാരന്‍ കരുത്തു തെളിയിക്കുന്നത്. ഇതാ സയ്ന്‍സിനെ പോലെ പ്രായത്തെ കീഴടക്കിയ മറ്റു ചാമ്പ്യന്മാര്‍.
എലീസ പോളക്
1904 ലെ സെയ്ന്‍ ലൂയി ഒളിംപിക്‌സില്‍ അമ്പെയ്ത്തില്‍ മത്സരിക്കാന്‍ അറുപത്തിമൂന്നുകാരി എലിസ പോളക് എത്തിയത് സിന്‍സിനാറ്റിയില്‍ നിന്ന് 350 മൈല്‍ സഞ്ചരിച്ചാണ്. രണ്ട് വ്യക്തിഗത വിഭാഗങ്ങളിലും തന്റെ ക്ലബ്ബിലെ കൂട്ടാളിയും അമ്പത്താറുകാരിയുമായി എമ്മ കുക്ക് സ്വര്‍ണം നേടുന്നത് കാണേണ്ടി വന്ന എലീസ വെങ്കല മെഡലുകള്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്നു. എന്നാല്‍ ടീം ഇനത്തില്‍ എലീസ സ്വര്‍ണം നേടി. അപ്പോള്‍ പ്രായം 63 വയസ്സും 333 ദിവസവും. ഒളിംപിക് ചരിത്രത്തിലെ പ്രായമേറിയ വനിതാ ചാമ്പ്യനാണ് എലീസ. 1972 ല്‍ എഴുപതാം വയസ്സില്‍ അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടിയ ലോര്‍ന ജോണ്‍സ്റ്റണാണ് പ്രായമേറിയ പുരുഷ ഒളിംപിക് ചാമ്പ്യന്‍
ഓസ്‌കര്‍ സ്വാന്‍
ഇരട്ട ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായമേറിയ വ്യക്തി വലിയ താടിക്കാരനായ ഓസ്‌കര്‍ സ്വാനാണ്. 1908 ല്‍ അറുപതാം വയസ്സില്‍ റണ്ണിംഗ് ഡിയര്‍ സിംഗിള്‍ ഷോട്ടില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി. നാലു വര്‍ഷത്തിനു ശേഷം 64 വയസ്സും 258 ദിവസവുമുള്ളപ്പോള്‍ സ്‌റ്റോക്ക്‌ഹോം ഒളിംപിക്‌സില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു. 1920 ല്‍ ആന്റ്‌വേര്‍പ് ഒളിംപിക്‌സിനും സ്വാന്‍ എത്തി. 74ാം വയസ്സില്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന പ്രായമേറിയ താരമായി.
സാചല്‍ പെയ്ജ്
1966 ല്‍ പ്രൊ ബെയ്‌സ്‌ബോളില്‍ ചാമ്പ്യനാവുമ്പോള്‍ സാചല്‍ പെയ്ജിന് പ്രായം 60. 42ാം വയസ്സിലായിരുന്നു അരങ്ങേറ്റം. അതും റെക്കോര്‍ഡാണ്.
ഫ്രെഡ് ഡേവിസ്
1948 മുതല്‍ 1956 വരെ എട്ടു തവണ ലോക സ്‌നൂക്കര്‍ ചാമ്പ്യനായിരുന്നു ഫ്രെഡ് ഡേവിസ്. എന്നാല്‍ സഹോദരന്‍ ജോ ഡേവിസ് 15 തവണ ലോക ചാമ്പ്യനായി. എന്നാല്‍ രണ്ടു തവണ ഹൃദയാഘാതം അതിജീവിച്ചാണ് ഫ്രെഡ് ചാമ്പ്യനായത്. രണ്ടാമത്തേത് 1974 ലെ ലോക ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുമ്പായിരുന്നു. അറുപത്തൊന്നുകാരന്‍ ആ വര്‍ഷം സെമിയിലെത്തി. എഴുപതാം വയസ്സില്‍ അവസാനം പങ്കെടുത്തപ്പോഴും സെമി വരെ മുന്നേറി. ്അവസാന പ്രൊഫഷനല്‍ മത്സരം 79ാം വയസ്സില്‍ 1992 ലായിരുന്നു. 1980 ല്‍ അറുപത്തേഴാം വയസ്സില്‍ ഇഷ്ട ഇനമായ ബില്യാഡ്‌സിലും ഫ്രെഡ് ലോക ചാമ്പ്യനായി. മൂന്നു വര്‍ഷത്തിനു ശേഷം ഫൈനലിലെത്തിയെങ്കിലും തോറ്റു.
സോബിസ്ലാ സസാദ
1973 ല്‍ നാല്‍പത്തിമൂന്നാം വയസ്സിലാണ് യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ പോളിഷ് ഡ്രൈവര്‍ സസാദ അരങ്ങേറിയത്. 2021 ല്‍ 91ാം വയസ്സ് വരെ അദ്ദേഹം മത്സര രംഗത്ത് തുടര്‍ന്നു. കെനിയയിലെ സഫാരി റാലിയായിരുന്നു അവസാനത്തേത്.