യാമ്പു -ആഹ്ലാദത്തെക്കാള്‍ വൈകാരിക നിമിഷമായിരുന്നു ഇറ്റാലിയന്‍ ബൈക്ക് റൈഡര്‍ ജിയോള്‍ മിയോനിക്ക്. 2005 ലെ ദാകാര്‍ റാലിക്കിടെ അപകടത്തില്‍ മരിച്ച പിതാവ് ഫാബ്രിസിയൊ മിയോനിയുടെ ഓര്‍മകളുമായാണ് 18 വര്‍ഷത്തിനു ശേഷം മകന്‍ ദാകാറില്‍ മത്സരിച്ചത്.
ഫിനിഷിംഗ് ലൈന്‍ മറികടക്കുമ്പോള്‍ മിയോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഓറഞ്ച് കെ.ടി.എം 450 ബൈക്കിലാണ് മിയോണി മത്സരിച്ചത്. 2005 ല്‍ അപകടത്തില്‍ മരിക്കുമ്പോള്‍ പിതാവും ഇതേ നിറത്തിലുള്ള കെ.ടി.എം ബൈക്കിലായിരുന്നു.
ബൈക്ക് വിഭാഗം ചാമ്പ്യന്‍ റിക്കി ബ്രാബെച്ചിന്റെ കാമുകി അമേരിക്കക്കാരി സാറാ പ്രൈസിന് മറ്റൊരു വികാരമാണ്. ഏറ്റവും സാഹസികമായ കായികഇനങ്ങളിലൊന്നായ ദാകാര്‍ റാലിയില്‍ ഒരു സ്റ്റെയ്ജ് വിജയിക്കുന്ന മൂന്നാമത്തെ വനിതയായി സാറാ പ്രൈസ്. ടി-4 വിഭാഗത്തിലാണ് 230 മൈല്‍ സഞ്ചരിച്ച് സാറ പതിനൊന്നാം സ്റ്റെയ്ജില്‍ ജയിച്ചത്. മുപ്പത്തൊന്നുകാരി ദാകാര്‍ ജയിക്കുന്ന ആദ്യ അമേരിക്കന്‍ വനിതാ ഡ്രൈവറാണ്. കാലിഫോര്‍ണിയക്കാരിക്ക് ഇത് ദാകാറിലെ അരങ്ങേറ്റമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവിധ സാഹസിക മത്സരങ്ങളില്‍ സാറ പങ്കെടുത്തിട്ടുണ്ട്. എക്‌സ് ഗെയിംസില്‍ മെഡലുകാരിയാണ്. ഇലക്ട്രിക് റെയ്‌സിംഗ് സീരീസില്‍ പങ്കെടുത്തിരുന്നു. ഡേര്‍ട് ബൈക്ക് നാഷനല്‍ ചാമ്പ്യനാണ്. കുറച്ചുകാലം ഹോളിവുഡില്‍ സ്റ്റണ്ട് ഡ്രൈവറായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ സൗദിയിലെ അറ്റമില്ലാത്ത മരുഭൂമിയില്‍ കാറോടിച്ച് ജയിക്കണമെന്നത് സാറയുടെ സ്വപ്‌നമായിരുന്നു. സ്‌പോണ്‍സര്‍മാരെ കാത്തുനിന്ന് മതിയായ ശേഷം കൈയിലുള്ള പണം മുഴുവന്‍ ചെലവാക്കിയിട്ടായാലും ദാകാറില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് തീരുമാനമെടുത്തത്. ദാകാറിന് ഒരുങ്ങാന്‍ ഒക്ടോബറില്‍ മൊറോക്കോയില്‍ നടന്ന ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അവിടെയും ഒരു സ്റ്റെയ്ജ് വിജയിക്കുന്ന ആദ്യ അമേരിക്കക്കാരിയായി.