യാമ്പു - സ്‌പെയിനിന്റെ വെറ്ററന്‍ ഡ്രൈവര്‍ കാര്‍ലോസ് സയ്ന്‍സ് 2024 ലെ ദാകാര്‍ റാലിയില്‍ കാര്‍ വിഭാഗത്തില്‍ ചാമ്പ്യനായി. നാലാം തവണയാണ് 'എല്‍ മറ്റഡോര്‍' എന്നറിയപ്പെടുന്ന സയ്ന്‍സ് ദാകാറില്‍ കിരീടം നേടുന്നത്. 2010, 2018, 2020 വര്‍ഷങ്ങളിലും സയ്ന്‍സ് കിരീടം നേടിയിരുന്നു. ദാകാര്‍ ചാമ്പ്യനാവുന്ന പ്രായമേറിയ ഡ്രൈവറാണ് അറുപത്തൊന്നുകാരന്‍. രണ്ടു തവണ ലോക റാലി ചാമ്പ്യനുമായിരുന്നു. പ്രധാന എതിരാളികള്‍ക്കെല്ലാം യന്ത്രത്തകരാറ് സംഭവിച്ചതാണ് ഇത്തവണ സയ്ന്‍സിനെ കിരീടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ, ഓവറോള്‍ ലീഡുണ്ടായിരുന്ന സൗദി അറേബ്യയുടെ യസീദ് അല്‍റാജി, ഫ്രഞ്ച് ഡ്രൈവര്‍ സെബാസ്റ്റ്യന്‍ ലോബ് എന്നിവരൊക്കെ യന്ത്രത്തകരാറ് കാരണം മണിക്കൂറുകളോളം മരുഭൂമിയില്‍ കുടുങ്ങുകയോ വഴി തെറ്റുകയോ ചെയ്തു. വ്യാഴാഴ്ച ലോബ് ഒരു മണിക്കൂറിലേറെ കുടുങ്ങിയതോടെയാണ് സയ്ന്‍സിന്റെ അവസാന പ്രതിബന്ധവും നീങ്ങിയത്.
ആറാം സ്‌റ്റെയ്ജ് മുതല്‍ സയ്ന്‍സ് ഓവറോള്‍ ലീഡ് ചെയ്യുന്നുണ്ട്. സഹ ഓഡി ഡ്രൈവര്‍മാരായ സ്വീഡന്റെ മതിയാസ് എക്‌സ്‌ട്രോമും 14 തവണ ചാമ്പ്യനായ മിസ്റ്റര്‍ ദാകാര്‍ എന്നറിയപ്പെടുന്ന സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സലും സയ്ന്‍സിന്റെ സഹായികളായുണ്ട്.
ബെല്‍ജിയത്തിന്റെ അരങ്ങേറ്റക്കാരന്‍ ഗ്വിയോം ഡി മേവിയസിനെ (ടൊയോട്ട) ഒരു മണിക്കൂറിലേറെ വ്യത്യാസത്തിനാണ് സയ്ന്‍സ് പരാജയപ്പെടുത്തിയത്. ഒമ്പത് തവണ ലോക കാര്‍ റാലി ചാമ്പ്യനായ ലോബ് (പ്രോഡ്രൈവ്) മൂന്നാം സ്ഥാനത്തെത്തി. ലോബ കഴിഞ്ഞ രണ്ടു തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.
വിജയപീഠത്തിലെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന ഇരുപത്തൊമ്പതുകാരന്‍ ഡി മേവിയസ് പറഞ്ഞു. അതൊരു സ്വപ്‌നമായി ഉണ്ടായിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല -ബെല്‍ജിയംകാരന്‍ പറഞ്ഞു.
ബൈക്ക് വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണ അമേരിക്കക്കാരന്‍ റിക്കി ബ്രാബെച് ചാമ്പ്യനായി. ബോട്‌സ്വാനയുടെ റോസ് ബ്രാഞ്ചിനെക്കാള്‍ (ഹീറോ) മുപ്പത്തിരണ്ടുകാരനായ ഹോണ്ട റൈഡര്‍ക്ക് 10 മിനിറ്റ് 53 സെക്കന്റിന്റെ ലീഡുണ്ടായിരുന്നു. ഫ്രഞ്ചുകാരന്‍ അഡ്രിയന്‍ വാന്‍ബെവറേന്‍ മൂന്നാം സ്ഥാനത്തെത്തി.
ഒരിക്കല്‍ പോലും വീഴാതെ ദാകാര്‍ റാലി പൂര്‍ത്തിയാക്കാനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ബ്രാബെച് പറഞ്ഞു.
ലോക കാര്‍ റാലിയില്‍ റെക്കോര്‍ഡ് തവണ ചാമ്പ്യനായിട്ടുള്ള സെബാസ്റ്റ്യന്‍ ലോബിന്റെ ദാകാര്‍ കിരീടമോഹങ്ങള്‍ പതിനൊന്നാം റൗണ്ടിലാണ് മണലെടുത്തത്. അവസാനത്തേതിന് മുന്നിലെ സ്‌റ്റെയ്ജില്‍ യന്ത്രത്തകരാറ് കാരണം ഒരു മണിക്കൂറിലേറെ ഫ്രഞ്ചുകാരന്‍ മരുഭൂമിയില്‍ കുടുങ്ങി. അതോടെ തുടര്‍ച്ചയായ രണ്ടാം സ്റ്റെയ്ജിലും മറ്റൊരു ഫ്രഞ്ച് ഡ്രൈവര്‍ ഗുവര്‍ലയ്ന്‍ ചിചേരിറ്റാണ് വിജയിച്ചത്.
ഒമ്പത് തവണ ലോക കാര്‍ റാലി ചാമ്പ്യനായിട്ടുള്ള ലോബ് പതിനൊന്നാം സ്റ്റെയ്ജ് ആരംഭിക്കുമ്പോള്‍ കാര്‍ലോസ് സയ്ന്‍സിന് 13 മിനിറ്റ് പിന്നിലായിരുന്നു. എന്നാല്‍ അല്‍ഉലയില്‍ നിന്ന് യാമ്പുവിലേക്കുള്ള 480 കിലോമീറ്റര്‍ മത്സരം 132 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നാല്‍പത്തൊമ്പതുകാരന്റെ കാര്‍ പണി മുടക്കി. ഏറ്റവും പ്രയാസകരമായ സ്റ്റെയ്ജാണ് പതിനൊന്നാമത്തേതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു മണല്‍ക്കൂന കഴിഞ്ഞയുടന്‍ കല്ലിലേക്ക് ലോബിന്റെ കാര്‍ വീഴുകയായിരുന്നു. പതിനൊന്നാം സ്റ്റെയ്ജ് അവസാനിക്കുമ്പോള്‍ സയ്ന്‍സിന് ഒന്നര മണിക്കൂറിലേറെ ലോബ് പിന്നിലായി. കഴിഞ്ഞ രണ്ട് ദാകാര്‍ റാലിയിലും നാസര്‍ അല്‍അതിയ്യക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ലോബ്.
അതോടെ പന്ത്രണ്ടാം സ്റ്റെയ്ജില്‍ വലിയ യന്ത്രത്തകരാറൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ സയ്ന്‍സ് കിരീടം ഉറപ്പായി. അടുത്തൊന്നും എതിരാളികളില്ലെന്ന് വ്യക്തമായതോടെ സാഹസം കാണിക്കാതെ സയ്ന്‍സ് അവസാന സ്‌റ്റെയ്ജ് പൂര്‍ത്തിയാക്കി.