കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി- ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും. നാലു മുതല്‍ ആറാഴ്ച വരെയാണ് പ്രതികള്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.  

ബില്‍ക്കീസ് ബാനു കേസിലെ 11ല്‍ ഏഴു പേരാണ് സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സുപ്രിം കോടതി അനുവദിച്ച കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യവും ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് ബിവി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ വന്ന ആവശ്യത്തെ തുടര്‍ന്ന് കേസ് അടിയന്തര വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി. പി. എം നേതാവ് സുഭാഷിണി അലിയും ടി. എം. സി നേതാവ് മഹുവ മൊയ്ത്രയും ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി വന്നത്. കുറ്റവാളികള്‍ ഒരുതരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബില്‍ക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

മാതാപിതാക്കളുടെ സംരക്ഷണം, ശീതകാല കൃഷി, മകന്റെ വിവാഹം, ശസ്ത്രക്രിയ തുടങ്ങിയ കാരണമങ്ങളാണ് ജയിലിലേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട പ്രതികള്‍ നല്കിയ അപേക്ഷയില്‍ കാരണം പറഞ്ഞിരിക്കുന്നത്.

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

Latest News