ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിയുന്നു. ഉസ്‌ബെക്കിസ്ഥാനോട് കനത്ത തോല്‍വി വാങ്ങിയതോടെ ഇന്ത്യ പ്രി ക്വാര്‍ട്ടറിലെത്താന്‍ അദ്ഭുതം സംഭവിക്കണം. ആദ്യ പകുതിയില്‍ വഴങ്ങിയ മൂന്നു ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത് (0-3). രണ്ട് കളിയില്‍ അഞ്ച് ഗോള്‍ വഴങ്ങിയ ഇന്ത്യക്ക് സിറിയയുമായുള്ള കളിയാണ് ബാക്കിയുള്ളത്. സിറിയക്ക് ഒരു പോയന്റുണ്ട്.
പ്രതിരോധം ഛിന്നഭിന്നം
ലോക ഇരുപത്തഞ്ചാം റാങ്കുകാരും 2015 ലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയക്കെതിരെ ആദ്യ പകുതിയില്‍ ഉശിരോടെ പിടിച്ചുനിന്ന ഇന്ത്യക്ക് ആ പ്രകടനം ഉസ്‌ബെക്കിസ്ഥാനെതിരെ ആവര്‍ത്തിക്കാനായില്ല. നാലാം മിനിറ്റില്‍ അബൂസബഖ് ഫയ്‌സുല്ലായേവിലൂടെ ഉസ്‌ബെക്കിസ്ഥാന്‍ ലീഡ് നേടി. ഷെര്‍സോദ് നസറുല്ലായേവിന്റെ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് ഹെഡറിലൂടെയായിരുന്നു ഗോള്‍. അവിടുന്നങ്ങോട്ട് ഉസ്‌ബെക്കിസ്ഥാന്‍ കളിയുടെ കടിഞ്ഞാണേറ്റെടുത്തു.
പതിനെട്ടാം മിനിറ്റില്‍ പ്രതിരോധപ്പിഴവില്‍ നിന്നു തന്നെയായിരുന്നു രണ്ടാമത്തെ ഗോളും. രാഹുല്‍ ഭെക്കെയില്‍നിന്ന് പിടിച്ച പന്തുമായി കുതിച്ച ഫസലുല്ലായേവ് ബോക്‌സില്‍നിന്ന് ഷോട്ടോടുത്തതായിരുന്നു. ക്രോസ്ബാറിനിടിച്ച് പന്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധം ഛിന്നഭിന്നമായിരുന്നു. ഇഗോര്‍ സെര്‍ജിയേവ് അവസരം മുതലെടുത്ത് വല കുലുക്കി. പിന്നീട് ഇന്ത്യന്‍ പ്രതിരോധനിരയും ഉസ്‌ബെക് മുന്നേറ്റക്കാരും തമ്മിലായി പോരാട്ടം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആ ശ്രമം ഫലം കണ്ടു. മന്‍വീര്‍ സിംഗിനെ വെട്ടിച്ച് നസറുല്ലായേവ് തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിനിടിച്ചു മടങ്ങി. റീബൗണ്ടില്‍ നസറുല്ലായേവിന് പിഴച്ചില്ല.
പരിക്കേറ്റ സഹല്‍ അബ്ദുല്‍സമദ് ഈ മത്സരത്തിലും കളിച്ചില്ല. രണ്ടാമത്തെ മലയാളി മിഡ്ഫീല്‍ഡര്‍ കെ.പി രാഹുല്‍ പകരക്കാരനായിറങ്ങി.