യാമ്പു - ലോക കാര്‍ റാലിയില്‍ റെക്കോര്‍ഡ് തവണ ചാമ്പ്യനായിട്ടുള്ള സെബാസ്റ്റ്യന്‍ ലോബിന്റെ ദാകാര്‍ കിരീടമോഹങ്ങള്‍ മണലെടുത്തു. അവസാനത്തേതിന് മുന്നിലെ സ്‌റ്റെയ്ജില്‍ യന്ത്രത്തകരാറ് കാരണം ഒരു മണിക്കൂറിലേറെ ഫ്രഞ്ചുകാരന്‍ മരുഭൂമിയില്‍ കുടുങ്ങി. തുടര്‍ച്ചയായ രണ്ടാം സ്റ്റെയ്ജിലും മറ്റൊരു ഫ്രഞ്ച് ഡ്രൈവര്‍ ഗുവര്‍ലയ്ന്‍ ചിചേരിറ്റാണ് വിജയിച്ചത്.
ഒമ്പത് തവണ ലോക കാര്‍ റാലി ചാമ്പ്യനായിട്ടുള്ള ലോബ് പതിനൊന്നാം സ്റ്റെയ്ജ് ആരംഭിക്കുമ്പോള്‍ കാര്‍ലോസ് സയ്ന്‍സിന് 13 മിനിറ്റ് പിന്നിലായിരുന്നു. എന്നാല്‍ അല്‍ഉലയില്‍ നിന്ന് യാമ്പുവിലേക്കുള്ള 480 കിലോമീറ്റര്‍ മത്സരം 132 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നാല്‍പത്തൊമ്പതുകാരന്റെ കാര്‍ പണി മുടക്കി. ഏറ്റവും പ്രയാസകരമായ സ്റ്റെയ്ജാണ് പതിനൊന്നാമത്തേതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു മണല്‍ക്കൂന കഴിഞ്ഞയുടന്‍ കല്ലിലേക്ക് ലോബിന്റെ കാര്‍ വീഴുകയായിരുന്നു. പതിനൊന്നാം സ്റ്റെയ്ജ് അവസാനിക്കുമ്പോള്‍ സയ്ന്‍സിന് ഒന്നര മണിക്കൂറിലേറെ ലോബ് പിന്നിലായി. കഴിഞ്ഞ രണ്ട് ദാകാര്‍ റാലിയിലും നാസര്‍ അല്‍അതിയ്യക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ലോബ്.
പന്ത്രണ്ടാം സ്റ്റെയ്ജില്‍ വലിയ യന്ത്രത്തകരാറൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ സയ്ന്‍സ് ഇത്തവണ കിരീടം നേടും. 2010, 2018, 2020 വര്‍ഷങ്ങളിലും സയ്ന്‍സ് കിരീടം നേടിയിരുന്നു. ലോബിന്റെ വാഹനം തകരാറിലായെന്ന് മനസ്സിലാക്കിയതോടെ സാഹസം കാണിക്കാതെ ഓടിച്ചുവെന്ന് അറുപത്തൊന്നുകാരന്‍ പറഞ്ഞു.