പാരിസ് - ഇസ്രായിലിന്റെ ഗാസ നരമേധത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഭീകരവാദ ആരോപണമുന്നയിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിനെതിരെ ഫുട്‌ബോളര്‍ കരീം ബെന്‍സീമ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മുസലിം ബ്രദര്‍ഹുഡുമായി ബെന്‍സീമക്ക് കുപ്രസിദ്ധമായ ബന്ധമുണ്ടെന്നും ചില കാര്യങ്ങളില്‍ മാത്രമാണ് താരം പ്രതികരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെയാണ് സൗദി അറേബ്യന്‍ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ കളിക്കുന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ സമീപിച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച് തന്നെ അപമാനിച്ചെന്നും മാന്യതക്ക് കളങ്കമേല്‍പിച്ചുവെന്നും തന്നെ ശത്രുവായി മുദ്ര കുത്തിയെന്നും ബെന്‍സീമ കുറ്റപ്പെടുത്തി. ബെന്‍സീമയെയും കുടുംബത്തെയും അപമാനിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മന്ത്രി ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹ്യൂസ് വീജിയര്‍ പറഞ്ഞു. ഫ്രാന്‍സിന് വേണ്ടി 97 മത്സരങ്ങളില്‍ 37 ഗോളടിച്ചിട്ടുണ്ട് ബെന്‍സീമ.