ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബി-യില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ആദ്യ പകുതിയില്‍ ഇന്ത്യ തകര്‍ന്നു. ലോക ഇരുപത്തഞ്ചാം റാങ്കുകാരും 2015 ലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയക്കെതിരെ ആദ്യ പകുതിയില്‍ ഉശിരോടെ പിടിച്ചുനിന്ന ഇന്ത്യക്ക് ആ പ്രകടനം ഉസ്‌ബെക്കിസ്ഥാനെതിരെ ആവര്‍ത്തിക്കാനായില്ല. നാലാം മിനിറ്റില്‍ അബൂസബഖ് ഫയ്‌സുല്ലായേവിലൂടെ ഉസ്‌ബെക്കിസ്ഥാന്‍ ലീഡ് നേടി. പതിനെട്ടാം മിനിറ്റില്‍ ഇഗോര്‍ സെര്‍ജിയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ ഷെര്‍സോദ് നസറുല്ലായേവും സ്‌കോര്‍ ചെയ്തു. ഈ കളിയും തോറ്റാല്‍ പ്രി ക്വാര്‍ട്ടര്‍ പ്രവേശനം ഇന്ത്യക്ക് പ്രയാസമാവും.
പരിക്കേറ്റ സഹല്‍ അബ്ദുല്‍സമദ് ഈ മത്സരത്തിലും കളിച്ചില്ല. രണ്ടാമത്തെ മലയാളി മിഡ്ഫീല്‍ഡര്‍ കെ.പി രാഹുലും പ്ലേയിംഗ് ഇലവനില്‍ ഇല്ല.
രണ്ടാം ജയത്തോടെ ഓസ്‌ട്രേലിയ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. പ്രി ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമാണ് ഓസ്‌ട്രേലിയ. ആതിഥേയരായ ഖത്തറാണ് ആദ്യം മുന്നേറിയ ടീം.
സിറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിക്കാന്‍ ഓസ്‌ട്രേലിയ പ്രയാസപ്പെട്ടു. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജാക്‌സന്‍ ഇര്‍വിനാണ് ലക്ഷ്യം കണ്ടത്. ഗോള്‍കീപ്പര്‍ അഹമ്മദ് മദനിയുടെ കാലുകള്‍ക്കിടയിലൂടെ ലക്ഷ്യം കണ്ടു. ഇന്ത്യക്കെതിരായ വിജയത്തിലും ഇര്‍വിന്‍ സ്‌കോര്‍ ചെയ്തിരുന്നു.
അഞ്ചാം മിനിറ്റില്‍ തന്നെ സിറിയ ലീഡ് നേടേണ്ടതായിരുന്നു. കൊളംബിയയില്‍ ജനിച്ച പാബലൊ സബ്ബാഗിന്റെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. അയ്ദന്‍ ഒനീലിന്റെ കൈമുട്ട് കൊണ്ട് ആദ്യ പകുതിയില്‍ സബ്ബാഗിന്റെ മുഖത്തു നിന്ന് ചോരയൊലിക്കുകയും ചെയ്തു. ക്രമേണ ഓസ്‌ട്രേലിയ നിയന്ത്രണം പിടിച്ചു. ഇടവേളക്ക് പത്ത് മിനിറ്റ് മുമ്പ് ഓസ്‌ട്രേലിയ ലീഡ് നേടേണ്ടതായിരുന്നു. കാണികളുടെ നിറഞ്ഞ പിന്തുണയോടെ പൊരുതിയ സിറിയയും ഏതാനും അവസരങ്ങളൊരുക്കി. അറുപത്തേഴാം മിനിറ്റില്‍ ഗോള്‍ലൈനില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ ഗോളി മാറ്റ് റയാന്‍ ടീമിനെ രക്ഷിച്ചത്.
ഓസ്‌ട്രേലിയ കഴിഞ്ഞ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറിലെത്തിയിരുന്നു. പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോടാണ് തോറ്റത്.