മെല്‍ബണ്‍ - വനിതാ ഗ്രാന്റ്സ്ലാം ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ടൈബ്രേക്കറിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ടിലെ അന്ന ബ്ലിങ്കോവ-എലേന റിബാകീന മത്സരം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. 42 പോയന്റ് നീണ്ട ടൈബ്രേക്കറിനൊടുവില്‍ ബ്ലിങ്കോവ മത്സരം ജയിച്ചു. പത്താമത്തെ മാച്ച് പോയന്റാണ് ബ്ലിങ്കോവ മുതലാക്കിയത്. 2022 ലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ റിബാകീന ആറ് മാച്ച് പോയന്റുകളും പാഴാക്കി. പലതവണ വിജയസാധ്യത മാറിമറിഞ്ഞു. 6-4, 4-6, 7-6 (22-20) ന് ബ്ലിങ്കോവ ജയിച്ചു. റിബാകീന കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായിരുന്നു. അരീന സബലെങ്കയോടാണ് കിരീടപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത്.
നാടകീയമായിരുന്നു മൂന്നാം സെറ്റ്. സെറ്റില്‍ ആറു സര്‍വീസ് ബ്രെയ്ക്കുകളുണ്ടായി.
ബ്ലിങ്കോവ രണ്ടു തവണ വിജയത്തിനായി സെര്‍വ് ചെയ്‌തെങ്കിലും ബ്രെയ്ക്ക് ചെയ്യപ്പെട്ടു. അര മണിക്കൂറിലേറെയാണ് ടൈബ്രേക്കര്‍ നീണ്ടത്. 57ാം റാങ്കുകാരിയായ ബ്ലിങ്കോവ അവസാന 20 ഗ്രാന്റ്സ്ലാമുകളില്‍ പതിമൂന്നിലും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
ടോപ് റാങ്കുകാരി ഈഗ ഷ്വിയോന്‍ടെക് മൂന്നാം സെറ്റില്‍ 1-4 ന് പിന്നിലായ ശേഷം 2022 ലെ റണ്ണര്‍അപ് ഡാനിയേല്‍ കോളിന്‍സിനെ തോല്‍പിച്ചു (6-4, 3-6, 6-4). തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ നേടിയാണ് ഈഗ തിരിച്ചുവന്നത്.
അഞ്ചാം റാങ്കുകാരി ജെസിക്ക പെഗൂലയെ ക്ലാര ബ്യൂറല്‍ അട്ടിമറിച്ചു (4-6, 2-6). പതിനാലാം സീഡ് ദാരിയ കസാത്ഖീനയെ 2017 ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ സ്ലോന്‍ സ്റ്റീഫന്‍സ് കീഴടക്കി. എന്നാല്‍ 2021 ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ എമ്മ റാഡുകാനു വാംഗ് യാഫാനോട് തോറ്റ് പുറത്തായി.
ഒരു സെറ്റ് കൈവിട്ടെങ്കിലും വിംബിള്‍ഡണ്‍ പുരുഷ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് മൂന്നാം റൗണ്ടിലെത്തി. ലോറന്‍സൊ സൊനേഗോയെയാണ് 6-4, 6-7 (3-7), 6-3, 7-6 (7-3) ന് തോല്‍പിച്ചത്. എന്നാല്‍ എട്ടാം സീഡ് ഹോള്‍ഗര്‍ റൂണെയെ ആര്‍തര്‍ കസോക്‌സ് നാല് സെറ്റില്‍ അട്ടിമറിച്ചു. ഒളിംപിക് ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വരേവിനും പതിനൊന്നാം സീഡ് കാസ്പര്‍ റൂഡിനും മൂന്നാം റൗണ്ടിലെത്താന്‍ കഠിനാധ്വാനം വേണ്ടി വന്നു. 163ാം റാങ്കുകാരന്‍ ലുക്കാസ് ക്ലെയ്‌നിനെ നാലര മണിക്കൂര്‍ പൊരുതിയാണ് സ്വരേവ് 7-5, 3-6, 4-6, 7-6 (7-5), 7-6 (9-7) ന് തോല്‍പിച്ചത്. മാക്‌സ് പര്‍സെലിനെ 6-3, 6-7 (5-7), 6-3, 3-6, 7-6 (9-7) ന് റൂഡ് കീഴടക്കി.