റിയാദ് - മുന്‍ ലിവര്‍പൂള്‍ നായകന് ജോര്‍ദന്‍ ഹെന്ഡേഴ്സന് സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഡച്ച് ടീം അയാക്സില്‍ ചേരുകയാണ് മുപ്പത്തിമൂന്നുകാരന്. മുന്‍ ലിവര്‍പൂള്‍ രോമാഞ്ചം സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖ് സൗദി പ്രൊ ലീഗില്‍ എട്ടാം സ്ഥാനത്താണ്.
അല്‍ഇത്തിഫാഖിന്റെ അബുദാബിയിലെ ക്യാമ്പില്‍ വൈകിയാണ് ഹെന്ഡേഴ്സന് എത്തിയത്. രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷം അപ്രത്യക്ഷനായി. പിന്നീട് ദുബായിലാണ് അയാക്സില്‍ ചേരും മുമ്പുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയനായത്. റിയാദിലെ കൊടും ചൂടും ഹ്യൂമിഡിറ്റിയുമുള്ള കാലാവസ്ഥയുമായി ഇണങ്ങാന്‍ ഹെന്ഡേഴ്സന് പ്രയാസമുണ്ടായിരുന്നു. സൗദി ക്ലബ്ബിന് കളിക്കുന്നതില്‍ ബ്രിട്ടിഷ് ആരാധകര്‍ ഹെന്‍ഡേഴ്സനെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. പ്രകടനം മോശമാവുമ്പോള്‍ സൗദി ആരാധകരില്‍ നിന്നുള്ള വിമര്‍ശനവും മിഡ്ഫീല്‍ഡറെ ബാധിച്ചിരുന്നു.
അയാക്സ് ഡച്ച് ലീഗില്‍ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. പോയന്റ് പട്ടികയില്‍ വാലറ്റത്താണ് അവര്‍. ഡിസംബറില്‍ ഡച്ച് കപ്പില്‍ അമച്വര്‍ ടീം ഹെര്ക്കുലിസിനോട് പോലും തോറ്റു.