ബംഗളൂരു - ആദ്യ നാലോവറിനു ശേഷം റണ്ണൊഴുക്കിന്റെ പെരുമഴ കണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നാം ട്വന്റി20 ത്രില്ലര്‍ ടൈയില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറും ടൈ ആയി. അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ ഇരട്ട സിക്‌സറില്‍ ഇന്ത്യ അത് മറികടക്കുമെന്ന് തോന്നി. രണ്ട് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ രോഹിത് ശര്‍മ റിട്ടയര്‍ ചെയ്ത് റിങ്കു സിംഗ് കളത്തിലിറങ്ങി. എങ്കിലും യശസ്വി ജയ്‌സ്വാളിന് ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.
നിശ്ചിത 20 ഓവറില്‍ ഇന്ത്യയുടെ നാലിന് 212 മറികടക്കാന്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് മതിയായിരുന്നു അഫ്ഗാനിസ്ഥാന്. തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ച ഗുല്‍ബദ്ദീന്‍ നാഇബിന് (23 പന്തില്‍ 53 നോട്ടൗട്ട്) രണ്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല. സ്‌കോര്‍: ഇന്ത്യ നാലിന് 212, ്അഫ്ഗാനിസ്ഥാന്‍ ആറിന് 212.
അഞ്ചാം ട്വന്റി20 സെഞ്ചുറി തികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (69 പന്തില്‍ 121 നോട്ടൗട്ട്) അവസാന അഞ്ചോവറില്‍ ഒപ്പം റണ്‍ പ്രളയം തീര്‍ത്ത റിങ്കു സിംഗുമാണ് (39 പന്തില്‍ 69 നോട്ടൗട്ട്) നാലിന് 22ല്‍ നിന്ന് ഇന്ത്യയെ 200 കടത്തിയത്. അഫ്ഗാനിസ്ഥാന്‍ തുല്യനാണയത്തില്‍ തിരിച്ചടിച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കെ അവര്‍ 18 റണ്‍സെടുത്തു.
ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (32 പന്തില്‍ 50) ഇബ്രാഹിം സദ്‌റാനും (41 പന്തില്‍ 50) നല്ല തുടക്കം നല്‍കുകയും മുഹമ്മദ് നബിയും (16 പന്തില്‍ 34) ഗുല്‍ബദ്ദീന്‍ നാഇബും കടിഞ്ഞാണേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റും സുപ്രധാന ക്യാച്ചുമെടുത്ത് ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി.
വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായതോടെ 4.3 ഓവറില്‍ നാലിന് 22 ലേക്ക് തകര്‍ന്ന ടീമിനെയാണ് രോഹിതും റിങ്കുവും ചുമലിലേറ്റിയത്. അവസാന അഞ്ചോവറില്‍ ഇരുവരും അടിച്ചെടുത്തത് 103 റണ്‍സായിരുന്നു. ഇരുവരും തുടക്കത്തില്‍ പ്രയാസപ്പെട്ടു. എന്നാല്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സലീമിനെ രോഹിത് തെരഞ്ഞുപിടിച്ച് ആക്രമിച്ചതോടെ റണ്‍സണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പ്രയാസകരമായ പിച്ചില്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം രണ്ടക്കത്തിലെത്താതെ പുറത്തായി.
പത്തൊമ്പതാം ഓവറില്‍ അസ്മതുല്ല ഉമര്‍സായിയുടെ തുടര്‍ച്ചയായ പന്തുകള്‍ സിക്‌സറിനും ഇരട്ട ബൗണ്ടറിക്കും പറത്തിയ രോഹിത് 64 പന്തില്‍ സെഞ്ചുറി തികച്ചു. റിങ്കു അതേ ഓവറില്‍ സിക്‌സറിലൂടെ അര്‍ധ ശതകം പിന്നിട്ടു. കരീം ജന്നത് എറിഞ്ഞ അവസാന ഓവറില്‍ ബൗണ്ടറിയോടെ രോഹിത് തുടങ്ങി. നോബോളായ അടുത്ത പന്തും ്അതിനുള്ള ഫ്രീഹിറ്റും സിക്‌സറിനുയര്‍ത്തി. സിംഗിളെടുത്ത് റിങ്കുവിന് ബാറ്റണ്‍ കൈമാറി. അവസാന മൂന്ന് പന്തുകളും റിങ്കു സിക്‌സറിനുയര്‍ത്തിയതോടെ 36 റണ്‍സാണ് അവസാന ഓവറില്‍ ഒഴുകിയത്. രോഹിത് എട്ട് സിക്‌സറും 11 ബൗണ്ടറിയും പായിച്ചപ്പോള്‍ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമുണ്ട് റിങ്കുവിന്റെ ഇന്നിംഗ്‌സില്‍.
യശസ്വി ജയ്‌സ്വാളിനെയും (4) കോലിയെയും ഫരീദ് അഹമ്മദാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. അടുത്ത ഓവറില്‍ സഞ്ജുവും മടങ്ങി. ശിവം ദൂബെയെ (1) അസ്മതുല്ല ഉമര്‍സായി മടക്കി. ആദ്യ രണ്ടു കളികളില്‍ സഞ്ജു ടീമിലുണ്ടായിരുന്നില്ല.