ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. അരങ്ങേറ്റക്കാരായ താജിക്കിസ്ഥാന്‍ ധീരമായി ചെറുത്തുനിന്നെങ്കിലും പതിനേഴാം മിനിറ്റില്‍ അക്രം അഖീഫ് നേടിയ ഗോള്‍ മതിയായിരുന്നു ഖത്തറിന് ജയിക്കാന്‍. 81ാം മിനിറ്റില്‍ അമദോനി കമാലോവ് ചുവപ്പ് കാര്‍ഡ് കണ്ട ശേഷം 20 മിനിറ്റോളം താജിക്കിസ്ഥാന്‍ പത്തു പേരുമായാണ് കളിച്ചത്. ലെബനോനെ ആദ്യ കളിയില്‍ തോല്‍പിച്ച ഖത്തറിന് ചൈനയുമായി മത്സരം ബാക്കിയുണ്ട്. ഖത്തറിന് ആറും ചൈനക്ക് രണ്ടും താജിക്കിസ്ഥാനും ലെബനോനും ഓരോ പോയന്റുമാണ്.
രണ്ടാമത്തെ മത്സരത്തിലും ഗോള്‍രഹിത സമനില വഴങ്ങിയതോടെ ചൈനയുടെ നോക്കൗട്ട് പ്രവേശം ആശങ്കയിലായി. അല്‍തുമാമ ലോകകപ്പ് സ്റ്റേഡിയത്തില്‍ ലെബനോനെതിരെ കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. രണ്ടു തവണ ക്രോസ്ബാര്‍ ചൈനയുടെ രക്ഷക്കെത്തി. ഒരു തവണ ചൈനയുടെ ഷോട്ട് ഗോള്‍ലൈനില്‍ ലെബനോന്‍ പ്രതിരോധം അടിച്ചകറ്റി.
ഹാഫ് ടൈമിന്റെ ഇരു വശത്തുമായി ഹസന്‍ മഅതൂഖിന്റെയും ഹസന്‍ സറൂറിന്റെയും ഷോട്ടുകളാണ് ക്രോസ്ബാറിലിടിച്ച് മടങ്ങിയത്. അറുപത്തഞ്ചാം മിനിറ്റില്‍ വു ലെയുടെ ഷോട്ട് ലെബനോന്‍ ഡിഫന്റര്‍ ഗോള്‍ലൈനില്‍ രക്ഷിച്ചു. ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ലെബനോന്‍ ഗോളി മുസ്തഫ മതര്‍ രക്ഷിച്ചു.
താജിക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ചൈന ഗോളടിക്കാതെയാണ് പിരിഞ്ഞത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമാണ് അവര്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഖത്തറിനെയാണ് ചൈനക്ക് നേരിടേണ്ടത്. സമനിലയെങ്കിലും നേടിയാല്‍ നോക്കൗട്ട് പ്രതീക്ഷയുണ്ട്.