അല്‍ഉല - ഈ വര്‍ഷത്തെ ദാകാര്‍ റാലി വെള്ളിയാഴ്ച യാമ്പുവില്‍ സമാപിക്കാനിരിക്കെ ചാമ്പ്യന്‍പട്ടത്തിനായി സെബാസ്റ്റ്യന്‍ ലോബും കാര്‍ലോസ് സയ്ന്‍സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബൈക്ക് വിഭാഗത്തില്‍ അമേരിക്കയുടെ റിക്കി ബ്രാബെച് കിരീടം ഏതാണ്ടുറപ്പാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷവും നാസര്‍ അല്‍അതിയ്യക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന ലോബ് പത്താം സ്റ്റെയ്ജിലെ പ്രകടനത്തിലൂടെ സയ്ന്‍സിനോട് ഒരു ചുവട് കൂടി അടുത്തു. സയ്ന്‍സിന്റെ ലീഡ് ഏഴ് മിനിറ്റ് കൂടി കുറക്കാന്‍ ലോബിന് സാധിച്ചു. സയ്ന്‍സിന്റെ ലീഡ് 13 മിനിറ്റ് 22 സെക്കന്റായി കുറഞ്ഞു. അല്‍ഉല മുതല്‍ യാമ്പു വരെയുള്ള 480 കിലോമീറ്റര്‍ സ്‌പെഷ്യല്‍ മത്സരാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. ഇത്തവണ നാസറിന്റെയും സൗദി ഡ്രൈവര്‍ യസീദ് അല്‍റാജിയുടെയും പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു.
പരുപരുത്ത പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള പത്താം സ്റ്റെയ്ജില്‍ ലോബിനും സയ്ന്‍സിനും മെക്കാനിക്കല്‍ പ്രശ്‌നം നേരിട്ടു. പതിനാറും പത്തൊമ്പതും സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഫ്രഞ്ച് ഡ്രൈവര്‍ ഗുവര്‍ലൈന്‍ ചിചേരിറ്റാണ് ആദ്യം എത്തിയത്. സയ്ന്‍സ് മൂന്നു തവണ ദാകാര്‍ ചാമ്പ്യനായിട്ടുണ്ട്. ലോബിന് ഇതുവരെ കിരീടം നേടാനായിട്ടില്ല.