ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരത്തിലും ഗോള്‍രഹിത സമനില വഴങ്ങിയതോടെ ചൈനയുടെ നോക്കൗട്ട് പ്രവേശം അവതാളത്തിലായി. അല്‍തുമാമ ലോകകപ്പ് സ്റ്റേഡിയത്തില്‍ ലെബനോനെതിരെ കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. രണ്ടു തവണ ക്രോസ്ബാര്‍ ചൈനയുടെ രക്ഷക്കെത്തി. ഒരു തവണ ചൈനയുടെ ഷോട്ട് ഗോള്‍ലൈനില്‍ ലെബനോന്‍ പ്രതിരോധം അടിച്ചകറ്റി.
ഹാഫ് ടൈമിന്റെ ഇരു വശത്തുമായി ഹസന്‍ മഅതൂഖിന്റെയും ഹസന്‍ സറൂറിന്റെയും ഷോട്ടുകളാണ് ക്രോസ്ബാറിലിടിച്ച് മടങ്ങിയത്. അറുപത്തഞ്ചാം മിനിറ്റില്‍ വു ലെയുടെ ഷോട്ട് ലെബനോന്‍ ഡിഫന്റര്‍ ഗോള്‍ലൈനില്‍ രക്ഷിച്ചു. ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ലെബനോന്‍ ഗോളി മുസ്തഫ മതര്‍ രക്ഷിച്ചു.
താജിക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ചൈന ഗോളടിക്കാതെയാണ് പിരിഞ്ഞത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമാണ് അവര്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഖത്തറിനെയാണ് ചൈനക്ക് നേരിടേണ്ടത്. സമനിലയെങ്കിലും നേടിയാല്‍ നോക്കൗട്ട് പ്രതീക്ഷയുണ്ട്.