സപ്തസ്വരങ്ങളിൽ ഏഴാമത്തെ സ്ഥാനം അലങ്കരിക്കുന്ന നിഷാദം എന്ന പേര് മകന് നൽകിയത് വെറുതെയായില്ല. സംഗീതജ്ഞനായ ആ അച്ഛൻ മകനു ചാർത്തിക്കൊടുത്ത നാമം അന്വർഥമാവുകയായിരുന്നു. സ്വരബദ്ധമായ ജീവിതം നയിക്കുന്ന കോഴിക്കോട്ടുകാരനായ ഈ ഗായകന്റെ പേരാണ് നിഷാദ്. ഗന്ധർവസംഗീതം റിയാലിറ്റി ഷോയിലൂടെ തുടങ്ങിയ സംഗീത ജീവിതം ഇന്ന് പിന്നണിഗാനരംഗത്തും ആൽബങ്ങളിലും ഗാനമേളകളിലുമെല്ലാമായി നിറഞ്ഞുനിൽക്കുകയാണ്.
സ്വപ്‌നംകൊണ്ടു തുലാഭാരം എന്ന ചിത്രത്തിലെ ഓർമ്മകളെ വിടപറയൂ പോയ്‌വരട്ടെ ഞാൻ... എന്ന ഗാനത്തിൽ തുടങ്ങിയ പിന്നണി ശബ്ദം പിന്നീട് മാമ്പഴക്കാലത്തിലെ കണ്ടുകണ്ടു കൊതികൊണ്ടുനിന്ന കുയിലേ...യിലും നമ്മൾ കേട്ടു. യൂട്യൂബിൽ പത്തുലക്ഷത്തിലേറെ പേർ കണ്ട തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റുവിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം... എന്ന ഗാനം എത്ര മനോഹരമായാണ് ഈ ഗായകൻ പാടിയിരിക്കുന്നത്. നിഷാദിന്റെ സ്വരമാധുര്യത്തിൽ ഹിറ്റായ നിരവധി ഗാനങ്ങൾ ഇനിയുമുണ്ട്. സ്വരവും ശ്രുതിയും തെറ്റാതെ പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടുള്ള ആലാപനശൈലിയാണ് ഈ ഗായകനെ വേറിട്ടുനിർത്തുന്നത്.
രണ്ടു പതിറ്റാണ്ടുകാലമായി ആലാപനവേദികളിൽ നിറഞ്ഞുനിൽക്കുന്ന ഈ ഗായകൻ എറണാകുളം കാക്കനാട്ടുള്ള ഫ്ലാറ്റിൽ പാട്ടുകളെ താലോലിച്ചുകഴിയുകയാണ്. പിന്നിട്ടവഴികളെക്കുറിച്ചും സംഗീത ജീവിതത്തെക്കുറിച്ചുമെല്ലാം മനസ്സു തുറക്കുകയാണദ്ദേഹം.
?സംഗീതം പകർന്നുകിട്ടിയ ബാല്യം
സംഗീതമയമായിരുന്നു കുട്ടിക്കാലം. അഛൻ പുതുപ്പാടി കൃഷ്ണൻകുട്ടിയും അമ്മ ശാരദയും നന്നായി പാടുമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്നെങ്കിലും സംഗീതത്തെ ഏറെ സ്‌നേഹിച്ചിരുന്ന അഛൻ വീട്ടിൽ കുട്ടികൾക്ക് സംഗീതം പകർന്നുനൽകിയിരുന്നു. ഈ പാട്ടുകേട്ടു വളർന്നതുകൊണ്ടാകണം ഞാനും അനുജത്തി ആതിരയും കുട്ടിക്കാലംതൊട്ടേ സംഗീതത്തെ കൂട്ടുപിടിച്ചായിരുന്നു ജീവിതം നയിച്ചിരുന്നത്. അഛൻ തന്നെയായിരുന്നു ആദ്യ ഗുരു. പിന്നീട് ശിവൻ എന്നയാളിൽനിന്നും സംഗീതം അഭ്യസിച്ചു. ശ്രീധരൻ മുണ്ടങ്ങാട്, പാലാ സി.കെ. രാമചന്ദ്രൻ എന്നിവർക്കു കീഴിലും സംഗീതം പഠിച്ചു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സാറിന് കീഴിലാണ് ഇപ്പോഴത്തെ സംഗീത പഠനം. കർണ്ണാട്ടിക് സംഗീതത്തിനൊപ്പംതന്നെ ഹിന്ദുസ്ഥാനിയും അഭ്യസിച്ചിരുന്നു. നളിൻ മുൾജിയും പണ്ഡിറ്റ് ദത്താത്രേയ വേളങ്കയാറുമായിരുന്നു ഗുരുക്കന്മാർ.
?കലോത്സവങ്ങളിലെ സാന്നിധ്യം
കോഴിക്കോട് ചാലപ്പുറം സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കലോത്സവത്തിൽ പങ്കെടുക്കുന്നത്. കഥാപ്രസംഗത്തിലായിരുന്നു ആദ്യമായി പരീക്ഷണം. അഛന്റെ സുഹൃത്തായിരുന്ന വിജയൻ എന്നയാളാണ് കഥാപ്രസംഗ കലയിലേയ്ക്ക് ആകർഷിച്ചത്. റഷ്യൻ കഥകളൊക്കെ മൊഴിമാറ്റിയാണ് അദ്ദേഹം കഥാപ്രസംഗരൂപത്തിലാക്കിയത്. പിന്നീട് മോഡൽ സ്‌കൂളിലെ ഹൈസ്‌കൂൾ പഠനകാലത്ത് കഥാപ്രസംഗത്തിനു പുറമെ മാപ്പിളപ്പാട്ടിലും മികവ് തെളിയിച്ചു. സ്‌കൂളിലെ ഗൗതമൻ സാറാണ് ഹമീദ് എന്നയാളുടെ കീഴിൽ മാപ്പിളപ്പാട്ട് പരിശീലനത്തിന് അയച്ചത്. ബദർ പടപ്പാട്ടിൽപ്പെട്ട ഒരു പാട്ടായിരുന്നു പഠിപ്പിച്ചത്. ഓഡിയോ കാസറ്റ് തന്ന് കേട്ടുപഠിക്കാൻ പറഞ്ഞു. അദ്ദേഹം നൽകിയ ആത്മവിശ്വാസത്തിലാണ് സബ് ജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും എത്തിയത്. സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതോടെയാണ് സംഗീതം തന്നെ ജീവിതം എന്ന നിലയിലേയ്ക്കുയർന്നത്. ജീവിതത്തിലാദ്യമായി ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷിച്ചുനടന്ന കാലം.
?അക്കാദമി തലം
കലയ്ക്കുപിന്നാലെയായിരുന്നു സഞ്ചാരമെങ്കിലും പഠനത്തിലും മിടുക്കു തെളിയിച്ചു. ആർട്‌സ് കോളേജിൽനിന്നാണ് പ്രീഡിഗ്രി പാസായത്. തുടർന്ന് ബിരുദപഠത്തിനെത്തിയത് ദേവഗിരി കോളേജിൽ. മാത്തമാറ്റിക്‌സായിരുന്നു ഐച്ഛികവിഷയം. ഡിഗ്രിയും പി.ജിയും അവിടെ പഠിച്ചു. പിന്നീട് ബി.എഡുമെടുത്തു. കോളേജ് പഠനകാലത്തും കലോത്സവങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. പഠനം കഴിഞ്ഞപ്പോൾ ഗസ്റ്റ് അധ്യാപകനായി ജോലി നോക്കി. ദേവഗിരി കോളേജിലും ഗസ്റ്റ് അധ്യാപകനായിരുന്നു.
?ഗന്ധർവ്വസംഗീതം
പത്രത്തിൽ വന്ന വാർത്ത കണ്ടാണ് ഗന്ധർവ്വസംഗീതത്തിലേയ്ക്ക് അപേക്ഷ അയച്ചത്. മത്സരാർഥിയാകണമെങ്കിൽ പാട്ട് റെക്കോർഡ് ചെയ്ത് കാസറ്റിലാക്കി അയയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഹരിമുരളീരവം പാടി കാസറ്റിലാക്കി അയച്ചുകൊടുത്തു. പിന്നാലെ സെലക്ഷനും ലഭിച്ചു. അന്നൊന്നും ഇന്നത്തെപ്പോലെ സ്റ്റുഡിയോകളിലായിരുന്നില്ല മത്സരം നടന്നിരുന്നത്. വിവിധ സ്ഥലങ്ങളിലെ ഓഡിറ്റോറിയങ്ങളിലായിരുന്നു മത്സരം. അഞ്ച് റൗണ്ടുകളിൽ ആദ്യത്തെ നാല് റൗണ്ടുകളിലും നന്നായി പാടിയപ്പോൾ ഫൈനലിലേയ്ക്ക് പ്രവേശനം ലഭിച്ചു. ഫൈനൽ മത്സരത്തിന് യേശുദാസ് സാറും നേരിട്ട് എത്തിയിരുന്നു. രവീന്ദ്രൻ മാസ്റ്ററും ശരത് സാറുമെല്ലാമായിരുന്നു വിധികർത്താക്കൾ. മുഹമ്മദ് റഫി സാബിന്റെ ഓ ദുനിയാകെ രഖ്‌വാലേ... എന്ന ഗാനമായിരുന്നു ആലപിച്ചത്. ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം എനിക്കായിരുന്നു.
?പിന്നണി ഗായകൻ
ഗന്ധർവ്വ സംഗീതത്തിൽ വിജയിച്ചതോടെ നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. നിരവധി വേദികളിൽ പാടാനുള്ള അവസരവും ലഭിച്ചു. മാത്രമല്ല, ഗന്ധർവ്വസംഗീതം പരിപാടിയിൽ അതിഥിയായെത്തിയ സംവിധായകൻ രാജസേനൻ സാർ അദ്ദേഹത്തിന്റെ ചിത്രത്തിൽ പാടാനുള്ള അവസരം നൽകി. നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ പുത്തൂരംവീട്ടിലെ തച്ചോളിപാട്ടിലെ നക്ഷത്രകണ്ണുള്ള വീരന്മാരെ... എന്ന ഗാനമായിരുന്നു പാടിയത്. ബെന്നിയും കണ്ണനുമായിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചിരുന്നത്. അതേ സിനിമയിൽതന്നെ മറ്റൊരു ഗാനവും ആലപിച്ചു. കളരിക്കും കാവിനുമുണ്ടൊരു ദൈവം... എന്ന ഗാനവും പാടി. തുടർന്ന് ഔസേപ്പച്ചൻ സാറിന്റെ ക്ഷണം ലഭിച്ചു. അദ്ദേഹം സംഗീതം പകർന്ന സ്വപ്‌നംകൊണ്ടൈാരു തുലാഭാരം എന്ന ചിത്രത്തിലും പാടി. അദ്ദേഹം തന്നെ സംഗീതം നൽകിയ വരും വരുന്നു വന്നു എന്ന ചിത്രത്തിലെ പൂക്കുലയേന്തി എന്ന ഗാനവും ആലപിച്ചു. എം. ജയചന്ദ്രൻ സാറിന്റെ അസിസ്റ്റന്റായി നിരവധി സിനിമകളിൽ സഹകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ നോട്ടം എന്ന ചിത്രത്തിലെ മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി എന്ന ഗാനത്തിന്റെ മെയിൽവേർഷൻ പാടാനുള്ള അവസരവും ലഭിച്ചു. തുടർന്നും നിരവധി സംഗീത സംവിധായകർക്കുകീഴിൽ അവസരങ്ങൾ ലഭിച്ചു. എഴുപതോളം ചിത്രങ്ങളിൽ ഇതിനകം പാടിക്കഴിഞ്ഞു.
?കെ.എസ്. ചിത്രയുമായുള്ള സൗഹൃദം
ഗന്ധർവ്വസംഗീതത്തിന്റെ അവാർഡ് വിതരണം ചെയ്യാനൊരുക്കിയ ഗന്ധർവ്വസന്ധ്യ എന്ന പരിപാടിയിൽവച്ചാണ് ചിത്ര ചേച്ചിയുമായി പരിചയപ്പെടുന്നത്. പിന്നീട് നോട്ടത്തിൽ പാടാനെത്തിയപ്പോഴും കണ്ടു. അവിടെ വച്ചാണ് സൗഹൃദമാകുന്നത്. എന്റെ പാട്ടുകളെക്കുറിച്ചും രീതികളെക്കുറിച്ചുമെല്ലാം ചേച്ചിക്ക് നന്നായി അറിയാമായിരുന്നു. ചേച്ചിയുടെ സ്റ്റേജ് പരിപാടികളിലേയ്ക്ക് എനിക്കും ക്ഷണം ലഭിച്ചു. ഇതിനിടയിൽ തിരക്കഥയിലെ പാലപ്പൂവിതളിൽ എന്ന ഞാൻ പാടിയ പാട്ട് ഹിറ്റായി. എന്നോടൊപ്പം ഈ പാട്ട് പാടിയത് ശ്വേതാ മോഹനായിരുന്നു. ഈ പാട്ട് ഏറെ ഇഷ്ടപ്പെട്ട ചിത്ര ചേച്ചി ഈ പാട്ട് പഠിച്ച് എന്നോടൊപ്പം പല വേദികളിലും പാടിയിരുന്നു.
?കുടുംബ പശ്ചാത്തലം
സംഗീത പരിപാടിക്കായി മിഡിൽ ഈസ്റ്റിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് നർത്തകിയായ സവിജയെ പരിചയപ്പെടുന്നത്. പിന്നീട് ദുബായിലേയ്ക്കുള്ള യാത്രയിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ആ യാത്രയ്ക്കിടയിലായിരുന്നു ഇഷ്ടം തുറന്നുപറഞ്ഞത്. വീട്ടിൽ സംസാരിക്കാനായിരുന്നു മറുപടി. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. സംഗീത ജീവിതത്തിന് കരുത്തായി ഇപ്പോൾ സവിജയും മക്കളുമുണ്ട്. ആദിത്യയും അയാനും സ്‌കൂൾ വിദ്യാർഥികളാണ്.
?ഗായകനെന്ന നിലയിൽ രണ്ടു പതിറ്റാണ്ട്
സംഗീതജീവിതത്തിൽ ഇരുപതു കൊല്ലം എന്നത് ഒരു വലിയ കാലയളവാണ്. പാടിയ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കളിയാട്ടം, അഛൻ നട്ട വാഴ എന്നിവ കൂടാതെ ഒരു തെലുങ്കുപടം എന്നിവയാണ് പുതിയ ചിത്രങ്ങൾ. മലയാള ചിത്രങ്ങൾ രണ്ടും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. തെലുങ്കുപടത്തിന്റെ സംഗീതം വിശ്വജിത്തിന്റേതാണ്. കൂടാതെ ഗാനമേളകളുമുണ്ട്. പ്രധാന വരുമാനമാർഗ്ഗം ഗാനമേളകളാണ്...






