മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ വനിതാ വിഭാഗത്തില്‍ പതിനാറുകാരി മിറ ആന്ദ്രീവയുടെ കുതിപ്പ് തുടരുന്നു. മൂന്നു തവണ ഗ്രാന്റ്സ്ലാം ഫൈനലിലെത്തിയ ഉന്‍സ് ജാബിറിനെ രണ്ടാം റൗണ്ടില്‍ മിറ 6-0, 6-2 ന് തറപറ്റിച്ചു. ഉന്‍സിന്റെ 24 അണ്‍ഫോഴ്‌സ് എററുകളാണ് മിറക്ക് സഹായകമായത്. കഴിഞ്ഞ വര്‍ഷവും ഉന്‍സ് ഇവിടെ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. യു.എസ് ഓപണ്‍ ചാമ്പ്യന്‍ കോക്കൊ ഗഫ് കഷ്ടിച്ച് അട്ടിമറി ഒഴിവാക്കി. പതിനാറുകാരികളായ അലീന കോര്‍ണിവയും ബ്രെന്‍ഡ ഫുര്‍ഹിറ്റോവയും ടോപ് റാങ്കുകാരികളായ എതിരാളികളോട് തോറ്റു. അലീനയെ ലോക പത്താം നമ്പര്‍ ബിയാട്രിസ് ഹദ്ദാദ് മിയ 6-1, 6-2 നും ബ്രെന്‍ഡയെ ലോക രണ്ടാം നമ്പര്‍ അരീന സബലെങ്ക 6-3, 6-2 നും കീഴടക്കി. 2018 ലെ ചാമ്പ്യന്‍ കരൊലൈന്‍ വോസ്‌നിയാക്കിയും രണ്ടാം റൗണ്ടില്‍ പുറത്തായി. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ മുന്നിലെത്തുകയും ചെയ്ത ശേഷം ഇരുപതുകാരി മരിയ ടോമഫീവയോടാണ് 1-6, 6-4, 6-1 ന് അടിയറവ് പറഞ്ഞത്. രണ്ട് മക്കളെ പ്രസവിച്ച ശേഷമാണ് വോസ്‌നിയാക്കി മൂന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം തിരിച്ചുവന്നത്.
ഗഫിനെ ആദ്യ സെറ്റില്‍ കരൊലൈന്‍ ഡോളെഹൈഡ് വിറപ്പിച്ചു. ടൈബ്രേക്കര്‍ വരെ പൊരുതേണ്ടി വന്ന ശേഷം രണ്ടാം സെറ്റില്‍ അമേരിക്കക്കാരി നിയന്ത്രണം തിരിച്ചുപിടിച്ചു. സ്‌കോര്‍: 7-6 (8-6), 6-2.