ദോഹ - അടിമുടി ആശയക്കുഴപ്പം നിറഞ്ഞ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സൗദി അറേബ്യ വന്‍ തിരിച്ചുവരവിലൂടെ ഒമാനെ 2-1 ന് തോല്പിച്ചു. റഫറി പലതവണ തീരുമാനം മാറ്റിയ അവസാന നിമിഷങ്ങള്‍ക്കൊടുവിലാണ് സൗദി ടീം വിജയാശ്വാസവുമായി കളം വിട്ടത്. സൗദി പൂര്‍ണമായും വിജയം അര്‍ഹിച്ചിരുന്നുവെന്ന് ഒമാന്‍ കോച്ച് ബ്രാങ്കൊ ഇവാനിച് പറഞ്ഞു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ തായ്ലന്റ് 2-0 ന് കിര്‍ഗിസ്ഥാനെ തോല്പിച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാവാതെയാണ് 42,000 വരുന്ന കാണികള്‍ ദോഹ ഗ്രൗണ്ട് വിട്ടത്. പതിനാലാം മിനിറ്റില്‍ തന്നെ സലാഹ് അല്‍യഹ്യയുടെ പെനാല്‍ട്ടിയില്‍ നിന്ന് സൗദി ഗോള്‍ വഴങ്ങിയിരുന്നു. എഴുപത്തെട്ടാം മിനിറ്റ് വരെ ഗോള്‍ മടക്കാന്‍ സൗദിക്ക് പൊരുതേണ്ടി വന്നു. അബ്ദുറഹമാന് ഗരീബാണ് അവസാനം ഗോളടിച്ചത്. അതോടെ വിജയ ഗോളിനായി സൗദി മുന്നേറ്റ നിര ഇരമ്പിക്കയറി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ അലി ലജമിയുടെ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് അലി അല്‍ബുലൈഹി ഹെഡര്‍ വല കുലുക്കുകയും സൗദി കളിക്കാര്‍ ആനന്ദനൃത്തം ചവിട്ടുകയും ചെയ്തു. പക്ഷെ അസിസ്റ്റന്റ് റഫറി ഓഫ്സൈഡിന് കൊടിയുയര്‍ത്തി. വീഡിയൊ റഫറി ഇടപെടുകയും റഫറി ഷോണ്‍ ഇവാന്‍സ് വീഡിയൊ പരിശോധിക്കുകയും ചെയ്തപ്പോള്‍ ബുലൈഹി ഓഫ്സൈഡല്ലെന്നാണ് വ്യക്തമായത്. ഏവരെയും അമ്പരപ്പിച്ച് ഇവാന്‍സ് ഓഫ്സൈഡ് വിധിയില്‍ ഉറച്ചുനില്‍ക്കുകയും കളി പുനരാരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അദ്ദേഹം കളി നിര്‍ത്തുകയും ഗോള്‍ വിധിക്കുകയും ചെയ്തു. സൗദി ജനതക്കുള്ള തന്റെ സമ്മാനമാണ് ഈ ഗോളെന്ന് മുപ്പത്തിനാലുകാരന് ഡിഫന്റര്‍ പ്രഖ്യാപിച്ചു. റഫറിയുടെ ഗോള്‍ വിസില്‍ ഫൈനല്‍ വിസിലാണെന്നു കരുതി സൗദി റിസര്‍വുകള്‍ ഗ്രൗണ്ടിലിറങ്ങിയതോടെ മത്സരം വീണ്ടും നീണ്ടു.
ഒമാന്‍ ഫോര്‍വേഡ് മുഹ്സിന് അല്‍ഗസാനി വീണപ്പോള്‍ വീഡിയൊ പരിശോധിച്ചാണ് റഫറി പതിനാലാം മിനിറ്റില്‍ പെനാല്‍ട്ടി അനുവദിച്ചത്. സലാഹ് സ്കോര്‍ ചെയ്തു. അപ്രതീക്ഷിതമായി ലീഡ് നേടിയ ഒമാന്‍ പിന്നിലേക്കിറങ്ങി പ്രതിരോധിച്ചു. കാര്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ സൗദിക്കും സാധിച്ചില്ല. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ സൗദി കളിക്കാര്‍ക്ക് രണ്ട് ഷോട്ട് മാത്രമാണ് ഗോളിലേക്ക് ഗോള്‍വലക്കു നേരെ പായിക്കാനായത്. സൗദി ആരാധകര്‍ നിറഞ്ഞ ഗാലറിയില്‍ നിന്ന് കൂവലുയര്‍ന്നു.
മൂന്ന് മിനിറ്റ് മുമ്പ് മാത്രം കളത്തിലിറങ്ങിയ അബ്ദുറഹ്മാന് ഗരീബാണ് ഒന്നാന്തരം ഗോളിലൂടെ കളി തിരിച്ച ഗോളടിച്ചത്. ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ച ഗരീബ് ക്യാപ്റ്റന്‍ ഹാരിബ് അല്സഅദിയുള്പ്പെടെ ഒമാനി ഡിഫന്റര്‍മാര്‍ക്കിടയിലൂടെ നൃത്തച്ചുവടുകളുമായി കുതിച്ച് സ്കോര്‍ ചെയ്യുമ്പോള്‍ 12 മിനിറ്റ് മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് വിജയ ഗോളിനായി സൗദി ഇരമ്പിക്കയറുകയും ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോളിലൂടെ മൂന്ന് പോയന്റുമായി കളം വിടുകയും ചെയ്തു. കിരീടം നേടിയതു പോലെയാണ് കളിക്കാര്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ വിജയം ആഘോഷിച്ചത്.
അരങ്ങേറ്റക്കാരായ കിര്‍ഗിസ്ഥാനെതിരെ സുപചായ് ജയ്ദേദാണ് ഇരുപകുതികളിലായി തായ്ലന്റിന്റെ രണ്ടു ഗോളുമടിച്ചത്. ഗോള്‍വ്യത്യാസത്തില്‍ തായ്ലന്റാണ് ഗ്രൂപ്പില്‍ മുന്നില്‍.
ലാവൻഡർ പാടം സൗദിയിലും, മനംകവരുന്ന കാഴ്ചയും സുഗന്ധവും തേടി സഞ്ചാരികൾ