മെല്‍ബണ്‍ - ഇന്ത്യയുടെ സുമിത് നഗാല്‍ ഗ്രാന്റ്സ്ലാം വിജയത്തിന്റെ നിറവില്‍. ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ ലോക മുപ്പത്തൊന്നാം നമ്പര്‍ കസാഖിസ്ഥാന്റെ അലക്സാണ്ടര്‍ ബൂബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകളില്‍ നഗാല്‍ അട്ടിമറിച്ചു. കരിയറില്‍ രണ്ടാം തവണയാണ് നഗാല്‍ ഗ്രാന്റ്സ്ലാമില്‍ രണ്ടാം റൗണ്ടിലെത്തുന്നത്. സ്കോര്‍: 6-4, 6-2, 7-6 (7/5).
35 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പുരുഷ താരം ഗ്രാന്റ്സ്ലാം സിംഗിള്‍സില്‍ സീഡ് ചെയ്യപ്പെട്ട കളിക്കാരനെ തോല്പിക്കുന്നത്. 1989 ലെ ഓസ്ട്രേലിയന്‍ ഓപണില്‍ രമേശ് കൃഷ്ണന് നിലവിലെ ചാമ്പ്യന്‍ മാറ്റ്സ് വിലാന്‍ഡറെ അട്ടിമറിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഓപണിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് നഗാല്‍.
ആദ്യമായാണ് നഗാല്‍ ആദ്യ അമ്പത് റാങ്കിലുള്ള കളിക്കാരനെ തോല്പിക്കുന്നത്. ചൈനയുടെ ജുന്‍ചെംഗ് ഷാംഗുമായാണ് രണ്ടാം റൗണ്ടില്‍ ഇരുപത്താറുകാരന് ഏറ്റുമുട്ടുക. ലോക റാങ്കിംഗില്‍ 137ാം സ്ഥാനക്കാരനാണ് നഗാല്‍. കഴിഞ്ഞ വര്‍ഷം വെറും 900 യൂറോയുമായാണ് നഗാല്‍ പ്രൊഫഷനല്‍ ടെന്നിസില്‍ പൊരുതിയത്.