റിയാദ് - ആന്റണി ജോഷ്വയും മുന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളി ഫ്രാന്‍സിസ് എന്‍ഗാനുവും തമ്മിലുള്ള ഹെവിവെയ്റ്റ് ക്രോസ്ഓവര്‍ ബോക്‌സിംഗിന് മാര്‍ച്ച് എട്ടിന് റിയാദില്‍ റിംഗൊരുങ്ങും. ജോഷ്വ മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാണ്. എന്‍ഗാനുവിന്റെ ആദ്യ പ്രൊഫഷനല്‍ ബോക്‌സിംഗ് റിയാദിലായിരുന്നു. ഡബ്ല്യു.ബി.സി ലോക ചാമ്പ്യന്‍ ടൈസന്‍ ഫുറിയെ ഇടിച്ചുവീഴ്ത്തിയെങ്കിലും തലനാരിഴക്ക് തോറ്റു. അതിനു ശേഷം ആദ്യ മത്സരമാണ്.
ഹെവിവെയ്റ്റ് ബോക്‌സിംഗിന്റെ തലസ്ഥാനമായി മാറുകയാണ് റിയാദ്. ജോഷ്വ-എന്‍ഗാനു പോരാട്ടത്തിന് മൂന്നാഴ്ച മുമ്പ് ടൈസന്‍ ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും റിയാദ് കിംഗ്ഡം അരീനയില്‍ ഏറ്റുമുട്ടും. ഹെവിവെയ്റ്റ് ബോക്‌സിംഗിലെ 1999 നു ശേഷമുള്ള ആദ്യ അനിഷേധ്യ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടമായിരിക്കും ഇത്. എന്‍ഗാനുവിനെ തോല്‍പിക്കാന്‍ സാധിച്ചാല്‍, ഫുറി-ഉസിക് മത്സരത്തിലെ വിജയിയെ നേരിടാന്‍ അവസരം ലഭിക്കുമെന്നും അനിഷേധ്യ ചാമ്പ്യന്‍ പട്ടത്തിന് ശ്രമിക്കാമെന്നും ജോഷ്വ സ്വപ്‌നം കാണുന്നു. എങ്കിലും അജയ്യനായി കുതിച്ച ഫുറിയെ വിറപ്പിച്ച എന്‍ഗാനു അത്ര എളുപ്പം കീഴടക്കാനാവുന്ന എതിരാളിയായിരിക്കില്ല.
ജിദ്ദയില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന പോരാട്ടത്തില്‍ ആന്‍ഡി റൂയിസിനോട് തോറ്റ് കിരീടം അടിയറ വെച്ച ജോഷ്വ തിരിച്ചുവരവിന്റെ പാതയിലാണ്. 2023 ല്‍ സൗദിയില്‍ അരങ്ങേറിയ മൂന്നു പോരാട്ടങ്ങളും ബ്രിട്ടിഷ് താരം ജയിച്ചു. കഴിഞ്ഞ മാസം ഓട്ടോ വാലിനെ അഞ്ച് റൗണ്ടില്‍ ഇടിച്ചിട്ടിരുന്നു.