ലോസ് ആഞ്ചല്‍സ്- എഴുപത്തിയഞ്ചാമത് എമ്മി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജെസ്സി ആംസ്ട്രോങിന്റെ ആക്ഷേപ ഹാസ്യ പരമ്പര സക്സഷന്‍ മികച്ച പരമ്പരയ്ക്ക് ഉള്‍പ്പെടെ ആറ് പുരസ്ക്കാരങ്ങള്‍ നേടി.
സക്സഷനിലെ കീരന് കുല്ക്കിനും സാറ സ്നൂക്കുമാണ് മികച്ച നടനും നടിയും.
ക്രിസ്റ്റഫര്‍ സ്റ്റോററിന്റെ അമേരിക്കന്‍ കോമഡി- ഡ്രാമ ദി ബിയറും ആറ് പുരസ്ക്കാരങ്ങള്‍ നേടി. ഈ വര്‍ഷത്തെ മികച്ച കോമഡി സീരീസാണിത്. ലീ സങ് ജിന്നിന്റെ നെറ്റ്ഫ്ളിക്സ് കോമഡി- ഡ്രാമ ടെലിവിഷന്‍ മിനിസീരീസായ ബീഫിലെ പ്രകടനത്തിന് സ്റ്റീവന്‍ യൂനും അലി വോംഗും ലിമിറ്റഡ്, ആന്തോളജി സീരീസിലെ സിനിമയിലോ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ബീഫ് ഈ വര്‍ഷം അഞ്ച് എമ്മികളാണ് നേടിയത്.
ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയേറ്ററിലായിരുന്നു എമ്മി പുരസ്ക്കാര പ്രഖ്യാപനം. ഹാസ്യനടന് ആന്റണി ആന്ഡേഴ്സണ് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ പെഡ്രോ പാസ്കല്‍, ജൂനോ ടെമ്പിള്‍, ജെന്ന ഒര്‍ട്ടേഗ, സ്റ്റീഫന്‍ കോള്‍ബെര്‍ട്ട് തുടങ്ങിയ അവതാരകര്‍ പങ്കെടുത്തു.






