ലണ്ടന്‍ - ലിയണല്‍ മെസ്സി ഒരിക്കല്‍ കൂടി മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബഹുമതി നേടി. മികച്ച പുരുഷ താരത്തെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പില്‍ മെസ്സിക്കും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര് എര്‍ലിംഗ് ഹാളന്റിനും തുല്യ വോട്ടാണ് ലഭിച്ചത്. ടൈബ്രേക്കറിലാണ് മെസ്സി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടാണ് ടൈബ്രേക്കറില്‍ പരിഗണിച്ചത്.
കോച്ചുമാരും ക്യാപ്റ്റന്മാരും ജേണലിസ്റ്റുകളും ഓണ്‍ലൈന്‍ ആരാധകരും പങ്കെടുത്ത വോട്ടിംഗില്‍ മെസ്സിക്കും ഹാളന്റിനും 48 പോയന്റ് വീതമായിരുന്നു. ദേശീയ ക്യാപ്റ്റന്മാരുടെ ഫസ്റ്റ് വോട്ട് ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന് ടൈബ്രേക്കറില്‍ പരിഗണിച്ചു. ഇതില്‍ 107 വോട്ട് മെസ്സിക്കും 64 വോട്ട് ഹാളന്റിനുമായിരുന്നു. മെസ്സിയും ഹാളന്റും മൂന്നാം സ്ഥാനത്തെത്തിയ കീലിയന്‍ എംബാപ്പെയും ലണ്ടനിലെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തില്ല. ഹാളന്റിനെയും എംബാപ്പെയെയും മറികടന്ന് ഒക്ടോബറില്‍ ബാലന്‍ഡോര്‍ ബഹുമതിയും മെസ്സി കരസ്ഥമാക്കിയിരുന്നു.
സ്‌പെയിനിനെ ലോകകപ്പ് വിജയത്തിലേക്കും ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം. ബാലന്‍ഡോര്‍, യുവേഫ അവാര്‍ഡുകളും ഇരുപത്തഞ്ചുകാരിക്കായിരുന്നു. സ്‌പെയിനിന്റെ തന്നെ ജെന്നി ഹോര്‍മോസൊ, കൊളംബിയയുടെ ലിന്‍ഡ കായ്‌സീഡൊ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മികച്ച ഗോള്‍കീപ്പര്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം എഡേഴ്‌സനും ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും വനിതാ ഗോളി മേരി ഈര്‍പ്‌സുമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ വര്‍ഷം അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച പെപ് ഗാഡിയോള മികച്ച പുരുഷ ടീം കോച്ചായി. ഇംഗ്ലണ്ടിന്റെ സെറീന വീഗമാനാണ് വനിതാ വിഭാഗത്തില്‍ മികച്ച കോച്ച്.
ഒന്നരപ്പതിറ്റാണ്ടിനിടെ എട്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റാവുന്നത്. കഴിഞ്ഞ വര്‍ഷവും മെസ്സിക്കായിരുന്നു അവാര്‍ഡ്. ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിനായിരുന്നു ഇത്. ഈ വര്‍ഷം മെസ്സി തെരഞ്ഞെടുക്കപ്പെട്ടത് അദ്ഭുതമായി. ആരാധകര്‍ ഒന്നടങ്കം മെസ്സിയെ പിന്തുണച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വോട്ട് ഹാളന്റിനായിരുന്നു. ദേശീയ കോച്ചുമാരുടെ വോട്ടിംഗിലും ഹാളന്റിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ക്യാപ്റ്റന്മാര്‍ മെസ്സിക്ക് വോട്ട് ചെയ്തു. മെസ്സി കളിച്ചിരുന്ന പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍ മയാമിയില്‍ മെസ്സി ചേര്‍ന്നതോടെ അമേരിക്കന്‍ ലീഗിന് താരപദവി ലഭിച്ചു.
അതേസമയം ഹാളന്റ് ലോകകപ്പിന് ശേഷമുള്ള 36 കളികളില്‍ 28 ഗോളടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടവിജയങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. നോര്‍വെക്കു വേണ്ടി കളിച്ച മൂന്നു മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ചു. എംബാപ്പെയും ഒരു കളിയില്‍ ശരാശരി ഒരു ഗോളെങ്കിലും ലോകകപ്പിനു ശേഷമുള്ള കാലയളവില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതേസമയം ലോകകപ്പിനു ശേഷം 22 കളികളില്‍ ഒമ്പത് ഗോളും ആറ് അസിസ്റ്റും മാത്രമേ പി.എസ്.ജിയില്‍ മെസ്സിയുടെ പേരിലുള്ളൂ.