റിയാദ് - സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ക്ലാസിക്കൊ ഫൈനല്‍ അരങ്ങറിയതിന് പിന്നാലെ റിയാദ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് വേദിയാവും. ഇത്തവണ മുതല്‍ നാല് ടീമുകള്‍ പങ്കെടുക്കുന്ന സെമിഫൈനല്‍ റൗണ്ടായാണ് സൗദിയില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നടത്തുക. നിലവിലെ ലീഗ് ചാമ്പ്യന്മാരായ നാപ്പോളി വ്യാഴാഴ്ച ആദ്യ സെമിഫൈനലില്‍ ഫിയറന്റീനയുമായി ഏറ്റുമുട്ടും. ഇന്റര്‍ മിലാനും ലാസിയോയും തമ്മിലാണ് രണ്ടാം സെമി. ഞായറാഴ്ച ഫൈനല്‍ അരങ്ങേറും. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്‌റിന്റെ അല്‍അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് മത്സരങ്ങളും അരങ്ങേറുക.
ഇതുവരെ ലീഗ് ചാമ്പ്യന്മാരും ഇറ്റാലിയന്‍ കപ്പ് ജേതാക്കളും തമ്മിലുള്ള ഒരു മത്സരമായിരുന്നു സൂപ്പര്‍ കപ്പ്. കഴിഞ്ഞ ജനുവരിയില്‍ റിയാദില്‍ തന്നെ നടന്ന മത്സരത്തില്‍ എ.സി മിലാനെ തോല്‍പിച്ച് ഇന്റര്‍ മിലാന്‍ ചാമ്പ്യന്മാരായി. ഇത്തവണ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരും കപ്പ് ഫൈനലിസ്റ്റുകളുമാണ് സെമിഫൈനലില്‍ മുഖാമുഖം വരിക. ലാസിയോയാണ് ലീഗില്‍ രണ്ടാമത്.