ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദിയില്‍ അലയടിച്ച് ഫലസ്തീന്‍ വികാരം. ഇറാനെതിരായ ഞായറാഴ്ച രാത്രിയിലെ ഫലസ്തീന്റെ മത്സരം കാണാന്‍ ആയിരങ്ങള്‍ ഫല്‌സ്തീന്‍ ജഴ്‌സിയിലും കഫിയ്യയിലുമാണ് എത്തിയത്. വലിയ സൈനികശക്തികളോട് സ്വന്തം നാട് രക്തവും ജീവനും കൊടുത്ത് പൊരുതവെ വലിയ പരിശീലനമൊന്നും സാധിക്കാതെ ടൂര്‍ണമെന്റിന് എത്തിയ ഫലസ്തീന്‍ ഒന്നിനെതിരെ നാലു ഗോളിന് ഇറാനോട് തോറ്റു. മത്സരത്തിന് മുമ്പ് ഫലസ്തീനില്‍ നഷ്ടപ്പെട്ട ജീവനുകളെയോര്‍ത്ത് ഒരു മിനിറ്റ് മൗനമാചരിച്ചു. പിന്നാലെ ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന ആഹ്വാനത്തില്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. ഫലസ്തീന്‍ ദേശീയ ഗാനത്തിനൊപ്പം ആയിരങ്ങള്‍ പങ്കുചേര്‍ന്നു.
ഗ്രൂപ്പ് ഇ-യില്‍ പി.എസ്.ജി വിംഗര്‍ ലീ കാംഗിന്റെ ഇരട്ട ഗോളില്‍ തെക്കന്‍ കൊറിയ 3-1 ന് ബഹ്‌റൈനെ തോല്‍പിച്ചു. മുന്‍ ചാമ്പ്യന്മാരായ ഇറാഖ് 3-1 ന് ഇന്തോനേഷ്യ തോല്‍പിച്ചു.
കൊറിയക്കെതിരെ ബഹ്‌റൈന്‍ ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍ ഒന്നിനൊന്ന് മനോഹരമായ രണ്ട് ഗോളുകളിലൂടെ ലീ കാംഗ് കടിഞ്ഞാണ്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യത്തേത് അമ്പത്താറാം മിനിറ്റില്‍ 30 വാര അകലെ നിന്നുള്ള ഇടങ്കാലന്‍ ഷോട്ടായിരുന്നു. 12 മിനിറ്റിനു തന്ത്രപരമായ പദചലനങ്ങളോടെ ബോക്‌സില്‍ കയറിയ ശേഷം വലയിലേക്ക് പന്ത് വളച്ചുവിടുകയായിരുന്നു. ആദ്യ പകുതിയില്‍ 1-0 ന് മുന്നിലെത്തിയ ബഹ്‌റൈനെതിരെ അബ്ദുല്ല അല്‍ഹഷാഷിലൂടെ രണ്ടാം പകുതിയില്‍ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇരട്ടപ്രഹരം.