ന്യൂദല്‍ഹി - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മികച്ച വിജയം ഗുജറാത്തിന്റേത്. ഇടങ്കൈയന്‍ സ്പിന്നര്‍ സിദ്ധാര്‍ഥ ദേശായി ഏഴു വിക്കറ്റെടുത്തതോടെ അവര്‍ മുന്‍ ചാമ്പ്യന്മാരായ കര്‍ണാടകയെ ആറ് റണ്‍സിന് തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ഹരിയാന തോല്‍പിച്ചു. ആദ്യ റൗണ്ടില്‍ ദല്‍ഹിയെ അട്ടിമറിച്ച പോണ്ടിച്ചേരി 98 റണ്‍സിന് ബറോഡയോട് തോറ്റു. മുംബൈ രണ്ടാമത്തെ മത്സരവും ജയിച്ചു. ആന്ധ്രയെ 10 വിക്കറ്റിന് തോല്‍പിച്ച് അവര്‍ ബോണസ് പോയന്റും നേടി.
ഉത്തര്‍പ്രദേശിനെതിരായ ബംഗാളിന്റെ വിജയത്തില്‍ മുഹമ്മദ് ഷമിയുടെ അനുജന്‍ മുഹമ്മദ് ഖൈഫാണ് മാന്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ ഏഴു വിക്കറ്റെടുത്ത ഖൈഫ് പുറത്താവാതെ 45 റണ്‍സുമടിച്ചു.
അഹമ്മദാബാദില്‍ 219 ന് രണ്ടാം ഇന്നിഗ്‌സില്‍ ഗുജറാത്ത് പുറത്തായതോടെ കര്‍ണാടകക്ക് ജയിക്കാന്‍ 110 റണ്‍സ് മതിയായിരുന്നു. മായാങ്ക് അഗര്‍വാളും ദേവദത്ത് പടിക്കലും 9.1 ഓവറില്‍ വിക്കറ്റ് പോവാതെ 50 ലെത്തിച്ചു. പിന്നീട് 53 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടപ്പെട്ടു.
ഗുവാഹതി - ഫോളോഓണ്‍ ചെയ്ത ശേഷം അസം പിടിച്ചുനിന്നതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സമനില സമ്മതിക്കേണ്ടി വന്നു. അസമിനെ 248 ന് പുറത്താക്കി കേരളം 171 റണ്‍സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു. ഓപണര്‍ രാഹുല്‍ ഹസാരികയുടെ സെഞ്ചുറിയോടെ (107) അവര്‍ മൂന്നിന് 212 ലെത്തി നില്‍ക്കെ കളി അവസാനിപ്പിച്ചു. കേരളത്തിന് മൂന്നും അസമിന് ഒന്നും പോയന്റ് കിട്ടി. ഗ്രൂപ്പ് ബി-യില്‍ മുംബൈക്കും (14 പോയന്റ്) ഛത്തിസ്ഗഢിനും (10) പിന്നില്‍ യു.പിയും ബംഗാളും കേരളവും (4) മൂന്നാം സ്ഥാനം പങ്കിടുന്നു.
രാവിലെ ഏഴിന് 231 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച അസമിനെ 17 പന്തില്‍ കേരളം ഓളൗട്ടാക്കി. ബെയ്‌സില്‍ തമ്പിയും (5-82) ജലജ് സക്‌സേനയുമാണ് (4-58) അസമിനെ തകര്‍ത്തത്. എന്നാല്‍ ഫോളോഓണ്‍ ചെയ്ത ശേഷം കേരളാ ബൗളിംഗിന് മേല്‍ അസം ആധിപത്യം നേടി.
കേരളത്തിന്റെ അടുത്ത കളി തിരുവനന്തപുരത്ത് മുംബൈക്കെതിരെയാണ്. അസം ദിബ്രുഗഢില്‍ ആന്ധ്രയെ നേരിടും.