മെല്‍ബണ്‍ - വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കറ്റ വന്‍ഡ്രൂസോവയും പ്രസവത്തിനു ശേഷം തിരിച്ചുവന്ന മുന്‍ ലോക ഒന്നാം നമ്പര്‍ നൊവോമി ഒസാക്കയും ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. യു.എസ് ഓപണ്‍ ചാമ്പ്യന്‍ കോക്കൊ ഗഫ്, 19ാം സീഡ് എലീന സ്വിറ്റോലിന, പതിനാറുകാരികളായ മിറ ആന്ദ്രീവ, അലീന കോര്‍ണീവ, ബ്രെന്‍ഡ ഫുര്‍ഹിറ്റോവ എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. ഉന്‍സുമായാണ് മിറ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുക. 2014 ലെ പുരുഷ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്ക, അഞ്ചു തവണ ഫൈനല്‍ കളിച്ച ആന്‍ഡി മറെ, വനിതാ 31ാം സീഡ് മേരി ബൂസ്‌കോവ എന്നിവര്‍ പുറത്തായി.
യോഗ്യതാ റൗണ്ടിലൂടെ വന്ന ഉക്രൈന്‍ താരം ദയാന യെസ്‌ട്രെംസ്‌കയാണ് 6-1, 6-2 ന് ഏഴാം സീഡായ വന്‍ഡ്രൂസോവയെ കെട്ടുകെട്ടിച്ചത്. ആറു മാസം മുമ്പ് മകള്‍ ഷായിയെ പ്രസവിച്ച ഒസാക്ക 4-6, 6-7 (2-7) ന് പതിനാറാം സീഡ് കരൊലൈന്‍ ഗാര്‍സിയക്കു മുന്നില്‍ മുട്ടുമടക്കി. 15 മാസമായി വിട്ടുനില്‍ക്കുകയായിരുന്ന ഒസാക്ക തിരിച്ചുവന്ന ശേഷം മൂന്നാമത്തെ കളിയാണ് ഇത്. ഒസാക്കയെ പോലെ മുന്‍ ചാമ്പ്യന്മാരായ ആഞ്ചലിക് കെര്‍ബര്‍, കരൊലൈന്‍ വോസ്‌നിയാക്കി എന്നിവരും ഇത്തവണ തിരിച്ചുവന്നിട്ടുണ്ട്.
ചെക് റിപ്പബ്ലിക്കുകാരിയായ വന്‍ഡ്രൂസോവ കഴിഞ്ഞയാഴ്ച അഡ്‌ലയ്ഡ് ഓപണ്‍ മുതല്‍ പരിക്കുമായി ബുദ്ധിമുട്ടുകയാണ്. കോര്‍ട്ടില്‍ ആഗ്രഹിച്ചതുപോലെ ചലിക്കാന്‍ സാധിച്ചിരുന്നില്ല. 93ാം റാങ്കുകാരിയാണ് യെസ്‌ട്രെംസ്‌ക. ജൂലൈയില്‍ തുനീഷ്യക്കാരി ഉന്‍സ് ജാബിറിനെ ഫൈനലില്‍ തോല്‍പിച്ചാണ് വന്‍ഡ്രൂസോവ വിംബിള്‍ഡണ്‍ ചാമ്പ്യനായത്.