ആബിദ്ജാന്‍ - മുഹമ്മദ് സലാഹും വിക്ടര്‍ ഒസിംഹനും സ്‌കോര്‍ ചെയ്‌തെങ്കിലും ഈജിപ്തിനും നൈജീരിയക്കും ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ നിരാശപ്പെടുത്തുന്ന തുടക്കം. സലാഹ് അവസാന മിനിറ്റുകളില്‍ നേടിയ പെനാല്‍ട്ടി ഗോളിലാണ് മുന്‍ ചാമ്പ്യന്മാരായ ഈജിപ്ത് 2-2 ന് മൊസാംബിക്കിനെതിരെ രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ ഒസിംഹന്‍ സ്‌കോര്‍ ചെയ്‌തെങ്കിലും നൈജീരിയയെ ഇക്വറ്റോറിയല്‍ ഗ്വിനി 1-1 ന് തളച്ചു. നാലു തവണ ചാമ്പ്യന്മാരായ ഘാനയെ 2-1 ന് കേപ് വെര്‍ദെ തോല്‍പിച്ചു. നാലാം തവണ ആഫ്രിക്കന്‍ കപ്പ് കളിക്കുന്ന കേപ് വെര്‍ദെ ഒരിക്കലും ഉദ്ഘാടന മത്സരം തോറ്റിട്ടില്ല.
പതിമൂന്നാം തവണ ആഫ്രിക്കന്‍ കപ്പ് കളിക്കുന്ന മൊസാംബിക് ആദ്യ വിജയത്തിന് സെക്കന്റുകള്‍ അരികിലെത്തിയിരുന്നു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ വീഡിയൊ റിവ്യൂയിലുടെ കിട്ടിയ പെനാല്‍ട്ടിയാണ് ഈജിപ്തിനെ രക്ഷിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ സലാഹ് ഒരുക്കിയ അവസരം മുഹമ്മദ് ഗോളാക്കിയതോടെ ഈജിപ്ത് പ്രതീക്ഷയോടെ തുടങ്ങിയതായിരുന്നു. എന്നാല്‍ 55, 58 മിനിറ്റുകളിലായി മൊസാംബിക് തിരിച്ചടിച്ചു.
മൂന്നു തവണ ചാമ്പ്യന്മാരായ നൈജീരിയക്കെതിരെ ഗ്വിനി ഗോളി ജീസസ് ഒവോനൊ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഒസിംഹന്‍ ഒരു ഗോളടിച്ചെങ്കിലും നിരവധി അവസരങ്ങള്‍ പാഴാക്കി. തുടക്കം മുതല്‍ നൈജീരിയ ആധിപത്യം പുലര്‍ത്തിയെങ്കിലും മുപ്പത്താറാം മിനിറ്റില്‍ ഗ്വിനി അവരെ ഞെട്ടിച്ചു. എന്നാല്‍ ഒരു മിനിറ്റിനകം നൈജീരിയക്ക് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചു.